തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ വിചാരണ നേരിടാൻ ഒരുങ്ങുകയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കോടതി നടപടിയുടെ പേരിൽ രാജിവെക്കേണ്ട കാര്യമില്ലെന്നാണ് ശിവൻകുട്ടിയുടെ പക്ഷം. പാർട്ടി തീരുമാനപ്രകാരാണ് ഇതെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ അന്നത്തെ സംഭവങ്ങളുടെ പേരിൽ തനിക്ക് കുറ്റബോധമില്ലെന്നാണ് ശിവൻകുട്ടി വ്യക്തമാക്കുന്നത്. നിയമസഭയിൽ നടന്ന സംഭവങ്ങളിൽ തനിക്ക് കുറ്റബോധമില്ലെന്നും അപൂർവം ചില ആളുകൾ അന്നത്തെ സംഭവം ഒഴിവാക്കേണ്ടിയിരുന്നു എന്നു പിന്നീട് പറഞ്ഞിരുന്നുവെന്നും മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി.

ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ശിവൻകുട്ടി നിലപാട് വ്യക്തമാക്കിയത്. നിയമസഭയിലെ 'ഡെസ്‌കിന്മേൽ നടത്തം' ഒഴിവാക്കാമായിരുന്നു എന്നു പിന്നീട് തോന്നിയോ എന്ന ചോദ്യത്തിന് 'അത് അന്ന് സമര രംഗത്ത് വന്ന ഒരു രീതിയാണ്. അതിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമുണ്ട്. അന്ന് അങ്ങനെ സംഭവിച്ചു പോയി' എന്നാണ് മന്ത്രി പ്രതികരിച്ചത്.

സുപ്രീംകോടതി വിധി അംഗീകരിക്കുന്നു. കോടതി വിധിയുടെ പശ്ചാത്തലത്തിൽ രാജിവെക്കേണ്ട കാര്യമില്ല. കേസും ശിക്ഷയും രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമാണെന്നുമാണ് കോടതി വിധി വന്ന ദിവസം ശിവൻകുട്ടി പ്രതികരിച്ചത്. ഒരു കമ്യൂണിസ്റ്റുകാരന്റെ ജീവിതം നിരന്തരസമരമാണ്. ഈ സമൂഹത്തിലെ അഴിമതിക്കും അനീതിക്കും എതിരെ ആണ് സമരങ്ങൾ. വിദ്യാർത്ഥി ആയിരുന്ന കാലം മുതൽ എത്രയോ സമരങ്ങൾ നടത്തിയിട്ടുണ്ട്. അതിനു പലപ്പോഴും ശിക്ഷ നേരിടേണ്ടി വന്നിട്ടുണ്ട്. ശിക്ഷ നേരിടേണ്ടി വരും എന്ന് അറിഞ്ഞു കൊണ്ട് തന്നെ ആണ് സമരങ്ങൾ നടത്തുന്നത്.

ഒരു സമരം എന്നത് ഭരണകൂടത്തിനും ചൂഷണാധിഷ്ഠിത സമൂഹത്തിനും എതിരെ ആണ്. അപ്പോൾ സംഘർഷങ്ങൾ ഉണ്ടായെന്ന് വരും. അതു കൊണ്ട് തന്നെ ഒരു ജനാധിപത്യ രാജ്യത്ത് കോടതി ഇടപെടൽ ഉണ്ടായെന്ന് വരും. കോടതി വിധി പൂർണമായി അംഗീകരിക്കുകയും വിചാരണ നേരിടുകയും ചെയ്യും. നിയമസഭയിലെ സമരം അന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തീരുമാനം ആയിരുന്നു. അന്ന് ഞങ്ങൾ ആ തീരുമാനം നടപ്പാക്കുകയായിരുന്നുവെന്നുമായിരുന്നു ശിവൻകുട്ടിയുടെ നിലപാട്.

അതേസമയം നിയമസഭാ കയ്യാങ്കളി കേസ് ഇന്ന് തിരുവനന്തപുരം സിജെഎം കോടതിയുടെ പരിഗണനയിൽ വരും. കുറ്റപത്രത്തിൽ നിന്നു ഒഴിവാക്കണമെന്ന പ്രതികളുടെ അപേക്ഷ കോടതി പരിഗണിക്കും. കേസിലെ പ്രതികൾ വിചാരണ നേരിടണമെന്ന സുപ്രീം കോടതി വിധിക്ക് ശേഷമാണ് കേസ് വീണ്ടും ഇന്ന് വീണ്ടും പരിഗണിക്കുന്നത്. മന്ത്രി വി ശിവൻകുട്ടി, കെ.ടി ജലീൽ എന്നിവർ ഉൾപ്പെടെയുള്ളവർ പ്രതികളായ കേസിൽ സ്പേഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചേക്കുമെന്നാണ് സൂചന. പ്രതികളുടെ വിടുതൽ ഹർജി കോടതിയിൽ ഉണ്ടെങ്കിലും വിചാരണ നേരിടാൻ സുപ്രീം കോടതി ഉത്തരവിട്ടതോടെ ഇത് അപ്രസക്തമാകും. വിചാരണാ നടപടികളും വീണ്ടും ആരംഭിക്കും.

അതേസമയം കുറ്റപത്രത്തിൽ നിന്നു ഒഴിവാക്കണമെന്ന പ്രതികളുടെ അപേക്ഷക്കെതിരെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തടസ ഹർജി സമർപ്പിക്കും. 2015ൽ യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് അന്നത്തെ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ പ്രതിപക്ഷാംഗങ്ങൾ നിയമസഭയിൽ നടത്തിയ അതിക്രമങ്ങളാണ് കേസിനാധാരം. നിയമസഭ കയ്യാങ്കളിക്കേസ് അവസാനിപ്പിക്കാൻ അനുമതി തേടി സംസ്ഥാന സർക്കാർ സമർപ്പിച്ച ഹരജി കോടതി തള്ളിയിരുന്നു.

കേസ് പിൻവലിക്കാനാകില്ലെന്നും മന്ത്രി വി. ശിവൻകുട്ടി അടക്കം ആറു പ്രതികളും വിചാരണ നേരിടണമെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ച് വിധിച്ചു. മന്ത്രി ശിവൻ കുട്ടിയെ കൂടാതെ മുൻ മന്ത്രിമാരായ ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, മുൻ എംഎ‍ൽഎമാരായ കെ. അജിത്, സി.കെ. സദാശിവൻ, കെ. കുഞ്ഞഹമ്മദ് എന്നിവരാണ് കേസിലെ പ്രതികൾ.