തിരുവനന്തപുരം: അറവുശാലയിലെ പോത്തിന്റെ കരച്ചിലാണ് ജനപക്ഷം നേതാവ് പി സി ജോർജിന്റേതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മുഖ്യമന്ത്രി പിണറായി വിജയനെതിരെ പി സി ജോർജ് തൃക്കാക്കരയിൽ നടത്തിയ വാർത്താസമ്മേളനത്തിലെ രൂക്ഷമായ പരാമർശങ്ങൾക്കാണ് മന്ത്രി പ്രതികരിച്ചത്. പിണറായി ആരെന്ന് ജനത്തിനറിയാമെന്നും അതിന് പി സി ജോർജിന്റെ സർട്ടിഫിക്കറ്റ് വേണ്ടെന്നും അദ്ദേഹം പറഞ്ഞു.വർഗീയവിഷം തുപ്പിയാൽ ഇനിയും അകത്തു കിടക്കേണ്ടി വരും. അതാണ് രാജ്യത്തെ നിയമസംവിധാനമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പി സി എന്ന ഇനീഷ്യലിനെ ഏറ്റവും മോശമായി ചിത്രീകരിച്ച പാർട്ടിക്കൊപ്പമാണ് പി സി ജോർജ് ഇപ്പോഴുള്ളതെന്നു പറഞ്ഞ അദ്ദേഹം സ്വയം വിറ്റ് ജീവിക്കാനുള്ള ശ്രമത്തിലാണ് പി സി ജോർജെന്നും പ്രതികരിച്ചു.

രാഷ്ട്രീയ ജീവിതത്തിൽ വർഗീയ സംഘടനകളുമായി പി സി ജോർജ് നിരവധി തവണ ആത്മബന്ധം സ്ഥാപിക്കാൻ ശ്രമിച്ചിട്ടുണ്ട്. അത് തിരിച്ചറിഞ്ഞാണ് കേരള ജനത പി സി ജോർജിനെ തോൽപ്പിച്ച് വീട്ടിൽ ഇരുത്തിയത്. പി സി ജോർജിനോ അദ്ദേഹം ഇപ്പോൾ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനങ്ങൾക്കോ കേരളത്തിലെ സമാധാനാന്തരീക്ഷം തകർക്കാൻ കഴിയില്ല എന്നും മന്ത്രി വ്യക്തമാക്കി.
വർഗീയ വിഭജനം ഉന്നംവെച്ചുള്ള നീക്കങ്ങളാണ് സംഘപരിവാറിൽ നിന്ന് ഉണ്ടാകുന്നതെന്നും പി സി ജോർജിനെ അതിനുള്ള കരുവാക്കുകയാണെന്നും മന്ത്രി പറഞ്ഞു. പിണറായി വിജയന്റെ അന്ത്യത്തിലേക്കുള്ള കൗണ്ട്ഡൗൺ ആരംഭിച്ചുവെന്ന പി സി ജോർജിന്റെ പ്രസ്താവനക്ക് കൗണ്ട്ഡൗൺ തുടങ്ങിയത് ആരുടേതാണെന്ന് കാലം തെളിയിക്കുമെന്ന് മന്ത്രി പ്രതികരിച്ചു.

തിരുവനന്തപുരത്ത് വെണ്ണലയിലും വിദ്വേഷ പ്രസംഗം നടത്തിയതിനെ തുടർന്ന് പിസി ജോർജിനെതിരെ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. കർശന ഉപാധികളോടെയാണ് ഇന്നലെ അദ്ദേഹത്തിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. തുടർന്ന് തനിക്കെതിരെ അഭിപ്രായം പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന് തൃക്കാക്കരയിൽ വെച്ച് മറുപടി നൽകുമെന്നും പിസി ജോർജ് പറഞ്ഞിരുന്നു.