ന്യൂഡൽഹി: കേരളത്തിലെ വാക്സിൻ പ്രതിസന്ധിയുടെ കാരണം സംസ്ഥാന സർക്കാരിന്റെ വ്യക്തതയില്ലായ്മയും ആശയക്കുഴപ്പവുമാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. അത് മറച്ചുവയ്ക്കാൻ മോദി വിരുദ്ധ പ്രചരിപ്പിച്ച് പ്രമേയം കൊണ്ടുവരുന്നു. രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെതിരെ ഒരാഴ്ചയ്ക്കിടെ രണ്ട് പ്രമേയമാണ് നിയമസഭയിൽ കൊണ്ടുവന്നത്. ഭരണ-പ്രതിപക്ഷ കക്ഷികൾ ചേർന്ന് കയ്യടിച്ച് പാസാക്കുന്നുവെന്നും മുരളീധരൻ വിമർശിച്ചു.

ലക്ഷദ്വീപ് വിഷയത്തിലാണ് ആദ്യ പ്രമേയം. തെങ്ങിന്റെ രോഗം മാറാൻ മട്ടിയടിച്ചതിനെ കാവിവത്കരണമാണെന്ന് പറയുന്ന ഒരു മുഖ്യമന്ത്രി. ആ വാദത്തിലെ അർത്ഥ ശൂന്യത ചൂണ്ടിക്കാണിക്കാൻ പോലും അവിടെ ഒരാളുമില്ല. കേരളത്തിൽ പ്രതിപക്ഷം ഇല്ലാതായിരിക്കുന്നു. പ്രതിപക്ഷം എന്ന സ്ഥാനത്ത് ഒരു ശൂന്യതയാണ് ഇപ്പോഴുള്ളത്. സംസ്ഥാന നിയമസഭയെ മോദി വിരുദ്ധ രാഷ്്രടീയത്തിന്റെ വേദിയാക്കി മാറ്റിരിക്കുന്നുവെന്നും ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

എല്ലാത്തിനും കയ്യടിക്കുന്ന ഒരു പ്രതിപക്ഷമാണ് നിയമസഭയിലുള്ളത്. കോവിഡ് മരണങ്ങൾ സംസ്ഥാന സർക്കാർ മറച്ചുവയ്ക്കുന്നു എന്ന ഗുരുതരമായ വിഷയം അവതരിപ്പിച്ചിട്ടും ഒരു ചർച്ച നടന്നില്ല. പകരം ആരോഗ്യമന്ത്രി എഴുന്നേറ്റ് അത് പൂർണ്ണമായും നിഷേധിച്ചു. പ്രതിപക്ഷത്തെ അടച്ചാക്ഷേപിച്ചു. എന്നിട്ടും ഒന്ന് ഇറങ്ങിപ്പോകാനുള്ള ധൈര്യമെങ്കിലും കാണിക്കേണ്ടേ. ഓൺലൈൻ വിദ്യാഭ്യാസത്തിലെ അപര്യാപ്തതയെ കുറിച്ച് നോട്ടീസ് നൽകിയിട്ടും ചർച്ചയില്ല. മന്ത്രിമാരുടെ മറുപടി കേട്ടിട്ട് പ്രതിപക്ഷം സഭയിൽ ഇരിക്കുന്നു.

പ്രതിപക്ഷ നേതാവ് എല്ലാം ചൂണ്ടിക്കാണിക്കുന്ന ചൂണ്ടൽ വിദഗ്ധനാണ്. അദ്ദേഹത്തിന്റെ നേതാവ് ദിവസം മൂന്നു നേരം മരുന്നു കഴിക്കുന്നതുപോലെയാണ് മോദിയെ വിമർശിക്കുന്നത്. രാഹുൽ ഗാന്ധി കേരളത്തിലെ പ്രതിപക്ഷ നേതാവിനെ മാതൃകയാക്കണം. നേമത്ത് ബിജെപിയെ തോൽപ്പിച്ചതാരാണെന്ന അവകാശത്തിനുള്ള മത്സരമാണ് നടക്കുന്നത്. മുസ്ലിം ജിഹാദി വോട്ട് നിലനിർത്താനും തിരിച്ചുപിടിക്കാനുമുള്ള മത്സരമാണ് നിയമസഭയിൽ നടക്കുന്നത്. അതിനുള്ള വേദിയാണോ നിയമസഭയെന്നും മുരളീധരൻ ചോദിക്കുന്നു.

രണ്ടാമത്തെ പ്രമേയം വന്നത് കേന്ദ്രം സൗജന്യമായി വാക്സിൻ നൽകണമെന്നാണ്. മുഖ്യമന്ത്രി പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ തലേദിവസം പറഞ്ഞത്. സൗജന്യമായി സംസ്ഥാന സർക്കാർ വാക്സിൻ നൽകുമെന്നാണ്. അല്ലാതെ കേന്ദ്രം തരുമ്പോൾ എത്തിച്ചുനൽകാമെന്നല്ല. അന്ന് വോട്ട് കിട്ടാൻ പച്ചക്കള്ളം പറഞ്ഞു. അതുകഴിഞ്ഞ് ആഗോള ടെൻഡൻ വിളിക്കുന്നുവെന്ന് പറഞ്ഞു. സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ ആശയ വ്യക്തതയില്ല. 18-44 വയസ്സുവരെയുള്ള ആകളുകൾക്ക് സൗജന്യമായി വാക്സിൻ നൽകുമെന്ന് പറയുന്നു. അതോടെ സ്വകാര്യ ആശുപത്രികൾ വാക്സിൻ വാങ്ങാൻ മടിച്ചു. വാക്സിൻ സൗജന്യമായി സർക്കാർ കൊടുക്കുമെങ്കിൽ സൗകര്യ ആശുപത്രികൾക്ക് വാങ്ങുന്ന വാക്സിൻ ചെലവാകാതെ കെട്ടിക്കിടക്കും. അതിനാൽ അവർ വാങ്ങാൻ മടി കാണിക്കുന്നു. കേന്ദ്രസർക്കാർ സൗജന്യമായി നൽകുന്ന വാക്സിൻ മാത്രമാണ് ഇപ്പോൾ സംസ്ഥാനത്തുള്ളത്.

കേന്ദ്രം വിപണിയിലെ മത്സരത്തിന് സംസ്ഥാന സർക്കാരുകളെ നിർബന്ധിക്കുന്നുവെന്നാണ് ആരോഗ്യമന്ത്രി ഇന്നലെ നിയമസഭയിൽ പറഞ്ഞത്. സഭയിൽ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തത്. സംസ്ഥാനത്തിന്റെ നയമില്ലായ്മയും കഴിവുകേടും മറച്ചുവയ്ക്കാനാണ് മോദി വിരുദ്ധത അഴിച്ചുവിടുകയാണ്. ആേരാഗ്യമന്ത്രി കാര്യങ്ങൾ പഠിച്ചുവേണം നിയമസഭയിൽ സംസാരിക്കാൻ.

ആശുപത്രികളിലെ ചികിത്സ നിരക്കിനെതിരെ സ്വകാര്യ ആശുപത്രികൾ കോടതിയിൽ പോയിരിക്കുകയാണ്. പരിശോധന ഉപകരണങ്ങളുടെ നിരക്ക് വ്യക്തമല്ല. പിപിഇ കിറ്റ് അടക്കമുള്ളവയുടെ വില കൂടി. അശാസ്ത്രീയമായി ആശുപത്രികളുടെ നിരക്ക് പ്രഖ്യാപിച്ചത് ചികിത്സയെ ബാധിക്കുന്നു. അത് മരണനിരക്ക് കൂട്ടുന്നു. വിദഗ്ധ പരിശോധനകൾ കൂടാതെയാണ് നിരക്ക് പ്രഖ്യാപനം. ജനങ്ങളെ ചൂഷണത്തിന് ഇരയാക്കരുത്. എന്നാൽ അവർക്ക് നല്ലചികിത്സ ലഭ്യമാക്കണം. എന്നാൽ ഇവിടെ കയ്യടി വാങ്ങാൻ നിരക്ക് പ്രഖ്യാപിക്കുകയും അത് നടപ്പാക്കാൻ ഒന്നും ചെയ്യാതിരിക്കുകയുമാണ് ഇവിടുത്തെ കോവിഡ് നയം.

കേന്ദ്ര പദ്ധതികളെ അട്ടിമറിക്കാൻ ബോധപൂർവ്വമായ ശ്രമം നടത്തി. പാവപ്പെട്ടവർക്ക് കിട്ടേണ്ട ഭവന പദ്ധതി അട്ടിമറിച്ചു. നിർഭയ, സ്ത്രീ സുരക്ഷ, ഉന്നത വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താനുള്ള പദ്ധതി എല്ലാം അട്ടിമറിച്ചു. വനാതിർത്തി ഗ്രാമങ്ങളിൽ വന്യജീവികളിൽ നിന്നുള്ള സംരക്ഷണത്തിനുള്ള ഫണ്ടിന്റെ പകുതി പോലും ചെലവഴിച്ചില്ല. മോദി വിരുദ്ധ രാഷ്ട്രീയം പ്രചരിപ്പിക്കാൻ ഈ ഫണ്ടുകൾ ചെലവഴിച്ചില്ല. കഴിഞ്ഞ ഒരു വർഷത്തിനിടെ പ്രധാനമന്ത്രി എത്ര തവണ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രി എത്ര തവണ പങ്കെടുത്തുവെന്ന് പറയണം. സഹകരണ ഫെഡറലിസത്തെ അട്ടിമറിക്കുന്നത് നരേന്ദ്ര മോദിയല്ല, പിണറായി വിജയനാണെന്നും മുരളീധരൻ പറഞ്ഞു.