ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ ഫൊറോനായുടെ ആഭിമുഖ്യത്തില്‍ നടന്ന അഞ്ചാമത് ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റിവലിന് (IPSF 2024) വിജയകരമായ സമാപനം.

IPSF 2024 ന് തിരശീല വീണപ്പോള്‍ കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ഓവറോള്‍ ചാമ്പ്യരായി. ആതിഥേയരായ ഹൂസ്റ്റണ്‍ സെന്റ് ജോസഫ് ഫൊറോനായാണ് റണ്ണേഴ്സ് അപ്പ്.

ഡിവിഷന്‍ - ബി യില്‍ മക്കാലന്‍ ഡിവൈന്‍ മേഴ്സി, സാന്‍.അന്റോണിയോ സെന്റ് തോമസ് എന്നീ പാരീഷുകള്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളും നേടി.

ചിക്കാഗോ സീറോ മലബാര്‍ രൂപതയിലെ ടെക്‌സാസ്-ഒക്ലഹോമ റീജണിലെ എട്ടു ഇടവകകള്‍ ചേര്‍ന്ന് നടത്തിയ മെഗാ സ്‌പോര്‍ട്‌സ് ഫെസ്റ്റില്‍ 2000 കായികതാരങ്ങളും അയ്യായിരത്തില്‍ പരം ഇടവകാംഗങ്ങളും പങ്കുചേര്‍ന്നു . നാല് ദിവസം നീണ്ട കായിക മേളക്കു ഹൂസ്റ്റണിലെ ഫോര്‍ട്ട് ബെന്റ് എപ്പിസെന്റര്‍ മുഖ്യ വേദിയായി. റീജണിലെ സഭാ വിശ്വാസികളുടെ സംഗമത്തിനും, പ്രത്യേകിച്ചു യുവജനങ്ങളുടെ കൂട്ടായ്മക്കുമാണ് സ്‌പോര്‍ട്‌സ്
ഫെസ്റ്റിവല്‍ സാക്ഷ്യമേകിയത്.

ആവേശം വാനോളമുയര്‍ത്തിയ കാലാശപോരാട്ടങ്ങള്‍ക്കൊടുവില്‍ ചിക്കാഗോ രൂപതയിലെ ഏറ്റവും വലിയ ഇടവകകളില്‍ ഒന്നായ കൊപ്പേല്‍ സെന്റ്. അല്‍ഫോന്‍സാ പാരീഷ് 290 പോയിന്റ് നേടിയാണ് ഓവറോള്‍ ചാമ്പ്യരായത്. മുന്‍ ചാമ്പ്യനായ ഹൂസ്റ്റണ്‍ സെന്റ് ജോസഫ് ഫൊറോനാ 265 പോയിന്റ് നേടി തൊട്ടു പിന്നിലെത്തി.

ഓഗസ്റ്റ് 1 മുതല്‍ 4 തീയതികളിലായിരുന്നു മേള. രൂപതാധ്യക്ഷന്‍ മാര്‍ ജോയ് ആലപ്പാട്ട്, ബിഷപ്പ് എമിരറ്റസ് മാര്‍ ജേക്കബ് അങ്ങാടിയത്ത് എന്നിവര്‍ ഉദ്ഘാടനവും ജേതാക്കള്‍ക്കുള്ള ട്രോഫി വിതരണവും നിര്‍വഹിച്ചു.

ഫോര്‍ട്ട്‌ബെന്‍ഡ് കൗണ്ടി ജഡ്ജ് കെ പി ജോര്‍ജ്, മിസ്സൂറി സിറ്റി മേയര്‍ ?റോബിന്‍ ഏലക്കാട്ട്, സ്റ്റാഫോര്‍ഡ് സിറ്റി മേയര്‍ കെന്‍ മാത്യൂസ് എന്നിവരും ഫെസ്റ്റിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുത്തു ആശംസകള്‍ അര്‍പ്പിച്ചു.

രൂപതാ പ്രൊക്യൂറേറ്റര്‍ റവ. ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍, രൂപതാ യൂത്ത് അപ്പോസ്റ്റലേറ്റ് ഫാ. മെല്‍വിന്‍ പോള്‍ മംഗലത്ത്, ഹൂസ്റ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ ഫൊറോനാ വികാരിയും IPSF ചെയര്‍മാനുമായ ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശ്ശേരി, ഹൂസ്റ്റണ്‍ ഫൊറോനാ അസി. വികാരി ഫാ.ജോര്‍ജ് പാറയില്‍, ഫാ. ജെയിംസ് നിരപ്പേല്‍, ഫാ. മാത്യൂസ് മുഞ്ഞനാട്ട്, ഫാ ജിമ്മി എടക്കളത്തൂര്‍, ഫാ ആന്റോ ആലപ്പാട്ട്, ഫാ ആന്റണി പിട്ടാപ്പിള്ളില്‍ , ഫാ. വര്‍ഗീസ് കുന്നത്ത്, ഫാ. ജോര്‍ജ് സി ജോര്‍ജ് , ഫാ. ജിമ്മി ജെയിംസ്, IPSF ചീഫ് കോര്‍ഡിനേറ്റേഴ്സ് സിജോ ജോസ് (ട്രസ്റ്റി), ടോം കുന്തറ, സെന്റ് ജോസഫ് ഹൂസ്റ്റണ്‍ ഫൊറോനാ ട്രസ്റ്റിമാരായ പ്രിന്‍സ് ജേക്കബ് , വര്‍ഗീസ് കല്ലുവെട്ടാംകുഴി, ജോജോ തുണ്ടിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

മുഖ്യ സ്‌പോണ്‍സര്‍ ജിബി പാറക്കല്‍, ഗ്രാന്റ് സ്‌പോണ്‍സര്‍ അലക്‌സ് കുടക്കച്ചിറ, പ്ലാറ്റിനം സ്‌പോണ്‍സര്‍ അനീഷ് സൈമണ്‍ തുടങ്ങിയവര്‍ ബിഷപ്പിനോടൊപ്പം ട്രോഫികള്‍ വിതരണം ചെയ്തു.

ആത്മീയ അന്തരീഷം മുന്‍നിര്‍ത്തി മുന്നേറിയ കായികമേളയെ മാര്‍. ജോയ് ആലപ്പാട്ട് പ്രത്യേകം പ്രകീര്‍ത്തിച്ചു. കലാ കായിക മേളകളിലൂടെയും ആത്മീയതയിലേക്ക് യുവജനങ്ങളെ നയിക്കുക എന്നീ മുഖ്യ ലക്ഷ്യത്തോടെയാണ് രൂപതയില്‍ ടെക്സാസ് ഒക്ലഹോമ റീജണില്‍ സ്‌പോര്‍ട്‌സ് - ടാലന്റ് ഫെസ്റ്റുകള്‍ ആരംഭിച്ചത്. 'A SOUND MIND IN ASOUND BODY' എന്നതായിരുന്നു സ്‌പോര്‍ട്‌സ് ഫെസ്റ്റിന്റെ ആപ്തവാക്യം. ദിവസേന രാവിലെ വി. കുര്‍ബാനക്കും പരിശുദ്ധ ആരാധനക്കുള്ള സൗകര്യവും വേദിയില്‍ ക്രമീകരിച്ചിരുന്നു.

ക്രിക്കറ്റ് , വോളിബോള്‍, സോക്കര്‍ , ബാസ്‌കറ്റ് ബോള്‍, വോളിബോള്‍, വടം, വലി, ടേബിള്‍ ടെന്നീസ്, ടെന്നീസ്, ത്രോബോള്‍, ഡോഡ്ജ് ബോള്‍ , ബാറ്റ്മിന്റണ്‍, ചെസ്, കാരംസ് , ചീട്ടുകളി, നടത്തം, പഞ്ച ഗുസ്തി, ഫ്‌ലാഗ് ഫുട്‌ബോള്‍ തുടങ്ങിയ മത്സരങ്ങള്‍ പുരുഷ വനിതാ വിഭാഗങ്ങളിലായി വിവിധ ഏജ് കാറ്റഗറികളെ അടിസ്ഥാനമാക്കി പ്രധാനമായും നടന്നു. അഞ്ചു വേദികളിലായി മത്സരങ്ങള്‍ ക്രമീകരിച്ചു.

വാശിയേറിയ കലാശപോരാട്ടങ്ങള്‍ മിക്ക വേദികളേയും ഉത്സവാന്തരീഷമാക്കി. പ്രവാസി മലയാളികള്‍ പങ്കെടുക്കുന്ന അമേരിക്കലെ ഏറ്റവും വലിയ കായിക മേളയായി മാറി ഐപിഎസ്എഫ് 2024.

സിജോ ജോസ്, ടോം കുന്തറ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികളുടെ നീണ്ട നാളത്തെ തയ്യാറെടുപ്പുകള്‍ കായിക മേളയെ വന്‍ വിജയമാക്കി. ഫെസ്റ്റിന്റെ ഭക്ഷണശാലകളില്‍ രുചിയേറും കേരളീയ വിഭങ്ങള്‍ ഉടെനീളം ഒരുക്കി മേള ഏവര്‍ക്കും ഒരുപോലെ ആസ്വാദ്യകരമാക്കാനും സംഘാടകര്‍ക്കു കഴിഞ്ഞു.

ആറാമത് ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റ് (ഐപിഎസ്എഫ് 2026) ടെക്സാസിലെ എഡിന്‍ ബര്‍ഗില്‍ നടക്കും. ഡിവൈന്‍ മേഴ്സി ഇടവകയാണ് ആതീഥേയര്‍.