ലക്‌നൗ: സംസ്ഥാനത്തെ പുതിയ മെഡിക്കൽ കോളേജുകൾക്കും ജില്ലാ ആശുപത്രികൾക്കും ഇതിഹാസ പുരുഷന്മാരുടേയും സ്വാതന്ത്ര സമര സേനാനികളുടേയും പേരുകൾ നൽകി ഉത്തർപ്രദേശ് സർക്കാർ. മെഡിക്കൽ കോളേജുകളാക്കി മാറ്റിയ നാല് ജില്ലാ ആശുപത്രികൾക്ക് പേര് നൽകിക്കൊണ്ടാണ് സർക്കാർ ഈ ഉത്തരവിറക്കിയത്. ബിജ്‌നോർ, ഫത്തേപൂർ, ചന്ദൗലി, സിദ്ധാർത്ഥ് നഗർ എന്നിവിടങ്ങളിലാണ് ഈ ജില്ലാ ആശുപത്രികൾ സ്ഥിതി ചെയ്യുന്നത്.

1857 -ലെ സ്വാതന്ത്ര്യസമര സേനാനിയുടെ ഓർമയ്ക്ക് ഫത്തേപൂർ ആശുപത്രി അമർ ഷഹീദ് ജോധാ സിങ് അതയ്യ ഠാക്കൂർ ദരിയാവ് സിങ് മെഡിക്കൽ കോളേജ് എന്ന് പേര് നൽകും. മറ്റ് കോളേജുകളുടെ പേരുകളും മാറ്റുമെന്നാണ് റിപ്പോർട്ടുകൾ.

മഹാഭാരത കാലഘട്ടത്തിലെ പാണ്ഡവരുടെയും കൗരവരുടെയും അമ്മാവനായ വിദുരരുടെ പേരിലാണ് ബിജ്‌നോർ മെഡിക്കൽ കോളേജ്. അഗോരി വിഭാഗത്തിന്റെ സ്ഥാപകനെന്ന് പറയപ്പെടുന്ന ബാബാ കീനറാമിന്റെ പേരാണ് ചന്ദൗലി മെഡിക്കൽ കോളേജിന് നൽകിയിരിക്കുന്നത്.

കൂടാതെ, സിദ്ധാർത്ഥ് നഗർ ജില്ലാ ആശുപത്രിയെ മാധവ് പ്രസാദ് ത്രിപാഠി മെഡിക്കൽ കോളേജ് എന്ന് വിളിക്കും. ത്രിപാഠി ആദ്യ ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ കൂടിയായിരുന്നു. 1977 -ൽ ദൊമരിയഗഞ്ചിൽ നിന്ന് എംപിയായി തെരഞ്ഞെടുക്കപ്പെട്ടു. കൂടാതെ രണ്ട് തവണ ജൻ സംഘ് എംഎൽഎയും, യുപി ലെജിസ്ലേറ്റീവ് കൗൺസിൽ അംഗവുമായി.

ഡിയോറിയയിലെ മെഡിക്കൽ കോളജിന് ദേവരാഹ ബാബയുടെയും ഗസ്സിപൂരിലെ മെഡിക്കൽ കോളേജിന് വിശ്വാമിത്രന്റെ പേരും നല്കുന്നതായിരിക്കും എന്നും പറയുന്നു. മിർസാപൂരിലെ മെഡിക്കൽ കോളേജ് വിന്ധ്യവാസിനിയുടെ പേരിലും പ്രതാപ്ഗഡിലെ മെഡിക്കൽ കോളേജ് ഡോ. സോണലാൽ പട്ടേലിന്റെ പേരിലും ഇറ്റയിലെ മെഡിക്കൽ കോളേജ് അവന്തിബായ് ലോധിയുടെ പേരിലും അറിയപ്പെടും.