മലപ്പുറം: തിരൂർ നിയോജക മണ്ഡലം ലീഗ് എംഎ‍ൽഎയായ സി.മമ്മുട്ടിക്കെതിരെ എൽ.ഡി.എഫിന്റെ താനൂർ എംഎ‍ൽഎ വി.അബ്ദുറഹിമാൻ നടത്തിയ 'ആദിവാസി' പരാമർശം വിവാദമായി. വയനാട്ടുകാരനും ലീഗ് എംഎ‍ൽഎയുമായ മമ്മൂട്ടി ആദിവാസികൾക്കിടയിൽ നിന്നും വന്ന് തിരൂരിൽ പഠിപ്പിക്കേണ്ടെന്ന് അബ്ദുറഹിമാൻ പറഞ്ഞിരുന്നു. താനൂർ നിയോജക മണ്ഡലത്തിലെ വികസന കാര്യങ്ങൾ വിശദീകരിക്കുന്നതിന് തിരൂരിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലാണ് വിവാദപരാമർശം.. ആദിവാസികൾക്കിടയിൽ നിന്നും വന്ന് തിരൂരിൽ പഠിപ്പിക്കേണ്ടെന്നും അബ്ദുറഹിമാൻ ആവർത്തിച്ച് പറഞ്ഞു.

തിരൂർ താഴെപ്പാലം അപ്രോച്ച് റോഡ് കിഫ്ബി പദ്ധതിയിൽ ഏറ്റെടുത്ത് പൂർത്തിയാക്കിത്തരാമെന്നും അതിനെക്കുറിച്ച് മമ്മൂട്ടി എംഎ‍ൽഎ.ക്ക് അറിയില്ലെങ്കിൽ തന്റെ പേഴ്സണൽ അസിസ്റ്റന്റ്മാരെ വിളിച്ചു ചോദിച്ചാൽ അവർ പറഞ്ഞു തരുമെന്നും അബ്ദുറഹിമാൻ കളിയാക്കി. മലയാള സർവ്വകലാശാലക്ക് ഏറ്റെടുത്ത ഭൂമി മമ്മൂട്ടി എംഎ‍ൽഎ. 1,70,000 രൂപ വച്ച് വാങ്ങാൻ സമ്മതിച്ചതാണ്. കെ.ടി.ജലീൽ ഇടപെട്ട് കലക്ടർ 1,60,000 രൂപക്കാണ് ഏറ്റെടുത്തതെന്നും സുപ്രീം കോടതി വരെ ശരിവെച്ച നടപടിയാണിതെന്നും അദ്ദേഹം പറഞ്ഞു.

തിരൂർ മണ്ഡലത്തിലെ വോട്ടറായതു കൊണ്ടാണ് താൻ ഇക്കാര്യത്തിൽ പ്രതികരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സി.മമ്മൂട്ടി എംഎ‍ൽഎ. കഴിവുകെട്ട ജനപ്രതിനിധിയാണെന്ന സൂചന നൽകുന്നതാണ് ആദിവാസി പരാമർശം എന്നതാണ് ആരോപണം. തെരഞ്ഞെടുപ്പിന്റെ ചൂടിൽ രാഷ്ട്രീയ വൈരത്തിൽ അന്യോന്യം ആക്ഷേപിക്കുന്നത് പതിവാണെങ്കിലും വനമേഖലയിൽ വസിക്കുന്ന ആദിവാസികളെ ഇതിൽ വലിച്ചിഴച്ചത്‌തെറ്റായെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. ആദിവാസി ഗോത്രത്തെ അബ്ദുറഹിമാൻ എംഎ‍ൽഎ.എന്തു കാരണത്താലാണ് രണ്ട് എംഎ‍ൽഎമാർ തമ്മിലുള്ള വിഷയത്തിൽ പരാമർശി
ച്ചതെന്ന ചോദ്യം ഇതോടെ ഉയർന്നിരിക്കുകയാണ്.

നിയമ നടപടി സ്വീകരിക്കണം: സി.മമ്മൂട്ടി

ആദിവാസി ഗോത്രവർഗ്ഗക്കാരെ മോശക്കാരായി ചിത്രീകരിച്ച് വാർത്താസമ്മേളനം നടത്തിയ താനൂർ എംഎ‍ൽഎ.വി.അബ്ദുറഹിമാനെതിരെ പട്ടിക ജാതി വർഗ്ഗ കമ്മീഷനും ദേശീയ പട്ടികജാതി കമ്മീഷനും നിയമ നടപടികൾ സ്വീകരിക്കണമെന്ന് സി.മമ്മൂട്ടി എംഎ‍ൽഎ.പ്രതികരിച്ചു.

അബ്ദു റഹിമാൻ എംഎ‍ൽഎ. സത്യപ്രതിജ്ഞാലംഘനം നടത്തിയിരിക്കുകയാണ്. എല്ലാ മനുഷ്യരേയും തുല്യരായി കാണുമെന്ന സത്യപ്രതിജ്ഞാ വാചകത്തിന്റെ ലംഘനമാണ്. പിന്നോക്ക വിഭാഗങ്ങളെ ഒന്നിപ്പിച്ചു നിർത്തേണ്ട ജനപ്രതിനിധികളിൽ നിന്നോ സാധാരണക്കാരിൽ നിന്നോ ആദിവാസി വിഭാഗങ്ങളെ മോശമാക്കി പരാമർശം നടത്താൻ പാടില്ലാത്തതാണ്. താനൂരിൽ എസ്.സി/എസ്.ടി.ഫണ്ട് ഉപയോഗിച്ചുള്ള വികസന പ്രവർത്തനങ്ങളെക്കുറിച്ചു പറയുകയും ആദിവാസികളെ അധിക്ഷേപിച്ച് പത്രസമ്മേളനം നടത്തുകയും ചെയ്തത് തെറ്റാണ്.ഇക്കാര്യത്തിൽ മുഖ്യമന്ത്രി നിലപാടു വ്യക്തമാക്കണമെന്നും മമ്മൂട്ടി എംഎ‍ൽഎ ആവശ്യപ്പെട്ടു.