ന്യൂഡൽഹി: ഹമാസിന്റെ റോക്കറ്റ് ആക്രമണത്തിൽ ഇസ്രേയേലിൽ കൊല്ലപ്പെട്ട മലയാളി യുവതി സൗമ്യ സന്തോഷിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ.

സൗമ്യ സന്തോഷ് കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ ഇസ്രയേലിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജീവ് സിങ്ലയുമായി സംസാരിച്ചുവെന്നും മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടുവെന്നും മുരളീധരൻ പറഞ്ഞു.

സഞ്ജീവ് സിങ്ല ഇസ്രയേലി അധികൃതരുമായി ഇത് സംബന്ധിച്ച് ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമേ ഇസ്രയേൽ അധികൃതർ മൃതദേഹം ഇന്ത്യൻ എംബസിക്ക് വിട്ടുകിട്ടുനൽകുകയുള്ളൂ. ഈ നടപടികൾ ഇത് വരെ പൂർത്തിയാക്കിയിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു.

ഇസ്രയേലിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യമാണ് ഇപ്പോഴുമുള്ളത്. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനുള്ള നടപടികൾ ഇന്ത്യൻ എംബസിയുടെ ഭാഗത്ത് നിന്ന് ഇസ്രേയേലി അധികൃതരുമായി ബന്ധപ്പെട്ടുകൊണ്ട് ചെയ്തുകൊണ്ടിരിക്കുകയാണ്. കേന്ദ്ര സർക്കാർ ഈ കാര്യത്തിൽ ആവശ്യമായ എല്ലാ ഇടപെടലും നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ഇത് സംബന്ധിച്ച് കേരളത്തിൽ ചില രാഷ്ടീയ വിവാദങ്ങളുണ്ടായതായി അറിയുന്നു. ദൗർഭാഗ്യകരമായ ഒരു സംഭവത്തെ രാഷ്ട്രീയവത്കരിക്കാനുള്ള നീക്കം അതാരുടെ ഭാഗത്തുനിന്നും ഉണ്ടാകരുത്.

വിദേശകാര്യ വകുപ്പിന്റെ ചുമതലയുള്ള സഹമന്ത്രി എന്ന നിലയിൽ, അന്താരാഷ്ട്ര തലത്തിലടക്കം വിവിധ മാനങ്ങളുള്ള സംഭവമായതിനാൽ കൂടുതൽ കാര്യങ്ങൾ പറയുന്നതിൽ പരിമിതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.