കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട് വികെ ഇബ്രാഹിം കുഞ്ഞിന് ആശ്വാസം. ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യവ്യവസ്ഥയിൽ ഹൈക്കോടതി ഇളവുകൾ അനുവദിച്ചു. ഇബ്രാഹിം കുഞ്ഞിന് ജില്ല വിട്ടുപോകാൻ കോടതി അനുമതി നൽകിയിട്ടുണ്ട്. കേസിന്റെ പേരിൽ സഞ്ചാര സ്വാതന്ത്ര്യം അനിശ്ചിതമായി തടയാനാകില്ല എന്ന് കോടതി നിരീക്ഷിച്ചു.

കേസിലെ അന്വേഷണവും ചോദ്യം ചെയ്യലും പൂർത്തിയായെന്നും നിലവിൽ പ്രോസിക്യൂഷൻ അനുമതിക്കായി വിജിലൻസ് കാക്കുകയാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജിയുമായി ഇബ്രാഹിം കുഞ്ഞ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. പാലാരിവട്ടം പാലം അഴിമതിക്കേസിലെ അഞ്ചാം പ്രതിയായ ഇബ്രാഹിം കുഞ്ഞിനെ കഴിഞ്ഞ വർഷമാണ് വിജിലൻസ് അറസ്റ്റ് ചെയ്യുന്നത്. ജനുവരി മാസത്തിലാണ് കർശന വ്യവസ്ഥകളോടെ ഇബ്രാഹിംകുഞ്ഞിന് ജാമ്യം അനുവദിക്കപ്പെട്ടത്.

പാലാരിവട്ടം പാലം അഴിമതികേസിൽ നവംബർ 18നാണ് ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്തത്. ചികിത്സയിൽ കഴിഞ്ഞിരുന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.