പാലക്കാട്: കല്യാൺ ജുവല്ലേഴ്‌സിനെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംവിധായകൻ വി എ ശ്രീകുമാർ. തനിക്കെതിരെ കള്ളക്കേസ് നൽകി അപകീർത്തിപ്പെടുത്തിയെന്നും അതുകൊണ്ട് ഒരു കോടി നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് കല്യാൺ ജുവല്ലറി പ്രതിനിധികൾക്ക് നോട്ടീസ് അയച്ചു.

കല്യാൺ ജുവലേഴ്സ് ഡയറക്ടർ രമേഷ്, ചീഫ് ജനറൽ മാനേജർ ഷൈജു എന്നിവരെ പ്രതിയാക്കിയാണ് ശ്രീകുമാർ നടപടികൾ ആരംഭിച്ചിരിക്കുന്നത്. 10000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതു സംബന്ധിച്ച് പുറത്തു വന്ന വാർത്തകൾക്കു പിന്നിൽ വി.എ ശ്രീകുമാറാണ് എന്ന നിലയ്ക്ക് കല്യാൺ ജുവലേഴ്സാണ് ആദ്യം ശ്രീകുമാറിന് എതിരെ പരാതി നൽകിയത്. എന്നാൽ, ഈ കേസ് ആദ്യം അന്വേഷിച്ച തൃശൂർ വെസ്റ്റ് സ്റ്റേഷനും കല്യാണിന്റെ ആവശ്യപ്പെട്ടതനുസരിച്ച് പിന്നീട് ഈസ്റ്റ് പൊലീസും നടത്തിയ അന്വേഷണത്തിലും ശ്രീകുമാറിന് പങ്കില്ലെന്ന് വ്യക്തമായി.

കേസിൽ നൽകിയ കുറ്റപത്രത്തിൽ ശ്രീകുമാറിന്റെ പേരുമില്ല. ഈ സാഹചര്യത്തിലാണ് കേസിൽ അനാവശ്യമായി അകപ്പെടുത്തി വാർത്തകൾ പ്രചരിപ്പിച്ചത് ഗൂഢാലോചനയാണ്. കള്ളക്കേസ് കൊടുത്തതിനു പുറമെ മാധ്യമങ്ങളിലൂടെ വലിയ തോതിൽ അപകീർത്തികരമായ വാർത്തകൾ പ്രചരിപ്പിച്ചു എന്നു കാണിച്ചു ശ്രീകുമാർ രംഗത്തെത്തിയത്. തനിക്കെതിരെ നൽകിയ കള്ളക്കേസിലൂടെ വ്യക്തിപരമായും കരിയറിലും ഉണ്ടായ വലിയ നഷ്ടങ്ങൾ ശ്രീകുമാർ അക്കമിട്ടു നിരത്തുന്നുണ്ട്.

വാർത്തകൾ പരന്നതിനെ തുടർന്ന് 10 കോടി രൂപയോളം വരുന്ന കരാറുകൾ മുടങ്ങി. കള്ളക്കേസ് നൽകിയതിൽ ക്ഷമാപണം ചോദിച്ചു കൊണ്ട് കല്യാൺ ജുവലേഴ്സ് മലയാളം, ഇംഗ്ലീഷ് പത്രങ്ങളിലൂടെ മാപ്പ് എഴുതി പ്രസിദ്ധീകരിക്കണം, പേരിനും പ്രശസ്തിക്കുമുണ്ടായ അപമാനം സാമ്പത്തിക നഷ്ടം തുടങ്ങിയവ പരിഹണിച്ച് 1 കോടി രൂപ കല്യാൺ ശ്രീകുമാറിന് നൽണം- നിയമ നടപടികളുടെ ആരംഭമായി അഡ്വ. പി ഗോപിനാഥ് വഴി കല്യാണിന് അയച്ച വക്കീൽ നോട്ടീസിൽ വ്യക്തമാക്കുന്നു.

എസ്‌ബിഐ ഉൾപ്പടെയുള്ള ബാങ്കുകളിൽ നിന്നും പതിനായിരം കോടിയോളം വായ്‌പ്പ എടുത്തിട്ടുണ്ടെന്നും ഇങ്ങനെ വായ്‌പ്പ എടുത്തത് വേണ്ടത്ര ആസ്തി ഈടു നൽകാതെയായിരുന്നു എന്നുമായിരുന്നു പുരത്തുവന്ന വാർത്ത. സിനിമാ- പരസ്യചിത്ര സംവിധായകൻ ശ്രീകുമാർ മേനോൻ, മാധ്യമപ്രവർത്തകൻ എറണാകുളം പൊന്നുരുന്നി കുടിലിൽപറമ്പിൽ മാത്യു സാമുവൽ, റെഡ്പിക്സ് 24 സെവൻ യുട്യൂബ് ചാനൽ എന്നിവർക്കെതിരെയാണ് കല്യാണ് പരാതി നല്കിയത്.

ജൂവലറി വേണ്ടത്ര ആസ്തതി ഈടു നൽകാതെ ബാങ്കുകളിൽ നിന്നു 10,000 കോടി രൂപ വായ്പയെടുത്തിട്ടുണ്ടെന്നു പറയുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നും ഇതിനായി വ്യാജരേഖ ചമച്ചെന്നുമാണു പരാതി. ഇതുമൂലം ജൂവലറിക്കു രണ്ടുകോടി രൂപയുടെ നഷ്ടമുണ്ടായെന്നും ജൂവലറിയുടെ ചീഫ് ജനറൽ മാനേജർ ഷൈജു തോമസ് നൽകിയ പരാതിയിൽ പറയുന്നു. ജൂവലറിയുടെ പരസ്യചിത്രങ്ങൾ സംവിധാനം ചെയ്തിരുന്ന ശ്രീകുമാർ മേനോനെ അതിൽനിന്ന് ഒഴിവാക്കിയതിലുള്ള വൈരാഗ്യം മൂലമാണു പ്രചാരണമെന്നും കേസിൽ പറഞ്ഞിരുന്നു.

കല്യാണിന്റെ കരുത്തും ദൗർബല്യങ്ങളും അറിയാവുന്ന സംവിധായകനാണ് ശ്രീകുമാർ മേനോൻ. ഇതിനെ ബ്രാൻഡ് ആക്കി മാറ്റിയതിൽ നിർണ്ണായക പങ്കുവഹിച്ച വ്യക്തി. ശ്രീകുമാർ മേനോന്റെ പുഷ് എന്ന പരസ്യ കമ്പനിക്ക് ഇപ്പോൾ പറയാനുള്ളത് നഷ്ടങ്ങളുടെ കഥയാണ്. സംവിധാനം ചെയ്ത സിനിമ ഒടിയനും നേട്ടമുണ്ടാക്കിയില്ല. ഇതിനിടെയാണ് കല്യാണും ശ്രീകുമാർ മേനോനെതിരെ രംഗത്ത് വന്നത്.

കല്യാണിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ചെല്ലാം സംശയം ഉയർത്തുന്നു. അമിതാഭ് ബച്ചനെ പോലുള്ള വിവിഐപികളെ ബ്രാൻഡ് അംബാസിഡറാക്കുന്നു. ഇതിനെല്ലാം പണം കണ്ടെത്തുന്നത് ലോണിലൂടേയും. പൊതുജനങ്ങളുടെ പണം ഉപയോഗിച്ച് ദീപാവലി പാർട്ടികൾ നടത്തുന്നു. കച്ചവടം നഷ്ടമായാൽ ഈ കൊടുത്ത പണം എങ്ങനെ തിരിച്ചു പിടിക്കാൻ ബാങ്കിന് കഴിയുമെന്നാണ് ഉയരുന്ന ചോദ്യം. ഏറെ ദുരൂഹമാണ് കച്ചവടെന്നും തെഹൽക്കയുടെ മുൻ മാനേജിങ് എഡിറ്റർ കൂടിയായ മാത്യു സാമുവർ വീഡിയോയിൽ ആരോപിച്ചിരുന്നു. ഈ വീഡിയോ വൈറലായതോടെയാണ് പരാതിയും കേസും ആയത്.

മാത്യു സാമുവലിനെ കൊണ്ട് വാർത്ത ചെയ്യിച്ചത് പുഷ് ശ്രീകുമാർ ആയിരുന്നു എന്നായിരുന്നു പൊലീസിൽ കല്യാണ് പരാതിപ്പെട്ടത്. എന്നാൽ, പൊലീസ് അന്വേഷണത്തിൽ ശ്രീകുമാറിനെതിരെ തെളിവില്ലെന്ന് കണ്ടെത്തിയതോടെയാണ് അദ്ദേഹം കല്യാണിനെതിരെ വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.