കോട്ടയം: ലൗ ജിഹാദിനെ കുറിച്ചു പറഞ്ഞ ജോസ് കെ മാണിയുടെ വാക്കുകൾ എതിർപ്പിനെ തുടർന്ന് പിൻവലിച്ച സാഹചര്യത്തിൽ വിമർശനം ഉന്നയിച്ചു കേന്ദ്രമന്ത്രി വി മുരളീധറൻ. ലൗ ജിഹാദിനെ കുറിച്ച് ക്രൈസ്തവ സഭകൾക്കുള്ള ആശങ്കയാണ് ജോസ് കെ മാണിയിലൂടെ പുറത്ത് വന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ജോസ് കെ മാണി പ്രസ്താവന തിരുത്തിയിട്ടുണ്ടെങ്കിൽ അതിന് കാരണം മുസ്ലിം ലീഗിന് സിപിഎമ്മിലുള്ള സ്വാധീനം കാരണമാണെന്നും വി മുരളീധരൻ കോട്ടയത്ത് പറഞ്ഞു.

ലൗ ജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്നും ഇതിൽ എന്തെങ്കിലും യാഥാർത്ഥ്യമുണ്ടോ എന്നതിൽ വ്യക്തത വേണമെന്നുമായിരുന്നു ജോസ് കെ മാണിയുടെ പരാമർശം . മുഖ്യമന്ത്രിയും മുന്നണി നേതൃത്വവും ഇതിനെ തള്ളി രംഗത്ത് വരികയും ചെയ്തു. ഇതോടെ 'ലൗ ജിഹാദ് സംബന്ധിച്ച് ഇടതുമുന്നണിക്കുള്ള അഭിപ്രായം തന്നെയാണ് കേരള കോൺഗ്രസിനും ഉള്ളതെന്ന നിലപാടിലേക്ക് ജോസ് കെ മാണി എത്തുകയായിരുന്നു.

മുസ്ലിം ലീഗിന്റെ അപ്രമാദിത്വത്തിന് കേരളത്തിലെ ഇടത്-വലത് മുന്നണികൾ കീഴ്‌പെട്ടു കഴിഞ്ഞുവെന്ന് മുരളീധരൻ പറഞ്ഞു. ജോസ് കെ. മാണി ഉന്നയിച്ച വിഷയം കേരളത്തിലെ ക്രിസ്ത്യൻ സമുദായത്തിൽ നിലനിൽക്കുന്ന ആശങ്കയാണെന്നും മുരളീധരൻ വ്യക്തമാക്കി. ക്രൈസ്തവ സമുദായം ആശങ്കപ്പെടുന്നതിന് മറ്റൊരു കാരണം കേരളത്തിൽ മുസ്ലിം ലീഗിന്റെ രാഷ്ട്രീയ അപ്രമാദിത്വമാണ്. ആ രാഷ്ട്രീയ അപ്രമാദിത്വത്തിന് മുന്നിൽ ഈ രണ്ട് മുന്നണികളും കീഴടങ്ങുകയാണ് എന്ന വസ്തുത കേരളത്തിലെ ക്രൈസ്തവരെ ആശങ്കപ്പെടുത്തുകയാണ്. ക്രൈസ്തവ സമുദായം മുസ്ലിം ലീഗിന്റെ ഭീകരവാദികളെ പിന്തുണക്കുന്ന സമീപനങ്ങൾക്കെതിരെ ശക്തമായ നിലപാട് എടുക്കുമെന്നും അത് ബിജെപിക്ക് അനുകൂലമായി മാറുമെന്നും വി. മുരളീധരൻ പറഞ്ഞു.

ലൗ ജിഹാദ് വിഷയത്തിൽ നിലപാട് മാറ്റി ജോസ് കെ മാണി രംഗത്തെത്തിയതെ മുഖ്യമന്ത്രി അടക്കം എതിർപ്പുയർത്തിയപ്പോഴായിരുന്നു. 'ലൗ ജിഹാദ് സംബന്ധിച്ച് ഇടതുമുന്നണിയുടെ അഭിപ്രായം തന്നെയാണ് കേരള കോൺഗ്രസിന്റെയും അഭിപ്രായം. ലൗ ജിഹാദ് എന്നത് തെരഞ്ഞെടുപ്പ് വിഷയമല്ല. ഇടതുസർക്കാരിന്റെ അഞ്ച് വർഷത്തെ വികസനമാണ് തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യുന്നത്. ഈ വികസന ചർച്ചകളിൽനിന്ന് ശ്രദ്ധതിരിക്കാനാണ് വിവാദങ്ങളിലൂടെ ശ്രമിക്കുന്നതെന്നും ജോസ് കെ.മാണി പറയുകയുണ്ടായി.

ലൗ ജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്നും ഇതിൽ എന്തെങ്കിലും യാഥാർത്ഥ്യമുണ്ടോ എന്നതിൽ വ്യക്തത വേണമെന്നുള്ള കഴിഞ്ഞ ദിവസത്തെ അദ്ദേഹത്തിന്റെ പ്രസ്താവന വിവാദമായ സാഹചര്യത്തിലായിരുന്നു ജോസ് കെ മാണി നിലപാട് മാറ്റിയത്. മുഖ്യമന്ത്രിയും സി. പി. ഐ സംസ്ഥാന സെക്രട്ടറിയും പ്രസ്താവനയോടുള്ള എതിർപ്പ് അറിയിച്ചതോടെയാണ് നിലപാട് മാറ്റി രംഗത്തെത്താൻ ജോസ് കെ മാണിയെ പ്രേരിപ്പിച്ചതെന്നാണ് അറിയുന്നത്.

ലൗ ജിഹാദുമായി ബന്ധപ്പെട്ട വിഷയത്തിൽ ജോസ്. കെ. മാണിയുടെ പ്രസ്താവന വിവാദമായതോടെ എൽ. ഡി. എഫും പ്രതിരോധത്തിലായി. ഇന്ന് രാവിലെ നടത്തിയ വാർത്താസമ്മേളനത്തിൽ ഇതുസംബന്ധിച്ച ചോദ്യങ്ങളോട് രൂക്ഷമായാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. പ്രസ്താവനയെക്കുറിച്ച് തനിക്കറിയില്ലെന്നും അതിനെക്കുറിച്ച് ജോസ് കെ മാണിയോട് തന്നെ ചോദിക്കണമെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. കാനം രാജേന്ദ്രനും ജോസ് മാണിയുടെ പ്രസ്താവന തള്ളി രംഗത്തെത്തിയിരുന്നു. ലൗ ജിഹാദെന്നത് മതമൗലിക വാദികളുടെ പ്രചാരണമാണെന്നും പ്രകടനപത്രികയിലെ കാര്യങ്ങളാണ് ഘടകകക്ഷികൾ പ്രചരിപ്പിക്കേണ്ടതെന്നും അല്ലാത്തവ ആ പാർട്ടിയുടെ മാത്രം അഭിപ്രായമാണെന്നുമായിരുന്നു കാനം പറഞ്ഞത്.