കോതമംഗലം: 2018 ലെ പ്രളയമടക്കം ഒട്ടേറെ ദുരിതങ്ങൾ നേരിട്ട് നിലനിൽപ്പിനായി പൊരുതുന്ന കാടിന്റെ മക്കൾക്ക് പിൻതുണയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നേരിട്ടെത്തിയതോടെ അറാക്കപ്പ് ആദിവാസി കോളനി നിവാസികൾ പ്രതീക്ഷയിൽ.

വനം വകുപ്പധികൃതർ ഇടമലയാർ ട്രൈബൽ ഹോസ്റ്റലിൽ താമസപ്പിച്ചിട്ടുള്ള തൃശ്ശൂർ ജില്ലയിലെ അറാക്കപ്പ് ആദിവാസി കോളനിവാസികളെ നേരിൽ കണ്ട് ആശ്വസിപ്പിക്കാൻ ഇന്ന് രാവിലെയാണ് വി ഡി സതീശൻ ക്യംപിലെത്തിയത്.

കോളനിവാസികൾ നേരിട്ട ദുരിതങ്ങളും സങ്കടങ്ങളും കേട്ടറിഞ്ഞ പ്രതിപക്ഷ നേതാവ്, ഈ പ്രശ്‌നം അടിയന്തിരമായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും കഴിയാവുന്നല്ലാം ചെയ്യുമെന്നും ഉറപ്പു നൽകിയുമാണ് മടങ്ങിയത്.

പിറന്ന മണ്ണും കൃഷിയും വാസസ്ഥലവും ഉപേക്ഷിച്ച് കാടിറങ്ങി വന്ന ആദിവാസികൾ അനുഭവിക്കുന്നത് സമാനതകളില്ലാത്ത ദുരിതമാണെന്നും സർക്കാർ ഇവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഉടൻ ഇടപെടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ദുർഘടമായ താമസ സൗകര്യം ഉപേക്ഷിച്ച് അടുത്തിടെയാണ് അറാക്കപ്പ് കോളനിവാസികൾ ഇടമലയാറിൽ വൈശാലി ഗുഹക്കടുത്ത് വനഭൂമിയിൽ കുടിൽ കെട്ടി താമസിക്കാൻ എത്തിയത്. തുടർന്ന് വനം വകുപ്പ് അധികൃതർ ഇവരെ ഇവിടെ നിന്നും ഒഴിപ്പിക്കുകയും ട്രൈബൽ ഹോസ്റ്റലിൽ പാർപ്പിക്കുകയുമായിരുന്നു.



അതിരപ്പിള്ളി പഞ്ചായത്തിലെ മലക്കപ്പാറ അറാക്കാപ്പ് കോളനിയിൽ നിന്നുള്ളവർ കഴിഞ്ഞ അഞ്ചിനാണ് ഇടമലയാർ വൈശാലിഗുഹയ്ക്കു സമീപം വനഭൂമിയിൽ കൂട്ടിൽകെട്ടി താമസിക്കാനെത്തിയത്.മണ്ണിടിച്ചിലും വന്യമൃഗ ശല്യവുമാണ് ഊര് ഉപേക്ഷിക്കാൻ ഇവരെ നിർബന്ധിതരാക്കിയത്.

എന്നാൽ വനം വകുപ്പ് അധികൃതർ അടുത്ത ദിവസം അവരെ അവിടെ നിന്ന് ഒഴിപ്പിച്ചു. 12 കുടുംബങ്ങളിൽ നിന്നായി 39 പേരാണ് സംഘത്തിലുള്ളത്. 12 കുട്ടികളും 11 സ്ത്രീകളും ഉൾപ്പെടെയുള്ളവരെ ഇടമലയാർ ട്രൈബൽ ഹോസ്റ്റലിലേക്കാണ് മാറ്റിയിരിക്കുന്നത്.

മലയിടുക്കിൽ ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന ഇവരുടെ പ്രധാന വരുമാന മാർഗ്ഗം കൃഷിയായിരുന്നു. അടയ്ക്ക, കുരുമുളക്, കാപ്പി, കൊക്കോ തുടങ്ങിയവ ഇവിടെ സമൃദ്ധിയായി വളർന്നിരുന്നു. വിളകളുടെ വിപണി മലക്കപ്പാറയാണ്. ഇവ തലച്ചുമടായി മൂന്നര കിലോമീറ്റർ ചെങ്കുത്തായ മല കയറി ഇറങ്ങിയാലാണ് ഗതാഗത സൗകര്യമുള്ള റോഡിൽ എത്തുന്നത്. എന്നിരുന്നാലും പൊന്നുവിളയുന്ന മണ്ണിൽ ഇവർ പിടിച്ചു നിന്നു.

2018 ലെ പ്രളയം മുതൽ അറാക്കപ്പ് ആദിവാസി ഊരിന്റെ നിലനിൽപ്പ് തന്നെ ഭീഷണിയിലായി. ഉരുൾപൊട്ടലും മണ്ണ് ഇടിച്ചിലും നിത്യസംഭവമായി. ഭൂമിയും വിളകളും വെള്ളപ്പാച്ചിലിൽ വ്യാപകമായി ഒലിച്ചു പോയി. ഒപ്പം കാട്ടുമൃഗങ്ങളുടെ ശല്യവും വർധിച്ചു. ക്യാംപിൽ കഴിയുന്ന പാട്ടിയമ്മയുടെ കൺമുന്നിൽ നിന്നാണ് വളർത്തുനായയെ പുലി പിടിച്ചു കൊണ്ടുപോയത്.

കൃഷി ചെയ്യാൻ കഴിയുന്നില്ലെന്നു മാത്രമല്ല ജീവന്റെ നിലനിൽപ്പു പോലും അപകടത്തിലായതോടെയാണ് കടിന്റെ മക്കൾ മലയിറങ്ങിയത്. ഈറ്റ ചങ്ങാടത്തിൽ, എല്ലാം വാരി കെട്ടി ഡാമിലൂടെ 28 കിലോമീറ്റർ സഞ്ചരിച്ചാണ് ഇടമലയാർ വൈശാലി ഗുഹയ്ക്കു സമീപം എത്തിയത്.

ഇവിടെ വരാൻ രണ്ടു കാരണങ്ങളാണുള്ളത്. ഇടമലയാർ ഡാം നിർമ്മാണത്തിനായി ഭൂമി ഒഴിഞ്ഞു കൊടുത്ത ആദിവാസി സമൂഹത്തിന്റെ പിന്മുറക്കാരാണ് അരേക്കാപ്പിലുള്ളത്. മറ്റൊന്ന് ഭൂമി ശാസ്ത്രപരമായി വാസയോഗ്യമായ പ്രദേശമാണ് വൈശാലി ഗുഹയുടെ പരിസരം. വന വിഭവങ്ങൾ ശേഖരിക്കാനും കൃഷിക്കും മൽസ്യബന്ധനത്തിനും ഇവിടം അനുയോജ്യമാണ്. അരേക്കാപ്പിൽ തങ്ങൾക്ക് അനുവദിച്ച ഭൂമി തിരിച്ചെടുത്ത്, അത്രയും ഭൂമി, തങ്ങളുടെ പൂർവികർ താമസിച്ചിരുന്ന ഇടമലയാറിൽ നൽകണമെന്ന ന്യായമായ ആവശ്യമാണ് ഇവർക്കുള്ളത്.

അടിസ്ഥാന സൗകര്യമില്ലാത്ത ഹോസ്റ്റലിൽ കാടിന്റെ മക്കളുടെ ജീവിതം ദുരിത പൂർണമാണ്. ഭക്ഷണവും കുടിവെള്ളവുമില്ല. ഇവരുടെ പ്രശ്‌നം പരിഹരിക്കാനും പുനരധിവസിപ്പിക്കാനും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. സർക്കാരിന്റെ ഭാഗത്തു നിന്നു മനുഷ്യത്വപരമായ ഇടപെടൽ ഉണ്ടാകണം.

അതേസമയം കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിലെ പന്തപ്ര ആദിവാസി കോളനിക്കായി 219 ഏക്കർ ഭൂമി സർക്കാർ നേരത്തെ അനുവദിച്ചിട്ടുണ്ട്. ഇവിടെ സമാനമായ പ്രശ്‌നങ്ങളെ തുടർന്ന് കാടിറങ്ങി വന്ന 60 കുടുംബങ്ങളാണുള്ളത്. ശേഷിക്കുന്ന ഭൂമിയിൽ ഇവരെ പുനരധിവസിപ്പിക്കാൻ കഴിയുമെന്ന നിർദ്ദേശം പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളകൈയൻ മുന്നോട്ട് വച്ചിട്ടുണ്ട്.

ഇക്കാര്യങ്ങൾ കൂടി പരിഗണിച്ച്, അരേക്കാപ്പ് ആദിവാസി പ്രശ്‌നം സമയബന്ധിതമായി പരിഹരിക്കണമെന്നാണ് അവരുടെ ആവശ്യം. വിദ്യാർത്ഥികളായ ഇവരുടെ മക്കൾക്ക് ഓൺലൈൻ പഠന സൗകര്യവും ഇപ്പോഴില്ല. സ്ഥലം സന്ദർശിച്ച പ്രതിപക്ഷ നേതാവിന്റെ പക്കൽ ഇവർ നിരത്തിയത് എണ്ണമറ്റ പരാതികളാണ്.

എല്ലാം ശ്രദ്ധയോടെ കേട്ട പ്രതിപക്ഷ നേതാവ് പ്രശ്‌ന പരിഹാരം ഉണ്ടാകും വരെ ഒപ്പം ഉണ്ടാകുമെന്ന് ഉറപ്പു നൽകി. യുഡിഎഫ് നേതാക്കളായ ഷിബു തെക്കുംപുറം, കെ.പി. ബാബു, ടി.യു.കുരുവിള, പി.പി.ഉതുപ്പാൻ, എ.ജി.ജോർജ്, പി.എ.എം. ബഷീർ, എബി.എബ്രാഹാം, എം.എസ്.എൽദോസ്, പി.കെ.മൊയ്ദു, എ.ടി.പൗലോസ്, കാന്തി വെള്ളക്കയ്യൻ, ജെസി സാജു, അബു മൊയ്തീൻ സി.കെ.സത്യൻ, ജോമി തെക്കേക്കര തുടങ്ങിയവർ ഒപ്പം ഉണ്ടായിരുന്നു.