ജോഷിമഠ് : മിന്നൽ പ്രളയത്തെ തുടർന്ന് ഉത്തരാഖണ്ഡിലെ തപോവൻവിഷ്ണുഗഡ് ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിൽ കുടുങ്ങിയ 30 പേരെ രക്ഷിക്കുന്നതിനായി ഊർജ്ജിത ശ്രമം തുടരുന്നു. പാറ തുരന്നുണ്ടാക്കിയ ദ്വാരം ഒരടിയോളം വലുതാക്കിയാണ് രക്ഷാ പ്രവർത്തനം. ഇതിലൂടെ ക്യാമറയും പൈപ്പും ഉള്ളിലേക്കു കടത്തി സ്ഥിതി നിരീക്ഷിച്ച് തുരങ്കത്തിലടിഞ്ഞ ചെളിയും വെള്ളവും നീക്കാനുള്ള ശ്രമം ആരംഭിച്ചു.

ഇതോടൊപ്പം തടയണയിൽ നിന്ന് തുരങ്കത്തിലേക്ക് വെള്ളം ഒഴുകിയെത്തുന്നതു തടയാനും ജോലികൾ നക്കുന്നതായി എൻടിപിസി പ്രോജക്ട് ജനറൽ മാനേജർ ആർ.പി. അഹിർവാൾ അറിയിച്ചു. പ്രളയത്തിൽ ധൗളിഗംഗയുടെ ഒഴുക്കിന്റെ ഗതി മാറിയതും വെല്ലുവിളിയാണ്. ഇതു പഴയപടിയാക്കാനുള്ള തീവ്രശ്രമം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇതേസമയം, അപകടത്തെതുടർന്ന് ഋഷിഗംഗയിൽ രൂപംകൊണ്ട തടാകം പൊട്ടി വീണ്ടും പ്രളയമുണ്ടാകുമെന്ന ഭീതിയൊഴിഞ്ഞിട്ടുണ്ട്. ഉപഗ്രഹ നിരീക്ഷണത്തിൽ തടാകത്തിൽ നിന്ന് വെള്ളം കുറേശ്ശെയായി പുറത്തേക്കൊഴുകുന്നുണ്ട്. എങ്കിലും നദിയുടെ തീരങ്ങളിൽ താമസിക്കുന്നവരോട് സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

മഞ്ഞുമലയിടിച്ചിലിനെ തുടർന്നുണ്ടായ പ്രളയത്തിൽ ഒലിച്ചുവന്ന നിർമ്മാണാവശിഷ്ടങ്ങൾ തടഞ്ഞുനിന്ന് ഋഷിഗംഗയിലേക്കുള്ള ഒരു അരുവിയുടെ നീരൊഴുക്കു തടസ്സപ്പെട്ടതാണ് തടാകം രൂപപ്പെടാൻ കാരണമായതെന്ന് വാഡിയ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ദ്ധർ കണ്ടെത്തി.

അപകടത്തിൽ കാണാതായ ഉത്തർപ്രദേശിൽ നിന്നുള്ള തൊഴിലാളികളിൽ 64 പേരെ ഇനിയും കണ്ടെത്താനുണ്ട്. 5 പേരുടെ മൃതദേഹം ലഭിച്ചിരുന്നു.