തിരുവനന്തപുരം: സ്വർണക്കടത്തു കേസിൽ കേന്ദ്ര ഏജൻസികൾക്കെതിരായ ജുഡീഷ്യൽ അന്വേഷണം സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവ് നിയമ വിരുദ്ധമായി പ്രവർത്തിച്ച സർക്കാരിനേറ്റ തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കേന്ദ്ര ഏജൻസികൾ സിപിഎം നേതാക്കളെ വേട്ടയാടുന്നെന്ന കേട്ടുകേൾവിയില്ലാത്ത വിചിത്രവാദം ഉന്നയിച്ചാണ് ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിലൂടെ അന്വേഷണത്തെ അട്ടിമറിക്കുകയായിരുന്നു ലക്ഷ്യം. ജുഡീഷ്യൽ അന്വേഷണം നിയമപരമായി നിലനിൽക്കില്ലെന്ന് പ്രതിപക്ഷം അന്നേ മുന്നറിയിപ്പ് നൽകിയിരുന്നതാണെന്ന് വി.ഡി സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കേന്ദ്ര ഏജൻസികളുടെ അന്വേഷണം അട്ടിമറിക്കാൻ സംസ്ഥാന സർക്കാരുകൾ ശ്രമിക്കുന്നത് നിയമവിരുദ്ധമാണ്. അത് രാജ്യത്തെ ഒരു കോടതിയും അംഗീകരിക്കില്ല. തെരഞ്ഞെടുപ്പിന് മുൻപ് കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസികളുടെ ഒരു നിഗമനവും പുറത്തു വരാതിരിക്കാനാണ് സംസ്ഥാന സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്. ഇതിനു ശേഷം കേന്ദ്രത്തിലെ ബിജെപി സർക്കാരുമായി സിപിഎം ഒത്തുതീർപ്പിലെത്തി.

മാധ്യമങ്ങളെ അന്വേഷണ പുരോഗതി മുൻകൂട്ടി അറിയിച്ചുകൊണ്ടിരുന്നു കേന്ദ്ര ഏജൻസികൾ ഒരു സുപ്രഭാതത്തിൽ അത് നിർത്തി. തെരഞ്ഞെടുപ്പിന് ഒരു മാസം മുൻപാണ് ഇതു നിലച്ചത്. എല്ലാ ഏജൻസികളും ഒരേ സമയത്ത് അന്വേഷണം അവസാനിപ്പിച്ചത് വിചിത്രമാണെന്ന് പ്രതിപക്ഷം പറഞ്ഞതിനെ തുടർന്നാണ് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ തെരഞ്ഞെടുപ്പ് കാലത്ത് സിപിഎമ്മും ബിജെപിയും അങ്ങോട്ടുമിങ്ങോട്ടും ആരോപണം ഉന്നയിച്ചത്. നേരത്തെ കേന്ദ്ര ഏജൻസികളുടെ അന്വേഷണ വിവരങ്ങൾ പുറത്തുവിട്ടിരുന്നത് കെ സുരേന്ദ്രനായിരുന്നു. ഇപ്പോൾ അതേക്കുറിച്ച് സുരേന്ദ്രന് ഒന്നും പറയാനില്ല. കുഴൽപ്പണക്കേസിൽ നിന്നും രക്ഷപ്പെടാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഇപ്പോൾ മുഖ്യമന്ത്രിയുടെ കാൽക്കൽ വീണു കിടക്കുകയാണ്. കുഴൽപ്പണം പിടികൂടിയ അന്ന് തന്നെ ധർമ്മരാജൻ സുരേന്ദ്രനെ ഫോണിൽ വിളിച്ചത് പൊലീസിന് അറിയാമായിരുന്നു. എന്നിട്ടും ചോദ്യംചെയ്യാൻ മൂന്നുമാസം കാത്തിരുന്നത് തെരഞ്ഞെടുപ്പ് കഴിയട്ടേയെന്ന സിപിഎം- ബിജെപി ധാരണയുടെ ഭാഗമായാണ്.

കൊടകര കുഴൽപ്പണ കേസിൽ പൊലീസ് അന്വേഷണത്തിനൊപ്പം കള്ളപ്പണത്തിന്റെ ഉറവിടം കണ്ടെത്താൻ കേന്ദ്ര ഏജൻസികൾ കൂടി അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോൾ ബിജെപിയെ രക്ഷിക്കാൻ ശ്രമിക്കുന്നെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. എന്നാൽ തൊട്ടുപിന്നാലെ സമർപ്പിച്ച കുറ്റപത്രത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. പ്രതിപക്ഷം ആവശ്യപ്പെട്ടതു പോലെ പൊലീസിനൊപ്പം കേന്ദ്ര ഏജൻസികൾ കൂടി അന്വേഷിച്ചിരുന്നെങ്കിൽ പ്രതികൾ രക്ഷപ്പെടില്ലായിരുന്നെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.