ലക്‌നൗ: ആഴ്ചകൾക്കു മുൻപു കോവിഡ് പ്രതിസന്ധിയിൽ വലഞ്ഞിരുന്ന കാഴ്‌ച്ചകളായിരുന്നു ഉത്തർപ്രദേശിൽ നിന്നും പുറത്തുവന്നത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ വേണ്ട വിധത്തിൽ സംസ്‌ക്കരിക്കാൻ പോലും ആളുകൾ ഇല്ലാത്ത അവസ്ഥയായിരുന്നു ഇവിടെ. എന്നാൽ, ഇന്ന് ആ കഥ മാറി കോവിഡ് പ്രതിരോധത്തിൽ ലോകത്തിന് മാതൃകയായി ഉത്തർപ്രദേശ് മാറിയിരിക്കുന്നത്. ഇതിന് തെളിവാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന കോവിഡ് കണക്കുകളുടെ റിപ്പോർട്ടുകൾ.

ഉത്തർപ്രദേശിൽ ശനിയാഴ്ച റിപ്പോർട്ട് ചെയ്തത് 28 കേസും 2 മരണവും മാത്രമായിരുന്നു. ഇതോടെ സംസ്ഥാനത്തെ ആകെ കേസുകൾ 17,08,716 ആയി. ആകെ മരണസംഖ്യ 22,773. റായ്ബറേലിയിലും ഗോണ്ടയിലുമാണ് കഴിഞ്ഞ 24 മണിക്കൂറിൽ ഓരോ മരണം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ സംസ്ഥാനത്തു കോവിഡ് മുക്തി നേടിയവർ 16,85,357 ആണ്. 98.6 ശതമാനമാണു രോഗമുക്തി നിരക്ക്. 586 പേരാണു ചികിത്സയിലുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിൽ 2.54 ലക്ഷത്തിലേറെ സാംപിളുകൾ പരിശോധിച്ചു. 6.72 കോടി സാംപിളുകളാണ് ഇതുവരെ ആകെ പരിശോധിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലുൾപ്പെടെ നടപ്പാക്കേണ്ട മാർഗനിർദേശങ്ങൾ തയാറാക്കാൻ മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശിച്ചു.

നേരത്തെ കോവിഡ് നിയന്ത്രണത്തിൽ ഉത്തർപ്രദേശിനെ അഭിനന്ദിച്ച് ഓസ്ട്രേലിയൻ എംപി ക്രെയ്ഗ് കെല്ലിയും രംഗത്തുവന്നിരുന്നു. രാജ്യത്തെ കോവിഡ് മഹാമാരിയെ പിടിച്ചുകെട്ടാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വായ്പയായി നൽകുമെ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. കോവിഡ് നിയന്ത്രണത്തിന് ഐവർമെക്ടിൻ മരുന്ന് യുപി ഫലപ്രദമായി ഉപയോഗിച്ചെന്നും മരുന്ന് ഓസ്ട്രേലിയക്ക് നൽകുമോ എന്നും കെല്ലി ട്വീറ്റ് ചെയ്തു.

കോവിഡ് രണ്ടാം തരംഗം ഇന്ത്യയിൽ ആഞ്ഞടിച്ചപ്പോഴും ജനസംഖ്യയിൽ 17 ശതമാനമുള്ള സംസ്ഥാനത്ത് ഒരു ശതമാനം മാത്രമാണ് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. നേരത്തെ ലോകാരോഗ്യ സംഘടയും ഉത്തർപ്രദേശ് സർക്കാറിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. കോവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ചപ്പോൾ രോഗവ്യാപനം കുറക്കാനും മരണനിരക്ക് കുറക്കാനും ഐവർമെക്ടിൻ മരുന്ന് ഉപയോഗിച്ച ആദ്യ സംസ്ഥാനമാണ് ഉത്തർപ്രദേശെന്ന് സർക്കാർ അവകാശപ്പെട്ടിരുന്നു. കോവിഡ് രോഗികളുമായി കോൺടാക്ടുള്ളവർക്കാണ് ഐവർമെക്ടിൻ മരുന്ന് വിതരണം ചെയ്തത്.

രാജ്യത്ത് അഞ്ചു കോടി ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്യുന്ന ആദ്യ സംസ്ഥാനമായി മാറിയതും ഉത്തർപ്രദേശ് ആയിരുന്നു. ഒപ്പം ഒരു ദിവസം ഏറ്റവും കൂടുതൽ പ്രതിരോധ കുത്തിവെപ്പ് നൽകുന്ന മധ്യപ്രദേശിന്റെ റെക്കോർഡും മറികടന്നു. പ്രത്യേക കാമ്പയിനിന്റെ ഭാഗമായി 25 ലക്ഷത്തോളം വാക്സിൻ ഡോസാണ് ഒരു ദിവസം മറികടന്നത്. അതേ സമയം ജനസംഖ്യാ അടിസ്ഥാനത്തിൽ കുത്തിവെപ്പെടുക്കുന്നവരുടെ എണ്ണത്തിൽ യുപി രണ്ടാമതാണ്. ഒരു ലക്ഷം പേരിൽ 22000 പേർ എന്ന നിരക്കിലാണ് യുപിയിലെ കോവിഡ് വാക്സിനേഷൻ. ജനസംഖ്യാടിസ്ഥാനത്തിലുള്ള വാക്സിനേഷനിൽ ബിഹാറാണ് രാജ്യത്ത് ഏറ്റവും പിന്നിൽ.