ഡാളസ്: ഡാളസ് കൗണ്ടി വിതരണക്കാരിൽ നിന്നും മൂന്നുലക്ഷം ഡോളർ വിലമതിക്കുന്ന മദ്യം മോഷ്ടിച്ച കേസിൽ നാലു പേരെ അറസ്റ്റു ചെയ്തതായി ടെക്സസ് ആൽക്കഹോളിക് ബിവറേജ് കമ്മീഷൻ അറിയിച്ചു.

കഴിഞ്ഞ ഏപ്രിലിൽ ആരംഭിച്ച അന്വേഷണത്തിനൊടുവിലാണ് ഇന്ത്യക്കാരനായ ജനിഷ് പങ്കജ് വൈഷ്ണവ് (33), വിക്ടർ അന്റോണിയെ (34), കാർലോസ് ജയ്മി (43), മൈക്കിൾ എയ്ജൽ (22) എന്നിവർ അറസ്റ്റിലായത്. ഇവർക്കെതിരെ മോഷണ കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

സതേൺ ഗ്ലെയ്സിയർ വൈൻ ആൻഡ് സ്പിരിറ്റ് ഉടമ ടെക്സസ് ആൾക്കഹോളിക് ബിവറേജ് കമ്മീഷനിൽ പരാതിപെട്ടതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. മോഷണം പോയ 220 കേയ്സ് വോഡ്ക, 119 കേയ്സ് കോണിയാക്, 29 കേയ്സ് ടെകീല എന്നിവ ഇതിനകം പിടിച്ചെടുത്തിട്ടുണ്ട്. ഒരു വർഷത്തിനുള്ളിൽ 300,000 ഡോളർ വിലമതിക്കുന്ന മദ്യമാണ് ഇവർ മോഷ്ടിച്ചത്.

തെളിഞ്ഞാൽ 10 വർഷത്തെ തടവും 10,000 ഡോളർ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.