ഫിലഡല്‍ഫിയ: അമേരിക്കന്‍ മലയാളികളുടെ അഭിമാന പ്രസ്ഥാനമായ ഫോമായുടെ എട്ടാമത് ഫോമ അന്താരാഷ്ട്ര കണ്‍വെന്‍ഷന്റെ കൊടിയിറങ്ങിയപ്പോള്‍, ജന പങ്കാളിത്തം കൊണ്ടും പ്രവര്‍ത്തന മേന്മകൊണ്ടും മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഫിലഡല്‍ഫിയാ (മാപ്പ്) എന്ന സംഘടനയുടെ ശക്തി തെളിയിച്ചുകൊണ്ട് മാപ്പ് പുതു ചരിത്രം രചിച്ചു.

2022 കാന്‍കൂണിലെ മൂണ്‍ പാലസില്‍ വച്ച് നടന്ന ഫോമയുടെ ഏഴാമത് കണ്‍വന്‍ഷനില്‍ വച്ച് ഫോമയുടെ അംഗ സംഘടനകളിലെ ഏറ്റവും മികച്ച സംഘടനയായി അന്ന് തിരഞ്ഞെടുക്കപ്പെട്ടത് മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഫിലഡല്‍ഫിയാ (മാപ്പ്) എന്ന ഈ സംഘടനയായിരുന്നു. കോവിഡ് എന്ന മഹാമാരി നമ്മുടെ പ്രിയപ്പെട്ടവരുടെ ജീവനുകള്‍ കൂട്ടത്തോട് അപഹരിച്ചു സംഹാര താണ്ഡമാടികൊണ്ടിരുന്ന ആ കാലയളവില്‍, സ്വജീവന്‍ പോലും പണയപ്പെടുത്തി, സൗജന്യ കോവിഡ് വാക്സിനേഷനും, മാസ്‌ക്കുകള്‍ , സാനിറ്റൈസര്‍, ഗ്ലൗസ്, ആഹാര പദാര്‍ത്ഥങ്ങള്‍, തുടങ്ങിയവ ഭാഷാ വ്യത്യാസമില്ലാതെ ഫിലഡല്‍ഫിയ നിവാസികള്‍ക്കും, ഹോസ്പിറ്റലുകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും വിതരണം ചെയ്ത് പൊതുസമൂഹത്തിനു കൈത്താങ്ങായി മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചതിനുള്ള അംഗീകാരമായിരുന്നു അത്.

അക്കാലയളവില്‍ മാപ്പിന്റെ അമരത്ത് പ്രസിഡന്റ് പദവിയില്‍ ശക്തമായ പ്രവര്‍ത്തനം കാഴ്ചവച്ചത് ഫിലഡല്‍ഫിയ മലയാളികളുടെ അഭിമാനവും, യുവത്വത്തിന്റെ പ്രതീകവുമായ ഷാലു പുന്നൂസും, സെക്രട്ടറിയായി ശോഭിച്ചത്, പ്രവര്‍ത്തന മേഖലയില്‍ തന്റെ പ്രാവീണ്യം നിരവധിത്തവണ തെളിയിച്ചിട്ടുള്ള ഫിലഡല്‍ഫിയയിലെ അനുഗ്രഹീത ഗായകനും, ഐറ്റി പ്രഭഷണലും, ശക്തനുമായ ബിനു ജോസഫും ആയിരുന്നു. ആ മഹത്തായ രണ്ടുവര്‍ഷക്കാലം മാപ്പിന്റെ ചരിത്രത്തിലെ പ്രധാന ഏടുകളില്‍ സ്ഥാനം പിടിച്ചു.

വീണ്ടും ഇതാ.. ഫോമായുടെ എട്ടാമത് കണ്‍വന്‍ഷന്‍ പുന്റക്കാനയില്‍ അരങ്ങേറിയപ്പോള്‍ ആരും പ്രതീക്ഷിക്കാതെ നിരവധി സ്ഥാനമാനങ്ങളും, അവസരങ്ങളും, അസുലഭ മുഹൂര്‍ത്തങ്ങളും മാപ്പിനെ തേടിയെത്തി. ആര്‍ക്കും അവകാശപ്പെടാന്‍ കഴിയാത്ത ആ അസുലഭ നേട്ടങ്ങളുടെ പട്ടിക ഇതാ..

2024 ഫോമാ ഇലക്ഷനില്‍, ഫോമായുടെ ചരിത്രത്തില്‍ ഏറ്റവും പ്രായ കുറഞ്ഞ ഊര്‍ജ്ജസ്വലനായ വൈസ്പ്രസിഡന്റായി മാപ്പില്‍ നിന്നും, അമേരിക്കന്‍ മലയാളികളുടെ പ്രിയങ്കരനായ ഷാലു പുന്നൂസ് വന്‍ ഭൂരിപക്ഷത്തില്‍ വിജയപഥത്തിലെത്തി. അധികാര കൈമാറ്റ വേളയില്‍ ആയിരങ്ങളെ സാക്ഷി നിര്‍ത്തി ഷാലുവിന് സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തതോ.. ഫോമയുടെ ജുഡീഷ്യല്‍ കൗണ്‍സില്‍ സെക്രട്ടറി.. മാപ്പിന്റെ സ്വന്തം ബിനു ജോസഫ്. ഒരേ സംഘടനയില്‍ നേട്ടങ്ങളുടെ ഒരേ കാലയളവില്‍ പ്രസിഡന്റായും സെക്രട്ടറിയായും മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച് അംഗീകാരം നേടിയ ഇവര്‍ വീണ്ടും സത്യപ്രതിജ്ഞ ചടങ്ങില്‍, വിജയിച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുക്കുവാനായി ഒന്നിച്ചപ്പോള്‍ അതൊരു ചരിത്ര നിയോഗമായി മാറി. മാപ്പിനെ സംബന്ധിച്ചിടാത്തൊളം ആ സുവര്‍ണ്ണ നിമിഷം മാപ്പിന്റെ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായി മാറി എന്ന് നിസ്സംശയം പറയാം.

മാപ്പിന് ലഭിച്ച നേട്ടങ്ങളുടെയും, വന്നുചേര്‍ന്ന സൗഭാഗ്യങ്ങളുടെയും, സ്ഥാനമാനങ്ങളുടെയും ലിസ്റ്റ് ഇനിയുമേറെയുണ്ട്.

അമേരിക്കന്‍ മലയാളികള്‍ ഉറ്റുനോക്കിയ ഫോമായുടെ വീറും വാശിയുമേറിയ ഇലക്ഷന്‍ സുഗമവും, നീതിയുക്തവും, സമാധാനപരവുമായി നടപ്പാക്കിയതിന് പ്രത്യേക അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നത് ഫോമാ ഇലക്ഷന്‍ കമ്മീഷന്‍ അംഗങ്ങളാണ്. അതിലും ഉണ്ടായിരുന്നു മാപ്പില്‍ നിന്നും ഒരാള്‍. മാപ്പിന്റെ മുന്‍ പ്രസിഡന്റ് പ്രിയങ്കരനായ അനു സ്‌കറിയ. അനുവിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ ശ്രദ്ധേയമായിരുന്നു.

വിവിധ രാജ്യങ്ങളില്‍ നിന്നും ദീര്‍ഘനേരം യാത്ര ചെയ്തു കണ്‍വന്‍ഷന്‍ നഗറിലെത്തിയ ആളുകള്‍ക്ക് ഫോമാ രജിസ്ട്രേഷന്‍ നടപടിക്രമങ്ങള്‍ സുഗമമാക്കുവാനുള്ള ടീമിലും ഉണ്ടായിരുന്നു ഒരു മാപ്പ് അംഗം . മാപ്പ് സ്‌പോര്‍ട്ട്‌സ് കോര്‍ഡിനേറ്ററായ ലിജോ ജോര്‍ജ്ജ്.

വര്‍ണ്ണത്താളില്‍ അതിമനോഹരമായി പ്രിന്റ് ചെയ്തു പുറത്തിറങ്ങിയ ഫോമാ സുവനീര്‍ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ആ സുവനീര്‍ കമ്മറ്റിയിലും മാപ്പില്‍ നിന്നും ഒരാള്‍ ഇടംപിടിച്ചിരുന്നു. മാപ്പിന്റെ പി ആര്‍ ഓ ആയ സജു വര്‍ഗീസ്. സുവനീയറില്‍ ഏറ്റവും കൂടുതല്‍ പരസ്യം പിടിച്ചതും സജുവാണ് എന്ന് ഫോമാ പ്രസിഡന്റ് ജേക്കബ് തോമസ് പറഞ്ഞത് മികച്ച അംഗീകാരമായി കരുതുന്നു.

കണ്‍വന്‍ഷന്റെ തുടക്കം മുതല്‍ ഒടുക്കം വരെയും അവിടെയെത്തിയ വി ഐ പി കള്‍ക്കുവേണ്ടതായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കുന്നതിനായി തിരഞ്ഞെടുത്ത വി ഐ പി ടീമില്‍ കോര്‍ഡിനേറ്ററായി മാപ്പില്‍ നിന്നുമുള്ള സജു വര്‍ഗീസിനെയും, ടീമില്‍ റോയ് വര്‍ഗീസിനെയും നിയോഗിച്ചത് മാപ്പിന് ലഭിച്ച മികച്ച നേട്ടങ്ങളായി വിലയിരുത്തുന്നു. പ്രമുഖ വ്യക്തികളെ സ്റ്റേജിലേക്ക് ആനയിക്കുന്നതിലും സജുവും റോയിയും പങ്കാളികള്‍ ആയിരുന്നു.

ഒട്ടും പ്രതീക്ഷിക്കാതെ ഒന്നൊന്നായി ലഭിച്ച ഈ സൗഭാഗ്യങ്ങളും, നേട്ടങ്ങളും സ്ഥാനമാനങ്ങളും, അസുലഭ മുഹൂര്‍ത്തങ്ങളും മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഫിലഡല്‍ഫിയായെ സംബന്ധിച്ചിടത്തോളം ചരിത്ര താളുകളില്‍ ഇടംപിടിക്കുന്ന അസുലഭ നിമിഷങ്ങളായിരുന്നു. ഈ ചരിത്ര മുഹൂര്‍ത്തങ്ങള്‍ മാപ്പിന് സമ്മാനിച്ച ഫോമാ നേതാക്കള്‍ക്കും ഭാരവാഹികള്‍ക്കും ഫോമായിലെ എല്ലാ നല്ലവരായ അംഗങ്ങള്‍ക്കും മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഫിലഡല്‍ഫിയയാ (മാപ്പ്) കുടുംബത്തിന്റെ നന്ദിയും സ്‌നേഹവും കടപ്പാടും ഇത്തരുണത്തില്‍ രേഖപ്പെടുത്തുന്നതായി പ്രസിഡന്റ് ശ്രീജിത്ത് കോമത്ത്, ബെന്‍സണ്‍ വര്‍ഗീസ് പണിക്കര്‍ (ജനറല്‍ സെക്രട്ടറി), ജോസഫ് കുരുവിള (സാജന്‍) (ട്രഷറാര്‍) എന്നിവരും ഭരണ സമിതി-കമ്മറ്റി അംഗങ്ങളും അറിയിച്ചു.

വാര്‍ത്ത: സജു വര്‍ഗ്ഗീസ്, മാപ്പ് പി.ആര്‍ ഒ