തിരുവനന്തപുരം: സർക്കാർ ജോലികളിൽ ഓപ്പൺ കോട്ടയിലെ പത്ത് ശതമാനം മുന്നോക്ക സംവരണം ഏർപ്പെടുത്താനുള്ള തീരുമാനത്തിനെതിരെ വി ടി ബൽറാം എംഎഎൽഎ. സർക്കാർ നടപ്പാക്കുന്നത് സാമ്പത്തിക സംവരണമല്ലെന്നും സവർണ സംവരണമാണെന്നും ബൽറാം ഫേസ്‌ബുക്കിൽ കുറിച്ചു.

ഓപ്പൺ ക്വാട്ടയിലുണ്ടാവേണ്ടിയിരുന്ന 10% സീറ്റ് ഇനി മുതൽ സവർണ സമുദായങ്ങൾക്ക് മാത്രമായി നീക്കിവെച്ചിരിക്കുന്നെന്നും മെറിറ്റിന്റെ മാത്രം അടിസ്ഥാനത്തിൽ എല്ലാവർക്കും ഒരുപോലെ ലഭിക്കുമായിരുന്ന സീറ്റിലേക്കാണ് ചരിത്രത്തിലൊരു കാലത്തും സാമൂഹികമായ വിവേചനങ്ങളോ ഗുരുതരമായ എന്തെങ്കിലും അനീതികളോ നേരിടേണ്ടി വന്നിട്ടില്ലാത്ത, എന്നാൽ പലനിലക്കും പ്രിവിലേജുകൾ അനുഭവിക്കാൻ അവസരമുണ്ടായ ജനവിഭാഗങ്ങൾക്ക് നൽകുന്നതെന്നും വി.ടി ബൽറാം പ്രതികരിച്ചു.

കേരളത്തിലെ ദേവസ്വം ബോർഡുകളിൽ പിണറായി വിജയൻ സർക്കാർ തുടങ്ങിവച്ച് ദേശീയ തലത്തിൽ നരേന്ദ്ര മോദി ഏറ്റെടുത്ത ഈ സംവരണ തീരുമാനം സാമ്പത്തിക സംവരണമല്ല, സവർണ സംവരണമാണെന്നും അദ്ദേഹം കുറിച്ചു.

എല്ലാ വിഭാഗങ്ങളിലേയും പാവപ്പെട്ടവരേക്കുറിച്ചല്ല സർക്കാരുകളുടെ വേദന, സവർണരിലെ പാവപ്പെട്ടവരേക്കുറിച്ച് മാത്രമാണ്. ഒരുകാലത്ത് സമ്പത്തും ഭൂമിയും അധികാരങ്ങളുമെല്ലാം കയ്യടക്കി വച്ചിരുന്നവരുടെ പിന്മുറയിലെ ചിലർക്ക് പിൽക്കാലത്ത് സ്വന്തം കാരണങ്ങളാൽ വന്നുചേർന്ന 'സുകൃതക്ഷയം' മാത്രമാണ് പരിഗണിക്കപ്പെടേണ്ടത് എന്നാണ് നമ്മുടെ 'ജനപക്ഷ' സർക്കാരുകൾ നമ്മോട് പറയുന്നതെന്നും വി.ടി ബൽറാം ഫേസ്‌ബുക്കിൽ കുറിച്ചു.

മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തുന്നതിനുള്ള നിർദ്ദേശം പി.എസ്.സി അംഗീകരിച്ചിട്ടുണ്ട്. സംവരണം നടപ്പാക്കണമെങ്കിൽ കേരള സർവീസ് ചട്ടങ്ങൾ ഭേദഗതി ചെയ്യണം. അതിനുള്ള നിർദേശങ്ങൾക്കാണ് പി.എസ്.സി അംഗീകാരം നൽകിയത്. സർക്കാർ കൂടി ഭേദഗതി അംഗീകരിക്കുന്നതോടെ സർക്കാർ ജോലിയിൽ മുന്നാക്കക്കാർക്ക് സാമ്പത്തിക സംവരണം നിലവിൽ വരും. മുന്നാക്ക വിഭാഗങ്ങളിലെ നാലു ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്കാണ് സംവരണം നൽകുന്നത്.

വി.ടി ബൽറാം എംഎ‍ൽഎയുടെ ഫേസ് ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ഓപ്പൺ ക്വാട്ടയിലുണ്ടാവേണ്ടിയിരുന്ന 10% സീറ്റ് ഇനി മുതൽ സവർണ്ണ സമുദായങ്ങൾക്ക് മാത്രം. മെറിറ്റിന്റെ മാത്രം അടിസ്ഥാനത്തിൽ എല്ലാവർക്കും ഒരുപോലെ ലഭിക്കുമായിരുന്ന പത്ത് ശതമാനം സീറ്റിലേക്ക് ഇതാ, ചരിത്രത്തിലൊരു കാലത്തും സാമൂഹികമായ വിവേചനങ്ങളോ ഗുരുതരമായ എന്തെങ്കിലും അനീതികളോ നേരിടേണ്ടി വന്നിട്ടില്ലാത്ത, എന്നാൽ പലനിലക്കും പ്രിവിലിജുകൾ അനുഭവിക്കാൻ അവസരമുണ്ടായ ചില ജനവിഭാഗങ്ങൾക്ക് സംവരണം നടപ്പിലാവുന്നു.

കേരളത്തിലെ ദേവസ്വം ബോർഡുകളിൽ പിണറായി വിജയൻ സർക്കാർ തുടങ്ങിവച്ച് ദേശീയ തലത്തിൽ നരേന്ദ്രമോദി ഏറ്റെടുത്ത ഈ സംവരണ തീരുമാനം യഥാർത്ഥത്തിൽ സാമ്പത്തിക സംവരണമല്ല, സവർണ്ണ സംവരണമാണ്. എല്ലാ വിഭാഗങ്ങളിലേയും പാവപ്പെട്ടവരേക്കുറിച്ചല്ല സർക്കാരുകളുടെ വേദന, സവർണ്ണരിലെ പാവപ്പെട്ടവരേക്കുറിച്ച് മാത്രമാണ്. ഒരുകാലത്ത് സമ്പത്തും ഭൂമിയും അധികാരങ്ങളുമെല്ലാം കയ്യടക്കി വച്ചിരുന്നവരുടെ പിന്മുറയിലെ ചിലർക്ക് പിൽക്കാലത്ത് സ്വന്തം കാരണങ്ങളാൽ വന്നുചേർന്ന 'സുകൃതക്ഷയം' മാത്രമാണ് പരിഗണിക്കപ്പെടേണ്ടത് എന്നാണ് നമ്മുടെ 'ജനപക്ഷ' സർക്കാരുകൾ നമ്മോട് പറയുന്നത്.