തിരുവനന്തപുരം: പാർലമെന്റ് വർഷകാല സമ്മേളനത്തിന് മഴയത്ത് സ്വയം കുട പിടിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പ്രശംസിച്ച് കേന്ദ്ര മന്ത്രി വി. മുരളീധരൻ. മുഖ്യമന്ത്രി പിണറായി വിജയന് ഇത്തരമൊരു ലാളിത്യം ജീവിതത്തിൽ പുലർത്താനാവില്ലെന്നും മുരളീധരൻ വിമർശിച്ചു. ഫേസ്‌ബുക്കിലൂടെയായിരുന്നു കേന്ദ്ര മന്ത്രിയുടെ പ്രതികരണം.

വി.മുരളീധരന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം...

'നിങ്ങൾ വിജയത്തിനർഹനാണെന്ന് ഈശ്വരന് ബോധ്യപ്പെടും മുമ്പ് വിനയംകൊണ്ട് അതിന് യോഗ്യനാണെന്ന് നിങ്ങൾ സ്വയം തെളിയിക്കണം' ( ഡോ.എ.പി.ജെ അബ്ദുൽ കലാം)
പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിനെത്തിയ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിജിയെ പാർലമെന്ററികാര്യമന്ത്രി ശ്രീ.പ്രഹ്ളാദ് ജോഷിക്കും സഹമന്ത്രി ശ്രീ അർജുൻ റാം മേഘ്വാളിനുമൊപ്പം സ്വാഗതം ചെയ്യുമ്പോൾ മനസ്സിലെത്തിയത് മുൻ രാഷ്ട്രപതിയുടെ ഈ വാക്കുകളാണ്.....മഴയത്ത് സ്വയം കുടപിടിച്ച് നടന്നുവന്ന നരേന്ദ്ര മോദിജി, താൻ രാജ്യത്തിന്റെ സേവകനാണെന്ന വാക്കുകൾ അന്വർഥമാക്കി.....

മുഖ്യമന്ത്രി മുതൽ പഞ്ചായത്ത് പ്രസിഡന്റ് വരെ കുട പിടിക്കാൻ സേവകരെ വയ്ക്കുന്ന കാലത്ത് സ്വയം കുട ചൂടി വന്ന ഇന്ത്യൻ പ്രധാനമന്ത്രി ചരിത്രത്തിലെ അപൂർവ കാഴ്ചയായി.....
തൊഴിലാളിവർഗത്തിന്റെ പ്രതിനിധിയെന്നവകാശപ്പെടുന്ന മുഖ്യമന്ത്രിക്കു പോലും ജീവിതത്തിൽ ഈ ലാളിത്യം പുലർത്താനാവില്ല...
നരേന്ദ്ര മോദി വിജയത്തിന് അർഹനാണെന്ന് ഈശ്വരന് ബോധ്യപ്പെടുന്നതും ഈ ജീവിതമൂല്യങ്ങൾ.