തിരുവനന്തപുരം: സാമുദായി സംഘടനകൾക്ക് എതിരായ വിമർശനത്തിന്റെ പേരിൽ തന്നെ വിമർശിച്ചു രംഗത്തുവന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എൻഎസ്എസിനെതിരെ താനൊന്നും പറഞ്ഞിട്ടില്ലെന്നും എൻഎസ്എസ് ആസ്ഥാനത്ത് പോയത് പാർട്ടി ഏൽപ്പിച്ച ചുമതല നിർവഹിക്കാനാണെന്നും സതീശൻ വ്യക്തമാക്കി. റിപ്പോർട്ടർ ടിവിയോടാണ് സതീശൻ തന്റെ നിലപാട് വ്യക്തമാക്കിയത്.

താൻ പറഞ്ഞ കാര്യത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും സമുദായ സംഘടനകൾ കോൺഗ്രസിന്റെ ആഭ്യന്തര പ്രശ്‌നങ്ങളിൽ ഇടപെടേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. നമ്മൾ സമുദായ നേതാക്കളോടാരോടും മിണ്ടാതിരിക്കേണ്ട. എല്ലാവരും അവരുടെ സ്ഥലങ്ങളിൽ പോകണം, അവരോട് സംസാരിക്കണം. അവരുടെ പരിഭവങ്ങളും ആവലാതികളും കേൽക്കണം. ആരെങ്കിലും ആരോടെങ്കിലും അനീതി കാണിച്ചാൽ അവിടെ ഓടിയെത്തി അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമിക്കണം ഇതെല്ലാം നേരത്തെ വ്യക്തമാക്കിയ കാര്യമാണെന്ന് സതീശൻ പറഞ്ഞു.

തെരഞ്ഞെടുപ്പ് കാലത്ത് എല്ലാ രാഷ്ട്രീയ പാർട്ടികളും നേതാക്കന്മാരും എല്ലാ സമുദായ സംഘടനകളെയും സമീപിച്ച് സഹായം അഭ്യർത്ഥിക്കും. അത് ഞാൻ ഇന്നലെ വ്യക്തമായി പറഞ്ഞതാണ്. പിന്നെന്തിനാണ് അദ്ദേഹം അങ്ങനെ പറഞ്ഞതെന്ന് വ്യക്തമല്ല. അതിന് മറുപടിയൊന്നും പറയുന്നില്ല. ഒരു സ്ഥലത്തും പോയിട്ടില്ലെന്നോ, ഇനി പോകില്ലെന്നോ പറഞ്ഞിട്ടില്ല. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും ഞാൻ അവിടെക്ക് പോയിട്ടില്ലെന്നും സതീശൻ വ്യക്തമാക്കി. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തവുമായാണ് ഇക്കുറി താൻ അവിടെ പോയതെന്നും സതീശൻ വ്യക്തമാക്കി.

എൻഎസ്എസിനെക്കുറിച്ച് അനുകൂലമായ ഒരു പരാമർശം ഈ അടുത്ത കാലത്ത് താൻ നത്തിയിരുഞാൻ നടത്തിയിരുന്നു. കാരണം ഇന്ത്യയിൽ സംഘപരിവാർ ശക്തികൾക്ക് വിലക്കേടുക്കാൻ പറ്റാത്ത ഏക ഹിന്ദു സംഘടനയാണ് എൻഎസ്എസ്. അവരെ പണം കൊടുത്ത് സ്വാധീനിക്കാൻ പറ്റില്ല, ഭീഷണിപ്പെടുത്താൻ പറ്റില്ല, അവരുടെ മതിൽക്കെട്ടിനുള്ളിലേക്ക് സംഘപരിവാർ ശക്തികളെ ഇതുവരെ കയറ്റിയിട്ടില്ലെന്നാണ് താൻ പറഞ്ഞിട്ടുള്ളതെന്നും സതീശൻ പറഞ്ഞു.

സമുദായ സംഘടനകളെ കുറിച്ച് കെപിസിസിയുടെ നിലപാട് അറിയണമെങ്കിൽ അത് കെപിസിസി അധ്യക്ഷൻ പറയുമെന്നും സതീശൻ വ്യക്തമാക്കി. അതെനിക്ക് പറയാൻ പറ്റില്ലല്ലോ. കോൺഗ്രസിന്റെ ആഭ്യന്തര പ്രശ്‌നങ്ങളിൽ ഇടപെടാൻ സാമുദായിക സംഘടനകളെ സാധാരണ ഞങ്ങൾ അനുവദിക്കാറില്ല. അങ്ങനെ ഇടപെടുന്ന സാഹചര്യം വന്നാൽ അപ്പോൾ ഇടപെട്ടാൽ മതിയല്ലോയെന്നം അദ്ദേഹം പറഞ്ഞു.

നേരത്തെ മത-സാമുദായിക സംഘടനകളെ നിലവാരം കുറഞ്ഞ ഭാഷയിൽ വിമർശിക്കുകയാണ് സതീശനെന്നാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ പ്രസ്താവനയിൽ ആരോപിച്ചുത. രാഷ്ട്രീയ പാർട്ടികളുടെ ആഭ്യന്തര പ്രശ്നങ്ങളിൽ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം മത-സാമുദായിക സംഘടനകൾക്കും ഉണ്ട്. മതസാമുദായിക സംഘടനകളോടും ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിലും കെപിസിസിയുടെ നിലപാട് എന്താണെന്ന് അറിയേണ്ടതുണ്ട്. ആവശ്യം വരുമ്പോൾ സംഘടനകളെ സമീപിക്കുകയും അതിനുശേഷം തള്ളിപ്പറയുകയും ചെയ്യുന്ന സ്വഭാവം ആർക്കും യോജിച്ചതല്ല. തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനും എൻഎസ്എസ് ആസ്ഥാനത്ത് സഹായം തേടിയെത്തിയിരുന്നതായും സുകുമാരൻ നായർ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

പുതിയ സ്ഥാനലബ്ധിയിൽ മതിമറന്നാണ് പ്രതിപക്ഷ നേതാവ് വിലകുറഞ്ഞ പ്രസ്താവനകൾ നടത്തുന്നതെന്ന് കുറ്റപ്പെടുത്തുന്നുണ്ട്. മുന്നണികളോടും പാർട്ടികളോടും എൻഎസ്എസ് ഒരേ നിലപാട് മാത്രമേ സ്വീകരിക്കൂ. സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങളെ അംഗീകരിക്കുകയും തെറ്റായ കാര്യങ്ങളിൽ നിലപാട് യഥാവിധി അറിയിക്കുകയും ചെയ്യുമെന്ന് സുകുമാരൻ നായർ പ്രസ്താവനയിൽ വ്യക്തമാക്കിയരിുന്നു.