തിരുവനന്തപുരം: പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വിഡി സതീശനെ തെരഞ്ഞെടുക്കാനുള്ള തീരുമാനം കോൺഗ്രസ് ഹൈക്കമാന്റിന്റേതാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.

എംഎൽഎമാരെ കണ്ട ശേഷമാണ് ഹൈക്കമാന്റ് വിഡി സതീശനെ പ്രതിപക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന നിർണ്ണായക തീരുമാനം കൈക്കൊണ്ടത്. തീരുമാനം എടുക്കാൻ സോണിയ ഗാന്ധിക്കു വിട്ടുകൊണ്ട് ഐക്യകണ്‌ഠേന പ്രമേയം പാസാക്കിയിരുന്നു. ഇനി വിവാദങ്ങൾക്ക് പ്രസക്തിയില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

എല്ലാവരുടേയും അകമഴിഞ്ഞ പിന്തുണ വിഡി സതീശന് ഉണ്ടാകും. കേരളത്തിലെ കോൺഗ്രസ് തിരിച്ച് വരും. തലമുറമാറ്റം ആണോ എന്ന ചോദ്യത്തിന് വ്യക്തമായ പ്രതികരണത്തിന് ഉമ്മൻ ചാണ്ടി തയ്യാറായില്ല.

തെറ്റുകൾ തിരുത്താൻ ഒന്നിച്ച് ശ്രമിക്കും.താൻ കെ പി സി സി പ്രസിഡന്റ് ആകുന്നു എന്ന തരത്തിൽ ചർച്ച നടന്നതായ വാർത്ത അടിസ്ഥാന രഹിതമാണ്. അന്തിമ തീരുമാനം പാർട്ടിയിൽ നിന്ന് വന്ന സ്ഥിതിക്ക് ഇനി കൂടുതൽ ചർച്ചകൾക്ക് പ്രസക്തിയില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

അവസാന നിമിഷം വരെയും പ്രതിപക്ഷ നേതൃസ്ഥാനത്ത് രമേശ് ചെന്നിത്തല തന്നെ തുടരണമെന്ന നിലപാടാണ് ഉമ്മൻ ചാണ്ടി ഹൈക്കമാന്റിന് മുന്നിൽ അവതരിപ്പിച്ചത്.