ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കേന്ദ്രം തരുന്നത് കാത്തുനിൽക്കാതെ കേരളം സ്വന്തം നിലയിൽ കോവിഡ് വാക്സിൻ വാങ്ങണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ഒരാഴ്ചത്തേക്ക് ആവശ്യമായ വാക്സിൻ കൂടി കേരളത്തിലുണ്ട്. ഈ സാഹചര്യത്തിൽ ആവശ്യത്തിന് വാക്സിൻ ഇല്ലെന്ന് പറഞ്ഞ് ആരോഗ്യമന്ത്രിയടക്കം ജനങ്ങളെ പരിഭ്രാന്തരാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അടുത്ത നാല് ദിവസത്തിനകം 6.5 ലക്ഷം ഡോസ് വാക്സിൻ കേന്ദ്രം കേരളത്തിന് നൽകും. ഒരാഴ്ചക്കുള്ളിൽ 1.12 ലക്ഷം പേർക്കാണ് കേരളത്തിൽ വാക്സിൻ നൽകിയത്. ഒറ്റയടിക്ക് 50 ലക്ഷം വാക്സിൻ വേണമെന്നും രണ്ട് ലക്ഷം വാക്സിൻ മാത്രമേ ബാക്കിയുള്ളുവെന്നും പറഞ്ഞാൽ ജനങ്ങൾ പരിഭ്രാന്തരാകുമെന്ന് കേരള സർക്കാർ ഓർക്കണം.

കേരളത്തിലെ വാക്സിൻ കേന്ദ്രങ്ങളിൽ സമ്പൂർണ അരാജകത്വമാണെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്തെ വാക്സിൻ കേന്ദ്രങ്ങൾ രോഗവ്യാപന കേന്ദ്രങ്ങളാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഓരോദിവസവും വാക്സിൻ നൽകുന്നവരെ മുൻകൂട്ടി തീരുമാനിക്കുകയും അവരെ അറിയിക്കുകയും വേണം. രജിസ്റ്റർ ചെയ്യാത്തവർക്കും വാക്സിൻ നൽകുന്നതാണ് കേരളത്തിലെ പ്രതിസന്ധിക്ക് കാരണം. കേരളത്തിൽ എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ വാഗ്ദാനം നൽകിയതാണ്. ഇതിനുള്ള നടപടികൾ സംസ്ഥാന സർക്കാർ തന്നെ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിൽ ഇനി ശേഷിക്കുന്നത് മൂന്നുലക്ഷം ഡോസ് വാക്സിൻ മാത്രമെന്ന് മന്ത്രി കെ.കെ. ശൈലജ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഈ അഭിപ്രായത്തിനെതതിരെ കൂടിയാണ് മുരളീധരന്റെ വിമർശനം. ദിവസേന രണ്ടുലക്ഷത്തിനു മുകളിൽ വാക്‌സിൻ നൽകുന്നുണ്ട്. വാക്സിൻ ഇല്ലാത്തത് പ്രതിസന്ധിയുണ്ടാക്കുന്നതിനാൽ കേരളം ആവശ്യപ്പെട്ട 50 ലക്ഷം ഡോസ് ഉടൻ ലഭ്യമാക്കണമെന്ന് കേന്ദ്രത്തോട് മന്ത്രി ആവശ്യപ്പെട്ടു.

18 വയസ്സിനു മുകളിലുള്ളവരുടെ വാക്‌സിനേഷൻ തുടങ്ങാൻ നിലവിലുള്ളവരുടെ വാക്‌സിനേഷൻ പൂർത്തിയാക്കണം. അതിന് കൂടുതൽ വാക്‌സിൻ കിട്ടിയേതീരൂ. കേരളത്തിൽ ചൊവ്വാഴ്ച 2.02 ലക്ഷം പേർക്ക് വാക്‌സിൻ നൽകി. 1100 സർക്കാർ ആശുപത്രികളും 330 സ്വകാര്യ ആശുപത്രികളും ഉൾപ്പെടെ 1430 കേന്ദ്രങ്ങളിലാണ് വാക്‌സിനേഷൻ നടന്നത്. ഇതുവരെ ആകെ 62.36 ലക്ഷം പേർക്കാണ് വാക്‌സിൻ നൽകിയത്. അതിൽ 54.38 ലക്ഷം പേർക്ക് ആദ്യഡോസും 7.98 ലക്ഷം പേർക്ക് രണ്ടാം ഡോസും നൽകി.