ഹരിപ്പാട് : വിദേശത്ത് നിന്ന് പണം കൈപ്പറ്റിയതിൽ കിഫ്ബിക്കെതിരെ കേസ്സെടുത്തത് നിയമപരമായ നടപടിയെന്ന് കേന്ദ്ര വിദേശകാര്യ, പാർലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു.രാജ്യത്ത് തന്നെ കുറഞ്ഞ പലിശക്ക് വായ്പ കിട്ടുമെന്നിരിക്കെയാണ് ചട്ടങ്ങൾ ലംഘിച്ച് വിദേശത്ത് നിന്ന് പണം കൈപ്പറ്റിയത്.

ഭരണഘടനാ ചട്ടങ്ങൾ ലംഘിച്ചാൽ നിയമാനുസൃത നടപടി ഉണ്ടാകും. ചട്ടലംഘനം നടത്തിയത് പിടിക്കപ്പെട്ടപ്പോൾ കേന്ദ്ര ധനമന്ത്രിയെ വെല്ലുവിളിക്കുകയാണ് ധനമന്ത്രി തോമസ് ഐസക്. നിയമാനുസൃത നടപടി നേരിടുമ്പോൾ വികസനം മുടക്കുന്നുവെന്ന പരാതികൾ ഉയർത്തിയിട്ട് കാര്യമില്ല. സിനിമയിലെ വില്ലൻ കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ഡയലോഗുകൾ ഇറക്കി ജനങ്ങളെ കബളിപ്പിക്കാമെന്ന് തോമസ് ഐസക് കരുതരുത്.അഞ്ച് വർഷത്തെ കമ്മ്യൂണിസ്റ്റ് സർക്കാർ തീവെട്ടി കൊള്ളയാണ് നടത്തിയതെന്ന് മന്ത്രി പറഞ്ഞു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രക്ക് ഹരിപ്പാട് നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കുട്ടനാടൻ മേഖലയിലുൾപ്പെടെ കർഷകരുടെ നില പരിതാപകരമാണ്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ രണ്ടാം കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ചു.രണ്ടായിരത്തിൽ അധികം കോടിയുടെ ആദ്യ കുട്ടനാട് പാക്കേജിന്റെ പകുതി പോലും ചിലവഴിക്കാൻ കഴിഞ്ഞിട്ടില്ല. ആ തുക എവിടെ പോയി എന്ന് പറഞ്ഞിട്ട് മതി രണ്ടാം കുട്ടനാട് പാക്കേജെന്നും മന്ത്രി പറഞ്ഞു.കുട്ടനാട് പാക്കേജിന്റെ മറവിൽ കോടികൾ മുക്കാനാണ് ശ്രമം.നെൽകർഷകർക്ക് നെല്ല് സംഭരിച്ച പണം ലഭിക്കുന്നില്ല.

കേന്ദ്രം പ്രഖ്യാപിച്ചതിനേക്കാൾ താങ്ങു വില പ്രഖ്യാപിച്ചു എന്നാണ് സംസ്ഥാനത്തിന്റെ പ്രഖ്യാപനം.എന്നാൽ അതിന്റെ ഗുണം കർഷകർക്ക് ലഭിക്കുന്നില്ല. നരേന്ദ്ര മോദിയുടെ .നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ഉയർന്നതോതിൽ സംഭരണ വില നൽകുന്നു.
മോദി സർക്കാർ 5 വർഷം കൊണ്ട് 8 ലക്ഷം കോടി രൂപ നെല്ലും ഗോതമ്പും സംഭരിക്കാൻ പണം നൽകി. കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടാതെ അർഹിക്കുന്ന സംഭരണവില നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാകണം. ആലപ്പുഴയുടെ അഭിമാനമായിരുന്ന കയർ അടക്കമുള്ള വ്യവസായങ്ങൾ തകർന്നു . വ്യവസായങ്ങളുടെ ശവപറമ്പായി മാറിയ കേരളത്തെ വീണ്ടെടുക്കാൻ ദേശീയ ജനാധിപത്യ സഖ്യം അധികാരത്തിലെത്തണമെന്നും മന്ത്രി വ്യക്തമാക്കി