ലഖ്‌നോ: കേരളത്തിൽ ഉയർന്ന ലൗ ജിഹാദ് ആരോപണങ്ങളുടെ വിളവെടുപ്പാണ് ഉത്തർപ്രദേശിൽ നടക്കുന്നത്. നിരവധി യുവാക്കളാണ് ലൗ ജിഹാദ് ആരോപണത്തിൽ കുടുങ്ങി ജയിലിൽ കഴിയേണ്ട അവസ്ഥയിലായത്. പൂർണമായും ഹിന്ദു ആചാരങ്ങൾ പാലിച്ച് വിവാഹിതനായിട്ടും ഒരു മുസ്ലിം യുവാവ് ജയിലിൽ അടക്കപ്പെട്ടു. ഏറെയായി ഇഷ്ടത്തിലുള്ള സുഹൃത്തുക്കളുടെ വിവാഹമാണ് ചില ഇടപെടലുകൾക്കൊടുവിൽ വഞ്ചനയും നിർബന്ധിത മതപരിവർത്തനവും ചുമത്തി യുവാവിനെ ജയിലിലടക്കുന്നതിൽ കലാശിച്ചത്.

സിവിൽ സർവിസിന് പഠിക്കുന്നതിനൊപ്പം അദ്ധ്യാപികയായി സേവനം അനുഷ്ഠിക്കുന്ന പ്രിയ വർമ (29)യും സിവിൽ സർവിസ് സഹപാഠിയായ തൗഫീഖും തമ്മിൽ രണ്ടു വർഷമായി പ്രണയത്തിലായിരുന്നു. ഇരുവരും ഏറെയായി സിവിൽ സർവിസ് മോഹങ്ങൾ പങ്കുവെക്കുന്നവരാണ്. നിർബന്ധിത മതപരിവർത്തനം തടയാൻ എന്ന പേരിലുള്ള പുതിയ നിയമം വില്ലനാകുമെന്നറിഞ്ഞതോടെ തൗഫീഖ് ഹിന്ദു ആചാരങ്ങൾ പാലിച്ച് വിവാഹത്തിന് സമ്മതിച്ചു. അതോടെ തൗഫീഖിനെ രാഹുൽ വർമയെന്ന പേരിലാണ് പ്രിയ കുടുംബത്തിന് പരിചയപ്പെടുത്തിയത്. മുസ്‌ലിമാണെങ്കിൽ കുടുംബം സമ്മതിക്കില്ലെന്ന ഉറപ്പ് വന്നതോടെയായിരുന്നു നീക്കം.

കുടുംബത്തിന്റെ സമ്മതത്തോടെ ഇരുവരും വിവാഹിതരായതിനു പിന്നാലെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രങ്ങളാണ് തൗഫീഖിനെ കുടുക്കിയത്. കനൗജ് സ്വദേശിയായ പ്രിയയുടെ കുടുംബം വിവാഹം കഴിഞ്ഞ് രണ്ടാം നാൾ തന്നെ തൗഫീഖിനെ മുസ്‌ലിമാണെന്ന് തിരിച്ചറിഞ്ഞു. തൗഫീഖിന്റെ നാട്ടുകാരനായ പ്രാദേശിക ബിജെപി നേതാവ് വിഷയം ഏറ്റെടുത്തതോടെ 'ലൗ ജിഹാദ്' ആയി വിവാഹം മാറി. പ്രിയയുടെ പിതാവ് സർവേശ് ശുക്ലയെ കണ്ട ബിജെപി നേതാവ് ഉടൻ കേസ് നൽകാൻ ആവശ്യപ്പെട്ടു.

വൈകാതെ തൗഫീഖിനെ കസ്റ്റഡിയിലെടുത്ത് ജയിലിലേക്ക് മാറ്റി. യോഗി സർക്കാർ പാസാക്കിയ ഉത്തർ പ്രദേശ് നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമം 2020 പ്രകാരമായിരുന്നു നപടി. തന്നെ ഒരിക്കലും തൗഫീഖ് മതപരിവർത്തനത്തിന് പ്രേരിപ്പിച്ചില്ലെന്നു മാത്രമല്ല, ആവശ്യമെങ്കിൽ ഹിന്ദു ആചാരങ്ങൾ പാലിക്കാമെന്നും തൗഫീഖ് പറഞ്ഞിരുന്നതായി പ്രിയ പറയുന്നു. മാത്രവുമല്ല, തൗഫീഖിനെതിരെ ഫയൽ ചെയ്ത കേസിൽ മതപരിവർത്തന ആരോപണം പോലും ഇല്ലെന്നതും ശ്രദ്ധേയമാണ്.