ന്യൂഡൽഹി: വിമാനത്താവളങ്ങളുടെ മാതൃകയിൽ ഇനി റെയിൽവേ സ്റ്റേഷനുകൾക്കും യൂസർഫീ ഏർപ്പെടുത്തുന്നു. ഇത് സംബന്ധിച്ച ശുപാർശ റെയിൽവേ മന്ത്രാലയം മന്ത്രിസഭയുടെ അംഗീകാരത്തിനായി കൈമാറി. മന്ത്രാലയം ഉടൻ വിജ്ഞാപനം ഇറക്കിയേക്കുമെന്നാണ് വിവരം.

അടുത്തകാലത്ത് നവീകരിച്ചതോ, പുതുക്കിപ്പണിയാൻ പോകുന്നതോ ആയ സ്റ്റേഷനുകളിൽ നിന്ന് ട്രെയിനിൽ കയറാൻ ഇനി മുതൽ യൂസർഫീ നൽകേണ്ടിവരും. അതുപോലെ, ഈയിടെ നവീകരിച്ചതോ, പുതുക്കിപ്പണിയാൻ പോകുന്നതോ ആയ സ്റ്റേഷനുകളിൽ ഇറങ്ങുന്നതിനും ഫീസ് ഈടാക്കും. 10 മുതൽ 50 രൂപ വരെയണ് ഈ ഇനത്തിൽ ഈടാക്കുകയെന്നാണ് റിപ്പോർട്ട്.

വിമാന ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ടിക്കറ്റ് നിരക്കിനൊപ്പം വിമാനത്താവളത്തിന്റെ യൂസർ ഫീ ചേർക്കുന്നതുപോലെ സ്റ്റേഷന്റെ യൂസർഫീസും റെയിൽവേ ടിക്കറ്റിനൊപ്പം ചേർക്കും. ഉപയോക്താക്കളിൽ നിന്ന് അഞ്ച് തരത്തിലായിരിക്കും ഫീസ് ഈടാക്കുക. ഒന്നാം ക്ലാസ് എസി ടിക്കറ്റ് എടുക്കുന്നവർക്കായിരിക്കും ഏറ്റവും ഉയർന്ന നിരക്ക് നൽകേണ്ടി വരിക. തുടർന്ന് രണ്ടാം ക്ലാസ് എസി, മൂന്നാം ക്ലാസ് എസി, സ്ലീപ്പർ കാറ്റഗറി, റിസർവ് ചെയ്യാത്ത ക്ലാസുകൾ എന്നിവയ്ക്കും നിരക്ക് ബാധകമാണ്.

റെയിൽവേ സ്റ്റേഷനുകളുടെ വികസനത്തിൽ പങ്കാളികളാകുന്ന സ്വകാര്യ കമ്പനികൾക്ക് ഇത് വരുമാനം ഉറപ്പാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതു വഴി കൂടുതൽ സ്വകാര്യ സ്ഥാപനങ്ങൾ സ്റ്റേഷൻ വികസനത്തിൽ പങ്കാളികളാകാൻ താല്പര്യപ്പെടുമെന്നണ് റെയിൽവേ കണക്കുകൂട്ടുന്നത്.

അടുത്ത നാലോ അഞ്ചോ ദിവസത്തിനുള്ളിൽ ഇത് സംബന്ധിച്ച് വിജ്ഞാപനം ഇറങ്ങിയേക്കുമെന്നാണ് വിവരം.എന്നാൽ അടുത്തകാലത്ത് നവീകരിച്ച സ്റ്റേഷനുകൾക്ക് മാത്രം യൂസർ ഫീ ഈകക്കണോ അതോ നവീകരണം നടക്കുന്ന സ്റ്റേഷനുകൾക്കും ഇത് ഈടാക്കണോ എന്ന കാര്യത്തിൽ ഉടൻ വ്യക്തത വരുത്തുമെന്ന് ഉദ്യോഗസ്ഥർ പ്രതികരിച്ചു.

സ്റ്റേഷനുകൾക്ക് യൂസർഫീസ് ഏർപ്പെടുത്തുന്നതോടെ ടിക്കറ്റ് നിരക്കിൽ വർധവുണ്ടാകും. ഉദാഹരണത്തിന്, മുംബൈയിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രക്കായി ടിക്കറ്റെടുക്കുന്ന യാത്രക്കാരൻ രണ്ട് സ്റ്റേഷനുകളുടേയും യൂസർ ഫീസ് നൽകേണ്ടിവരും. എന്നാൽ ചെറിയ സ്റ്റേഷനുകളിൽ നിന്ന് മുംബൈ, ഡൽഹി പോലുള്ള സ്റ്റേഷനുകളിലേക്ക് ടിക്കറ്റെടുക്കുന്ന യാത്രക്കാർ സാധാരണന നിരക്കിൽ 50 ശതമാനം കുറച്ച് നൽകിയാൽ മതിയാകും.