തിരുവനന്തപുരം: സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവന്റെ പ്രൈവറ്റ് സെക്രട്ടറിയെ മാറ്റി. സിപിഎം നേതാവ് ജോർജ് മാത്യുവിനെയാണ് മാറ്റിയത്. മന്ത്രി ആവശ്യപ്പെട്ടതു പ്രകാരമാണ് മാറ്റിയതെന്നാണ് സൂചന.

സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ് ജോർജ് മാത്യു. നാളെ അദ്ദേഹം ചുമതലയൊഴിയും. ഇപ്പോൾ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിക്കുന്ന മുൻ എൻജിഒ യൂണിയൻ ജനറൽ സെക്രട്ടറി മാത്തുക്കുട്ടി പ്രൈവറ്റ് സെക്രട്ടറിയാകുമെന്നാണ് വിവരം.

എന്നാൽ ജോർജ് മാത്യുവിനെ പാർട്ടി ചുമതലയിലേക്ക് മാറ്റുകയാണെന്നാണ് ഔദ്യോഗിക വിശദീകരണം. കൊല്ലത്ത് തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് രണ്ട് ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾക്കെതിരെ നടപടിയെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് ജോർജ്ജു മാത്യുവിനെ തിരികെ വിളിക്കുന്നത് എന്നാണ് സൂചന.

സംഘടനാ പ്രവർത്തന രംഗത്തെ കുറവു പരിഹരിക്കുക ലക്ഷ്യമിട്ടാണ് ജോർജ് മാത്യുവിനെ, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെന്ന ചുമതലയിൽ നിന്നും മാറ്റിയതെന്നാണ് വിശദീകരിക്കുന്നത്.