കൊല്ലം: കൊല്ലം: ഉത്ര വധക്കേസിൽ ശിക്ഷാവിധിക്ക് ശേഷം പ്രതികരണവുമായി പ്രതി സൂരജ്. കോടതിയിൽ നടന്ന ഒരു കാര്യവുമല്ല പത്രങ്ങളിലും മാധ്യമങ്ങളിലും വന്നുകൊണ്ടിരിക്കുന്നത്. ഉത്രയുടെ അച്ഛൻ കോടതിയിൽ നൽകിയ മൊഴി മാത്രം വായിച്ചുനോക്കിയാൽ മതി. എല്ലാ കാര്യങ്ങളും മനസ്സിലാകുമെന്നും സൂരജ് ശിക്ഷാവിധിക്ക് ശേഷം കോടതിയിൽ നിന്ന് പുറത്തിറങ്ങവേ മാധ്യമങ്ങളോട് പ്രതികരിച്ചു.

കോടതിയിൽ ഉത്രയുടെ അച്ഛൻ നൽകിയ മൊഴി ഇനി ആർക്കും മാറ്റാനാവില്ലല്ലോ. ഉത്രയെ കുറിച്ചും എന്റെ കുഞ്ഞിനെ കുറിച്ചും എല്ലാം പറയുന്നത് കഥകളാണെന്നും സൂരജ് വിളിച്ച് പറഞ്ഞു. പ്രതികരണം പൂർത്തീകരിക്കാൻ സൂരജിനെ പൊലീസ് ഉദ്യോഗസ്ഥർ അനുവദിച്ചില്ല.

താൻ ബി.എ.വരെ പഠിച്ചതാണെന്നും സൂരജ് പറയുന്നുണ്ടായിരുന്നു. ജയിലിലേക്ക് കൊണ്ട് പോകുന്നതിനിടെയാണ് സൂരജ് മാധ്യമങ്ങളോട് പ്രതികരിച്ചത്. കോടതി വിധി അപക്വമാണെന്നും നീതി വിരുദ്ധമാണെന്നും സൂരജിന്റെ അഭിഭാഷകൻ പ്രതികരിച്ചു. അപ്പീൽ പോകുമെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു.

കേസിൽ സൂരജ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതി 17 വർഷം തടവിനുശേഷം ഇരട്ടജീവപര്യന്തമാണ് വിധിച്ചിരിക്കുന്നത്. അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. അപൂർവമായ കേസിൽ പ്രതിക്ക് വധശിക്ഷ വിധിക്കാതിരുന്നത് ക്രിമിനൽ പശ്ചാത്തലമില്ലാത്തതും പ്രായവും പരിഗണിച്ചാണെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കിയിരുന്നു.

രണ്ട് ദിവസം മുൻപ് കേസിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയ ദിവസം പ്രതി സൂരജ് ഒന്നും പറയാനില്ലെന്നായിരുന്നു പറഞ്ഞത്. ശിക്ഷാ വിധി ദിവസമായ ഇന്ന് പക്ഷേ സൂരജ് പ്രതികരിച്ചു. പൊലീസ് ഇപ്പോൾ പറയുന്ന കാര്യങ്ങളെല്ലാം കള്ളമാണ്. താനൊരു തെറ്റും ചെയ്തിട്ടില്ല. ഉത്രയുടെ അച്ഛന്റെ മൊഴി വായിച്ചാൽ ഇക്കാര്യങ്ങൾ മനസിലാവും. മാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ടുകൾ വ്യാജമാണെന്നും സൂരജ് മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ത്യൻ കുറ്റാന്വേഷണ ചരിത്രത്തിലെ അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസ് എന്ന് വിലയിരുത്തപ്പെട്ട ഉത്ര വധക്കേസിൽ പ്രതിയായ അടൂർ സ്വദേശി സൂരജിന് കോടതി ഇരട്ടജീവപര്യന്തമാണ് ശിക്ഷയായി വിധിച്ചത്.

ഉത്രയെ മൂർഖനെ ഉപയോഗിച്ച് കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവ്, ഉത്രയെ അണലിയെ ഉപയോഗിച്ച് നേരത്തെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് ജീവപര്യന്തം തടവ്, വിഷവസ്തു ഉപയോഗിച്ചതിന് പത്ത് വർഷം തടവ്, തെളിവ് നശിപ്പിച്ചത് ഏഴ് വർഷം.. എന്നിങ്ങനെ നാല് ശിക്ഷകൾ ആണ് കോടതി വിധിച്ചത്. ജീവപര്യന്തം തടവ് ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെങ്കിലും പത്തും, ഏഴും ആകെ 17 തടവുശിക്ഷ സൂരജ് ആദ്യം അനുഭവിക്കണം.

ഇതിനുശേഷമായിരിക്കും ജീവപര്യന്തം തടവുശിക്ഷ ആരംഭിക്കുകയെന്ന് വിധിയിൽ കോടതി വ്യക്തമാക്കി. നഷ്ടപരിഹാരമായി നൽകുന്ന അഞ്ച് ലക്ഷം രൂപ ഉത്രയുടെ കുഞ്ഞിന് ലഭിക്കുമെന്നും വിധിയിൽ വ്യക്തമാക്കുന്നു.

കേരളാ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതക കേസിൽ പ്രതിക്ക് വധശിക്ഷ ലഭിക്കാതിരുന്നത് പ്രായം കണക്കിലെടുത്താണെന്ന് കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ വിധിയിൽ തൃപ്തിയില്ലെന്നായിരുന്നു ഉത്രയുടെ മാതാപിതാക്കൾ പറഞ്ഞിരുന്നു. അതേസമയം വിധിക്കെതിരെ ശക്തമായ പ്രതികരണമാണ് പ്രതിഭാഗം നടത്തിയത്.

കോടതി വിധി ജനവികാരം കാരണമാണ് ഇത്തരമൊരു വിധിയുണ്ടായിരിക്കുന്നതെന്നും കൊലപാതകം തെളിയിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു.റെക്കോർഡ് വേഗത്തിൽ പൂർത്തിയാക്കിയ കേസന്വേഷണത്തിന്റെ അപകാതകൾ ചൂണ്ടിക്കാണിക്കാനാകും പ്രതിഭാഗം മേൽകോടതിയിൽ ശ്രമിക്കുക.

2020 മെയ്‌ ഏഴിനാണ് അഞ്ചൽ ഏറം വെള്ളശ്ശേരിൽവീട്ടിൽ ഉത്രയെ (25) സ്വന്തംവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭർത്താവ് അടൂർ പറക്കോട് സ്വദേശി സൂരജ് (27) ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനും അവരുടെ സ്വത്ത് കൈക്കലാക്കാനുംവേണ്ടി പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.

ആസൂത്രിത കൊല (ഇന്ത്യൻ ശിക്ഷാനിയമം 302-ാം വകുപ്പ്), നരഹത്യാശ്രമം (307ാം വകുപ്പ്), വിഷംനൽകി പരിക്കേൽപ്പിക്കൽ (328ാം വകുപ്പ്), തെളിവുനശിപ്പിക്കൽ (201 -ാം വകുപ്പ്) എന്നീ കുറ്റകൃത്യങ്ങൾ തെളിഞ്ഞതായി കോടതി കണ്ടെത്തിയിരുന്നു.

സംസ്ഥാനത്ത് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഒരാളെ കൊലപ്പെടുത്തുന്ന ആദ്യകേസാണിത്. കേരള പൊലീസിന്റെ കുറ്റാന്വേഷണചരിത്രത്തിലെത്തന്നെ ആദ്യസംഭവം. 2020 മെയ്‌ ആറിനു രാത്രിയാണ് ഉത്രയ്ക്ക് സ്വന്തംവീട്ടിൽ വെച്ച് പാമ്പുകടിയേറ്റത്. ഏഴിനു പുലർച്ചെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. 2020 മാർച്ച് മൂന്നിന് സൂരജിന്റെ വീട്ടിൽവെച്ചും പാമ്പുകടിയേറ്റിരുന്നു.