ലക്‌നൗ: കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ സമൂഹമാധ്യമത്തിൽ അപകീർത്തികരമായ പരാമർശം നടത്തിയ യുപിയിൽ കോളജ് അദ്ധ്യാപകനെ ജയിലിലടച്ചു. യുപിയിലെ ഫിറോസാബാദിലെ കോടതിയിൽ അദ്ധ്യാപകനായ ഷഹര്യാർ അലി കീഴടങ്ങിയതിനു പിന്നാലെയാണു നടപടി. ഈ മാസം ആദ്യം ഷഹര്യാർ അലിയുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു.

ചൊവ്വാഴ്ച അഡിഷനൽ സെഷൻസ് ജഡ്ജി അനുരാഗ് കുമാറിന് മുൻപാകെ ഷഹര്യാർ അലി എന്നയാൾ ഹാജരായി ഇടക്കാല ജാമ്യത്തിന് അപേക്ഷ നൽകി. ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് അദ്ധ്യാപകനെ ജയിലിലേക്ക് അയച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

എസ്ആർകെ കോളജിലെ ചരിത്ര വിഭാഗം മേധാവിയാണ് ഷഹര്യാർ അലി. കേന്ദ്രമന്ത്രിക്കെതിരെ പോസ്റ്റിട്ടതിനു പിന്നാലെ ഫിറോസാബാദ് പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിരുന്നു. തുടർന്ന് ഇയാളെ കോളജിൽനിന്ന് സസ്‌പെൻഡ് ചെയ്തു.

മേയിൽ അഹലബാദ് ഹൈക്കോടതിയിലും പ്രഫസർ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും തള്ളുകയായിരുന്നു. പ്രഫസറുടെ സമൂഹമാധ്യമ അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്നതിനു രേഖകളില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.