തിരുവനന്തപുരം: കേരളത്തിന് കിട്ടിയ സൗജന്യവാക്‌സിൻ കൃത്യമായി വിതരണം ചെയ്തിട്ടുപോരേ കേന്ദ്രത്തിനെതിരായ സിപിഎമ്മിന്റെ സമരമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. കേരളത്തിലെ വാക്‌സിൻ വിതരണത്തിലെ അപാകതയ്ക്ക് ഇനിയും പരിഹാരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കോവിൻ പോർട്ടലിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ആരോഗ്യകുപ്പ് എന്ത് നടപടിയെടുത്തുവെന്ന് കേന്ദ്രമന്ത്രി ചോദിച്ചു. കോവിൻ പോർട്ടിലെ തകരാർ പരിഹരിക്കാത്തത് സ്വകാര്യആശുപത്രികളെ സഹായിക്കാനാണെന്ന സംശയമുണ്ടെന്ന് മുരളീധരൻ പറഞ്ഞു.

മെഗാവാക്‌സിനേഷൻ ക്യാംപുകളിൽ നടക്കുന്നത് മനുഷ്യാവകാശലംഘനമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആരാണ് മെഗാ വാക്‌സിനേഷൻ ക്യാംപുകൾ സംഘടിപ്പിക്കാൻ പറഞ്ഞതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും താലൂക്ക്, ജില്ലാ ആശുപത്രികളുമടക്കം പൊതുജനാരോഗ്യമേഖല ശക്തമായ കേരളത്തിൽ എന്തുകൊണ്ട് അവയിലൂടെ വാക്‌സിൻ വിതരണം നടത്തുന്നില്ല.

രാജ്യത്ത് ആർടിസിപിആർ ടെസ്റ്റിന് ഏറ്റവുംകൂടുതൽ പണമീടാക്കുന്ന സംസ്ഥാനസർക്കാരിന് വാക്‌സിന്റെ പേരിൽ കേന്ദ്രത്തെ കുറ്റപ്പെടുത്താൻ എന്ത് യോഗ്യതയാണുള്ളതെന്ന് കേന്ദ്രമന്ത്രി ചോദിച്ചു. മറ്റ് സംസ്ഥാനങ്ങളിലെ രോഗികളെക്കുറിച്ച് ആശങ്കപ്പെടുന്ന ഇടത് നേതാക്കൾ കേരളത്തിലെ സ്ഥിതി വ്യക്തമാക്കണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു.

ജില്ല തിരിച്ച് ഇപ്പോൾ ഒഴിവുള്ള ഐസിയു കിടക്കകളുടെയും ഓക്‌സിജൻ ബെഡുകളുടെയും കണക്ക് പുറത്ത് വിടണം. കോട്ടയം, തൃശൂർ, - മെഡിക്കൽ കോളേജുകളിൽ കേന്ദ്രഫണ്ട് അനുവദിച്ച ഓക്‌സിജൻ പ്ലാന്റുകൾ ഇപ്പോഴും പ്രവർത്തനക്ഷമമാവാത്തത് സംസ്ഥാന ആരോഗ്യവകുപ്പിന്റെ പിടിപ്പുകേടാണെന്നും മന്ത്രി കുറ്റപ്പെടുത്തി. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് കേന്ദ്രത്തിനെതിരെ സമരം ചെയ്യാമെങ്കിൽ കേന്ദ്രമന്ത്രിക്ക് കേരളസർക്കാരിനെ വിമർശിക്കുകയുമാവാമെന്ന് മുരളീധരൻ പറഞ്ഞു.