തിരുവനന്തപുരം: കേരള സർക്കാരിനെതിരെ കിറ്റെക്സ് എം.ഡി. സാബു എം. ജേക്കബ് ഉയർത്തിയ ആരോപണങ്ങളിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആരോപണം സർക്കാരിനെതിരെയാണെന്നും സർക്കാർ മറുപടി പറയണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു. കേരളത്തിൽ നിന്നും ഒരു വ്യവസായ സ്ഥാപനവും പോകരുത്. കുന്നത്തുനാട് എംഎ‍ൽഎ. കിറ്റെക്സ് കമ്പനിയുടെ പ്രൊഡക്ടാണെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് മറുപടിയുമായി എംഎൽഎ പി വി ശ്രീനിജൻ രംഗത്തെത്തി. ഈ നിയമസഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ തന്നെ ഏറ്റവും ശ്രദ്ദേയമായ ചതുഷ്‌കോണ മത്സരം നടന്ന കുന്നത്തുനാട് എന്ന സംവരണ മണ്ഡലത്തിൽ നിന്നും വിജയിച്ച തന്നെ കേവലം ഒരു കമ്പനിയുടെ ഉത്പ്പന്നം എന്ന തരത്തിൽ അധിക്ഷേപിച്ചതിൽ വേദനയുണ്ടെന്ന് കുന്നത്തുനാട് എംഎൽഎ ഫേസ്‌ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

അതേസമയം കേരളം വ്യവസായ സൗഹൃദമല്ലെന്ന സാബു എം. ജേക്കബിന്റെ പ്രസ്താവനയ്ക്കെതിരെ ആർ.എസ്‌പി. നേതാവ് ഷിബു ബേബി ജോൺ രംഗത്തെത്തിയിരുന്നു. ഒരു നാട്ടിൽ വ്യവസായ സ്ഥാപനം ആരംഭിച്ച്, അവിടുത്തെ സ്രോതസുകളെല്ലാം ഉപയോഗിച്ച് വളർന്നു വന്മരം ആയശേഷം അതേ മണ്ണിനെ അടച്ചാക്ഷേപിക്കുന്നത് ശരിയായ പ്രവണതയല്ലെന്ന് ഷിബു ബേബി ജോൺ പറഞ്ഞു.

വിഷയത്തിൽ സാബു എം. ജേക്കബിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണെന്ന് മുഖ്യമന്ത്രി ട്വിറ്ററിലൂടെ പ്രതികരിച്ചു. രാജ്യത്തെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. സുസ്ഥിരവും നൂതനവുമായ വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നയം തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കിറ്റെക്സ് വിവാദത്തിന് പിന്നാലെ കേരള സർക്കാർ വ്യവസായ സംരംഭങ്ങളുമായി സഹകരിക്കുന്നവരാണെന്ന് പറഞ്ഞ ആർ.പി.ജി. ഗ്രൂപ്പ് ചെയർമാനും വ്യവസായിയുമായ ഹർഷ് വർധൻ ഗോയെങ്കയുടെ ട്വീറ്റ് ഷെയർ ചെയ്തായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

3500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയിൽ നിന്നും പിന്മാറുന്നതായി കിറ്റെക്സ് അറിയിച്ചതിന് പിന്നാലെയാണ് വിഷയത്തിൽ വിവാദങ്ങളുണ്ടാക്കുന്നത്. അനാവശ്യ പരിശോധനകൾ നടത്തുന്നുവെന്നാരോപിച്ചാണ് കേരള സർക്കാരുമായി ഉണ്ടാക്കിയ ധാരണാപത്രത്തിൽ നിന്ന് പിന്മാറുന്നതായി സാബു ജേക്കബ് അറിയിച്ചത്.

ഒരു അപ്പാരൽ പാർക്കും മൂന്ന് വ്യവസായ പാർക്കും നിർമ്മിക്കാനായിരുന്നു ധാരണപത്രം. ഒരു മാസത്തിനിടെ കിറ്റെക്‌സിൽ 11 പരിശോധനങ്ങൾ നടന്നെന്നും എന്നാൽ തെറ്റായി ഒന്നും സർക്കാർ കണ്ടെത്തിയിരുന്നില്ലെന്നും കിറ്റെക്‌സ് വാർത്താകുറിപ്പിൽ പറയുന്നു.

അതേസമയം വ്യവസായ വകുപ്പിന്റെ നേതൃത്വത്തിലുള്ള പരിശോധനകളൊന്നും കിറ്റെക്‌സിൽ നടന്നിട്ടില്ലെന്നും മറ്റ് ചില വകുപ്പുകളുടേയും സെക്ടർ മജിസ്‌ട്രേറ്റിന്റേയും പരിശോധനയാണ് നടന്നതെന്നും മന്ത്രി പി. രാജീവ് പറഞ്ഞിരുന്നു.

കിറ്റെക്‌സ് ഉന്നയിച്ച പരാതികൾ പരിശോധിക്കാൻ വ്യവസായ വകുപ്പ് സെക്രട്ടറിയെ അപ്പോൾ തന്നെ ചുമതലപ്പെടുത്തുകയും ചെയ്‌തെന്നും മന്ത്രി പറഞ്ഞു. നിയമപ്രകാരം വ്യവസായ സംരംഭങ്ങൾ ആരംഭിക്കാനും നടത്താനും ആഗ്രഹിക്കുന്ന ആർക്കും സംസ്ഥാന സർക്കാർ പൂർണ്ണ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു.