വാഷിങ്ടൺ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റയ്‌സിയുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കുള്ള സാദ്ധ്യതകൾ തള്ളി യു.എസ്. ഇറാനിൽ പുതിയ പ്രസിഡന്റായി ഇബ്രാഹിം റയ്‌സി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും രാജ്യത്തിന്റെ നയങ്ങളിൽ മാറ്റമൊന്നും വന്നിട്ടില്ലെന്നും എല്ലാ അധികാരങ്ങളും ഇപ്പോഴും ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയിൽ നിക്ഷിപ്തമാണെന്നും വൈറ്റ് ഹൈസ് പ്രസ് സെക്രട്ടറി ജെൻ സാകി പ്രസ്താവിച്ചു.

നിലവിൽ ഇറാനുമായി യു.എസിന് നയതന്ത്ര ബന്ധങ്ങളൊന്നുമില്ലെന്നും,ഇറാനിലെ നേതാക്കളുമായി നേർക്കുനേർ ചർച്ചയ്ക്ക് യു.എസിന് പദ്ധതികളൊന്നുമില്ലെന്നും സാകി കൂട്ടിച്ചേർത്തു. വാഷിങ്ൺ ഉപരോധം പിൻവലിച്ച് ആണവക്കരാറിലേക്ക് മടങ്ങണമെന്ന് റയ്‌സി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇറാന്റെ നേതൃത്വത്തിൽ ആറ് വൻ ശക്തികളുമായുണ്ടാക്കിയ ആണവ കരാർ പുനരുജ്ജീവിപ്പിക്കാൻ താത്പര്യമുണ്ടെന്ന് റയ്‌സി കൂട്ടിച്ചേർത്തു.

ഏത് ചർച്ചകളിലും ഇറാനിലെ ജനങ്ങളുടെ താത്പര്യങ്ങൾക്കായിരിക്കും താൻ മുൻഗണന നല്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതേ സമയം യു.എസ് ഉപരോധം പിൻവലിക്കുകയും 2015ലെ ആണവ കരാറിലേക്ക് വാഷിങ്ടൺ മടങ്ങുകയും ചെയ്താലും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തുകയില്ലെന്ന് അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കിയിരുന്നു