പാലക്കാട്: വി ടി ബൽറാം എംഎൽഎ ക്വാറന്റീനിൽ. തൃത്താല സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് വി.ടി.ബൽറാം എംഎ‍ൽഎ സ്വയം ക്വാറന്റൈനിൽ പ്രവേശിച്ചത്. ഇദ്ദേഹവുമായി സമ്പർക്കത്തിലേർപ്പട്ടതിനെ തുടർന്നാണിത്. ഓഗസ്റ്റ് 12ന് സ്രവം എടുത്ത പൊലീസുകാരന് ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്.

പരുതൂർ പഞ്ചായത്തിലെ ഭിന്നശേഷിക്കാരായ ചില വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് താനും ഇദ്ദേഹവും ഓഗസ്റ്റ് ആറിന് സമ്പർക്കത്തിലുണ്ടായിരുന്നെന്ന് എംഎ‍ൽഎ അറിയിച്ചു. ഫേസ്‌ബുക്കിലൂടെയാണ് അദ്ദേഹം സ്വയം ക്വാറന്റൈനിൽ പോകുന്ന കാര്യം അറിയിച്ചത്. സഹപ്രവർത്തകരായ യാസീൻ, ഷെരീഫ് എന്നിവരും ക്വാറന്റൈനിലാണ്.

വി.ടി ബൽറാം എംഎ‍ൽഎയുടെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

തൃത്താല പൊലീസ് സ്റ്റേഷനിലെ ഒരുദ്യോഗസ്ഥന് കോവിഡ് പോസിറ്റീവ് ആയി റിസൾട്ട് വന്നിട്ടുണ്ട്. ഓഗസ്റ്റ് 12ന് സ്വാബ് എടുത്ത ഇദ്ദേഹത്തിന് ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. എന്നിരുന്നാലും ഓഗസ്റ്റ് 3 മുതൽ ഇദ്ദേഹവുമായി സമ്പർക്കത്തിലുണ്ടായിരുന്ന എല്ലാവരേയും പ്രൈമറി കോൺടാക്റ്റുകളായാണ് വിലയിരുത്തുന്നത്.

പരുതൂർ പഞ്ചായത്തിലെ ഭിന്നശേഷിക്കാരായ ചില വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നതിനായി ഓഗസ്റ്റ് 6 ന് ഞാനും ഇദ്ദേഹവുമായി അൽപ്പസമയം സമ്പർക്കത്തിലുണ്ടായിരുന്നു. ആയതിനാൽ ഇദ്ദേഹത്തിന് പോസിറ്റീവാണെന്ന വാർത്ത അറിഞ്ഞ ഇന്നലെ ഉച്ചക്ക് ശേഷം മുതൽ ഞാൻ സ്വയം ക്വാറന്റീനിൽ പ്രവേശിച്ചിരിക്കുകയാണ്. സഹപ്രവർത്തകരായ യാസീൻ, ഷെരീഫ് എന്നിവരും ക്വാറന്റീനിലാണ്.

ഇന്ന് രാവിലെ പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ നിന്ന് കോവിഡ് പരിശോധനക്കുള്ള സ്വാബ് എടുത്തിട്ടുണ്ട്. അതിന്റെ റിസൾട്ട് വരുന്നത് വരെ ക്വാറന്റീൻ തുടരും. റിസൾട്ടിനനുസരിച്ച് ആരോഗ്യ വകുപ്പ് അധികൃതരുടെ ബാക്കി നിർദ്ദേശങ്ങൾ പാലിക്കേണ്ടതായിട്ടുമുണ്ട്.

ഈ സാഹചര്യത്തിൽ ഇന്ന് പലയിടത്തുമായി ഏറ്റിരുന്ന ചെറിയ ചെറിയ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളടക്കം കുറച്ച് ദിവസത്തേക്ക് പരിപാടികളിൽ ഒന്നും പങ്കെടുക്കാൻ കഴിയാത്തതിൽ ഖേദിക്കുന്നു. അടുത്ത ഏതാനും ദിവസം എംഎ‍ൽഎ ഓഫീസും പ്രവർത്തിക്കുന്നതായിരിക്കില്ല. വീട്ടിലും സന്ദർശകരെ കാണാൻ നിർവ്വാഹമില്ല. അത്യാവശ്യക്കാർക്ക് എന്റെ നമ്പറിന് പുറമേ 9446672210 (മുഹമ്മദലി), യാസീൻ (9107686868) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.