മാര്‍ട്ടിന്‍ വിലങ്ങോലില്‍

ഡാളസ്: മലയാള സാഹിത്യത്തിലും സംഘടനാ പ്രവര്‍ത്തനങ്ങളിലും ബഹുമുഖ വ്യക്തിമുദ്ര പതിപ്പിച്ച എബ്രഹാം തെക്കേമുറിയുടെ നിര്യാണത്തില്‍ കേരള ലിറ്ററി സൊസൈറ്റി ഡാളസ്, (കെഎല്‍എസ്) ഭരണസമിതി, ആഗസ്റ്റ് 17 നു ഗാര്‍ലന്‍ഡ് പബ്ലിക് ലൈബ്രറി ഹാളില്‍ കൂടിയ യോഗത്തില്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

തെക്കേമുറിയുടെ അകാലവിയോഗത്തില്‍ ദുഃഖമറിയിച്ചുകൊണ്ടുള്ള അനുശോചന കുറിപ്പ് പ്രസിഡന്റ് ഷാജു ജോണ്‍ സമ്മേളനത്തില്‍ വായിച്ചു.

മനോഹരങ്ങളായ നിരവധി കവിതകളും എബ്രഹാം തെക്കേമുറി രചിച്ചിട്ടുണ്ട്.ഗ്രീന്‍കാര്‍ഡ്, പറുദീസയിലെ യാത്രക്കാര്‍, ശൂന്യമാകുന്ന മ്ലേച്ഛത, സ്വര്‍ണ്ണക്കുരിശ് എന്നീ നോവലുകള്‍ ശ്രദ്ധേയമായി. സാഹിത്യ, രാഷ്ട്രീയ, സാമൂഹ്യ വിഷയങ്ങളില്‍ തന്റേതായ അഭിപ്രായം ശക്തമായി രേഖപ്പെടുത്തിക്കൊണ്ട് നിരവധി ലേഖനങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കെഎല്‍എസ്സിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായ തെക്കേമുറി ദേശീയ സാഹിത്യ സംഘടനയായ ലാനയുടെയും പ്രസിഡന്റ് , സെക്രട്ടറി, വിവിധ ലാന കണ്‍വന്‍ഷനുകളുടെ ചെയര്‍മാന്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളിലും സജീവസാന്നിധ്യം ആയിരുന്നു.

കേരള സാഹിത്യ അക്കാദമിയുടെ പ്രവാസ സാഹിത്യ പരിപോഷണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പ്രത്യേക അവാര്‍ഡ്, ഫൊക്കാന, ലാന, തുടങ്ങി നിരവധി പ്രസ്ഥാനങ്ങളുടെ അംഗീകാരങ്ങളും അദ്ദേഹത്തിനെ തേടിയെത്തി.

സ്‌നേഹസമ്പൂര്‍ണ്ണവും, ദു:ഖ സമ്മിശ്രവുമായ ചര്‍ച്ചയില്‍ സെക്രട്ടറി ഹരിദാസ് തങ്കപ്പന്‍ , ട്രഷറര്‍ സി വി ജോര്‍ജ് എന്നിവരെ കൂടാതെ ശ്രീമതി മീനു എലിസബത്ത്, ഷാജി മാത്യു, സന്തോഷ് പിള്ള , അനശ്വര്‍ മാമ്പള്ളി, സാമുവല്‍ യോഹന്നാന്‍, പി പി ചെറിയാന്‍, പി സി മാത്യു, സിജു വി ജോര്‍ജ്, ഉമേഷ് നരേന്ദ്രന്‍, കെ എസ് എന്‍ നമ്പൂതിരി തുടങ്ങിയവരും പങ്കെടുത്തു സംസാരിച്ചു.

ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെയും (LANA), കേരള ലിറ്ററി സൊസൈറ്റി ഡാളസ്(KLS) ന്റെയും സംയുക്ത നേതൃത്വത്തില്‍ 2024 ഓഗസ്റ്റ് 23 വെള്ളിയാഴ്ച വൈകിട്ട് 8 എട്ടുമണിക്ക് (CST) സൂം വഴി കൂടുന്ന പ്രത്യേക അനുസ്മരണ സമ്മേളനത്തിലേക്ക് ലോകമെമ്പാടുമുള്ള സുഹൃത്തുക്കളെ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി KLS സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഹരിദാസ് തങ്കപ്പന്‍ (സെക്രട്ടറി, KLS) 214 763 3079.
സാമൂവല്‍ യോഹന്നാന്‍ (സെക്രട്ടറി, LANA) 214 435 0124.