V4 കൊച്ചി പരമ്പരാഗത രാഷ്ട്രീയ സംസ്‌കാരത്തെയും പാർട്ടികളേയും പുറന്തള്ളിക്കൊണ്ട് കൊച്ചി കോർപ്പറേഷനിൽ ജനങ്ങളുടെ അധികാരം സ്ഥാപിക്കാൻ, വരുന്ന കോർപ്പറേഷൻ തിരെഞ്ഞെടുപ്പിൽ മുഴുവൻ ഡിവിഷനുകളിലും മത്സരിക്കും. ഇന്ത്യൻ ഭരണഘടനയിൽ ഉറച്ചു നിന്നുകൊണ്ട്, ജനാധിപത്യ പ്രക്രിയയിലൂടെ അഴിമതിയിലും കെടുകാര്യസ്ഥതയിലും ജീർണ്ണിച്ച ഭരണ-പ്രതിപക്ഷ പാർട്ടികളിൽ നിന്ന് നാടിനെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന സ്വാഭാവിക ജനകീയ മുന്നേറ്റമാണ് V4 Kochi. V4 Kochi രാഷ്ട്രീയ കാമ്പയിൻ കൊച്ചിയുടെ വിവിധ ഭാഗങ്ങളിലുള്ള, അഴിമതിക്കെതിരെ, പരമ്പരാഗത രാഷ്ട്രീയ സംസ്‌കാരത്തിനെതിരെ പോരാടുന്ന ചെറുതും വലുതുമായ ജനകീയ കൂട്ടായ്മകളെയും വ്യക്തികളെയും, യഥാർത്ഥ സ്വതന്ത്ര സ്ഥാനാർത്ഥികളെയും ഒരുമിച്ചുകൊണ്ടുവന്ന്, രാഷ്ട്രീയ തൊഴിലാളികളെ മാറ്റി, പുതിയ രാഷ്ട്രീയ സംസ്‌കാരത്തിന് തുടക്കം കുറിക്കുന്നു. 74 ഡിവിഷനുകളിലും രാഷ്ട്രീയം തൊഴിലായി സ്വീകരിക്കാത്ത, സമർത്ഥരായ സേവന തൽപരരായ സ്ഥാനാർത്ഥികളെ നിർത്തി മത്സരിപ്പിക്കും.

പരമ്പരാഗത രാഷ്ട്രീയ പാർട്ടികളുടെ സംഘടനാ സംവിധാനത്തിൽ നിന്നും, പ്രവർത്തന രീതിയിൽ നിന്നും വ്യത്യസ്തമായി വിവര സാങ്കേതിക വിദ്യയും 21-ആം നൂറ്റാണ്ടിലെ സാങ്കേതിക മുന്നേറ്റങ്ങളും സാധ്യമാക്കുന്ന സുതാര്യത നടപ്പിലാക്കിയായിരിക്കും V4 കൊച്ചി പ്രവർത്തിക്കുക. പണത്തിന്റെ അതിപ്രസരത്തിൽ തിരഞ്ഞെടുപ്പ് പ്രവർത്തനം നടത്തുന്ന പരമ്പരാഗത പാർട്ടികളെ സാധാരണക്കാരുടെ ജനകീയ ശക്തി കൊണ്ട് നേരിടും. പരമ്പരാഗത രാഷ്ട്രീയ പാർട്ടികളുടെ വഞ്ചന തുറന്നു കാട്ടി ജനങ്ങളുടെ താൽപര്യം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പണത്തിന് മീതെ സ്ഥാപിക്കും. തിരഞ്ഞെടുപ്പ് കമ്മിഷൻ അനുശാസിക്കുന്ന തിരഞ്ഞെടുപ്പ് ചെലവ് നിയന്ത്രണം കൃത്യമായി പാലിക്കുകയും, ചെലവ് വിവരങ്ങൾ സമൂഹമാധ്യമങ്ങൾ വഴി ജനങ്ങളുടെ മുൻപിൽ നിരന്തരം അവതരിപ്പിക്കുകയും ചെയ്യും. കലാശക്കൊട്ട് പോലെയുള്ള പഴഞ്ചൻ രീതികൾ അവസാനിപ്പിക്കും. ' അധികാരം ജനങ്ങളിലേക്ക് ' എന്ന മുദ്രാവാക്യവുമായി വിവര സാങ്കേതിക വിദ്യ ഉപയോഗിച്ച് ഭരണഘടന വിഭാവനം ചെയ്യുന്ന സുതാര്യത ഉറപ്പ് വരുത്തി ജനപങ്കാളിത്ത ഭരണം കൊച്ചിൻ കോർപ്പറേഷനിൽ നടപ്പിലാക്കും.

V4 Kochi ഭരണ സമീപനം:

V4 Kochi അധികാരത്തിൽ എത്തുന്നതോടെ കൊച്ചി കോർപ്പറേഷന്റെ പ്രവർത്തനങ്ങൾ പൂർണ്ണമായും ഡിജിറ്റൽ വൽക്കരിക്കും. Kochi eGovernance System (KeGS) നടപ്പിലാക്കി പൂർണമായ സുതാര്യത ഉറപ്പുവരുത്തും. സേവനങ്ങൾ ഓൺലൈൻ വഴി ലഭ്യമാക്കുകയും, കോർപറേഷൻ ഓഫീസുകളിൽ മാസങ്ങൾ കയറിയി റങ്ങി ഉള്ള കാല താമസം ഒഴിവാക്കുകയും ചെയ്യും. സേവനങ്ങൾ വീട്ടുപടിക്കൽ എത്തിക്കുന്ന പദ്ധതി ഘട്ടംഘട്ടമായി നടപ്പിലാക്കും.

കൊച്ചി കോർപ്പറേഷനിലേക്കുള്ള വരുമാനം കൃത്യതയോടെ ശേഖരിക്കുന്ന സാഹചര്യം ഒരുക്കും. ഗാർഹിക ആവശ്യത്തിനുള്ള കുടിവെള്ളം സൗജന്യം ആക്കുന്നത് തുടങ്ങി, വിവിധ ജനക്ഷേമ പദ്ധതികൾ ആവിഷ്‌കരിക്കും. യൂണിവേഴ്സൽ ബേസിക്ക് ഇൻകം(Universal Basic Income) ആശയത്തിൽ പുതിയ ചുവടുവെപ്പുകൾ നടത്തും. 60 വയസിന് മുകളിലുള്ളവർക്ക് പ്രേത്യേക ക്ഷേമ പദ്ധതികൾ ആവിഷ്‌കരിക്കും.
കായലുകളും, കനാലുകളും, തോടുകളും, സംരക്ഷിക്കാനും, പരിപാലിക്കാനും നടപടികൾ സ്വീകരിക്കും. വെള്ളക്കെട്ടിനും, കൊതുക് പ്രശ്‌നത്തിനും ഇതുവഴി പരിഹാരം കാണും. റിയൽ എസ്റ്റേറ്റ് മാഫിയാ പ്രവർത്തനം അവസാനിപ്പിക്കും. വൻകിട കോർപറേറ്റ് ഭൂമി കൈയേറ്റങ്ങൾ തിരിച്ചുപിടിക്കും.

കോർപ്പറേഷൻ പരിപാലിക്കുന്ന തോട്, കായൽ എന്നിവയിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കും. ഭൂരഹിതർക്ക് പട്ടയം നൽകാൻ സംസ്ഥാന സർക്കാരിനോട് ശുപാർശ ചെയ്യുകയും നടപടികൾ സ്വീകരിക്കുകയും ചെയ്യും. ഭവന പദ്ധതികൾ നടപ്പിലാക്കും. കൊച്ചി മേഖലയിലെ ഭൂമി സംബന്ധമായ സർവ്വേ സ്‌കെച്ചുകളും, രേഖകളും പുറത്തുവിടും, വിവരാവകാശ നിയമം സെക്ഷൻ 4(2) നടപ്പിലാക്കും. ജലഗതാഗതം നടിപ്പിലാക്കുന്നതിലുള്ള തടസങ്ങൾ നീക്കും. ഇതുവഴി കൊച്ചിയിലെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടും.

റോഡ്, കാന നിർമ്മാണത്തിലെ അശാസ്ത്രീയതയും കമ്മീഷൻ രീതികളും അവസാനിപ്പിക്കും. വാർഡ് സഭാ മീറ്റിങ്ങുകൾ ലൈവ് സ്ട്രീമിങ് ചെയ്യും. നടക്കാതെ കിടക്കുന്ന സോഷ്യൽ ഓഡിറ്റിങ്ങ് കൃത്യമായ് നടപ്പിലാക്കും. എല്ലാ നിർമ്മാണ പ്രവർത്തങ്ങളുടെയും വിവരങ്ങൾ പൊതു ബോർഡുകൾ സ്ഥാപിച്ചു കൊണ്ട് മാത്രമേ നടപ്പിലാക്കൂ. വെബ്സൈറ്റ് വഴിയും വിവരങ്ങൾ ലഭ്യമാക്കും.

സമൂഹത്തിൽ പിന്നോക്കാവസ്ഥയിൽ നിൽക്കുന്നവരെ മുൻപന്തിയിലേയ്ക്ക് കൊണ്ടു വരാനുള്ള പദ്ധതികൾക്ക് പ്രത്യേക പരിഗണന നൽകും. കോളനികൾ ജീവിത നിലവാരം ഉയർത്തുന്ന രീതിയിൽ പുനർനിർമ്മിക്കും, ഭവന പദ്ധതികൾ നടപ്പിലാക്കും.

ബ്രഹ്മപുരം മാലിന്യ കേന്ദ്രം അടച്ചുപൂട്ടി, തണ്ണീർത്തട പാർക്ക് ആക്കി മാറ്റും. കൊച്ചിയിൽ മാലിന്യം കൈകാര്യം ചെയ്യുന്നതിന് വികേന്ദ്രീകൃത സംവിധാനം നടപ്പിലാക്കും. ഭക്ഷണ മാലിന്യം കമ്പോസ്റ്റ് നിർമ്മാണ കേന്ദ്രങ്ങളിലും, പ്ലാസ്റ്റിക് മാലിന്യം റീസൈക്ലിങ് കമ്പനികളിലേയ്ക്കും വികേന്ത്രീകൃതമായി, ശാസ്ത്രീയമായി എത്തിച്ച്, മാലിന്യം കൂട്ടിയിടുന്ന അവസ്ഥ അവസാനിപ്പിക്കും.

കടലോര മേഖലയുടെ വിഷയങ്ങളിൽ ക്രിയാത്മകമായും, ശാസ്ത്രീയമായും ഇടപെടും, നടപടികൾ സ്വീകരിക്കും. കൊച്ചി മഹാ നഗരത്തിൽ സ്ത്രീ സുരക്ഷയും, സ്ത്രീ ശാക്തീകരണവും നടപ്പിലാക്കുന്നതിൽ V4 കൊച്ചി തദ്ദേശ സർക്കാർ നേതൃത്വം വഹിക്കും. ഭക്ഷ്യവസ്തുക്കളിലെ മായം ചേർക്കലിനെതിരെ കർശന നടപടി സ്വീകരിക്കും. ആധുനിക രീതിയിലുള്ള മത്‌സ്യ മാംസ സംസ്‌കരണ ശാലകൾ സ്ഥാപിക്കും.
വിശദമായ പ്രകടന പത്രിക പുറത്തിറക്കുന്നതായിരിക്കും.

V4 Kochi രാഷ്ട്രീയ പ്രത്യയശാസ്ത്രം :

V4 Kochi പ്രത്യയശാസ്ത്രപരമായി കണ്ണെക്ടിവിറ്റിയിലൂടെയുള്ള(Connectivity), ജനപങ്കാളിത്തത്തോടു കൂടിയ നേരിട്ടുള്ള ജനാധിപത്യത്തിൽ വിശ്വസിക്കുന്നു. ഭരണ പ്രക്രിയയിൽ സുതാര്യത ഉറപ്പു വരുത്തി, അധികാരം ജനങ്ങളിലേക്ക് എത്തിക്കുന്ന പ്രക്രിയയുടെ വേഗത കൂട്ടുന്ന, തടസങ്ങൾ നീക്കുന്ന മാർഗങ്ങൾ ആവിഷ്‌കരിക്കും. യൂണിവേഴ്സൽ ബേസിക് ഇൻകം നടപ്പിലാക്കി മുഴുവൻ ജനങ്ങൾക്കും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പു വരുത്തുണം. ജാതി, മത, ലിംഗ ഭേദങ്ങൾ അപ്രത്യക്ഷമാകുന്ന സാമൂഹിക സാഹചര്യം സാധ്യമാക്കും.

V4 Kochi ടീം

V4 Kochi രാഷ്ട്രീയ കാമ്പയിൻ, കാമ്പയിൻ ടീമിന് വേണ്ടി കാമ്പയിൻ കൺട്രോളർ നയിക്കും.ശ്രീ നിപുൺ ചെറിയാൻ കാമ്പയിൻ കൺട്രോളർ, ക്യാപ്റ്റൻ മനോജ് കുമാർ ജോയിന്റ് കാമ്പയിൻ കൺട്രോളർ എന്നീ ഉത്തരവാദിത്വങ്ങൾ നിറവേറ്റും. V4 Kochi രാഷ്ട്രീയ കാമ്പയിൻ പരിപാടികൾ വിവിധ ടീമുകളും സ്‌ക്വാഡുകളും, ടീം ലീഡ്, സ്‌ക്വാഡ് കൺട്രോളർ എന്നിവരുടെ നേതൃത്വത്തിൽ നടപ്പിലാക്കും. ബിജു ജോൺ പൊളിറ്റിക്കൽ അഫയർസ് ടീം ലീഡ്. സുജിത് സുകുമാരൻ ഐ.ടി. ടീം ലീഡ്, വിൻസെന്റ് ജോൺ ഫിനാൻസ് ടീം, അലക്‌സാണ്ടർ ഷാജു മീഡിയ ടീം ലീഡ് എന്നിവയുടെ ചുമതലകൾ വഹിക്കും. വെസ്റ്റ് കൊച്ചി സോൺ കൺട്രോളർ ചുമതല ശ്രീ ഷക്കീർ അലി ഫോർട്ട് കൊച്ചിയും ജോയിന്റ് സോൺ കൺട്രോളർ അലക്‌സാണ്ടർ ഷാജു, റിയാദ് പൊന്നലകത്ത് എന്നിവരും വഹിക്കും. എറണാകുളം സൗത്ത് സോൺ കൺട്രോളർ ഫോജി ജോൺ, ജോയിന്റ് സോൺ കൺട്രോളർ വിൻസെന്റ് ജോൺ. എറണാകുളം നോർത്ത് സോൺ കൺട്രോളർ ചുമതല ശ്രി ജോൺ ജേക്കബ്, ജോയിന്റ് സോൺ കൺട്രോളർ സുജിത് സുകുമാരൻ. തൃക്കാക്കര നോർത്ത് സോൺ കൺട്രോളർ ബിജു ജോൺ, ജോയിന്റ് സോൺ കൺട്രോളർ സാജൻ അസീസ്. തൃക്കാക്കര സൗത്ത് സോൺ കൺട്രോളർ ഫോജി ജോൺ, ജോയിന്റ് സോൺ കൺട്രോളർ ജിതിൻ വിൻസെന്റ്. മെന്റർസ് ടീം - വെങ്കിടേഷ് ഈശ്വർ, അഡ്വ.സിസിലി ജോസ്, ഏലിയാസ് ചിറപുറത്ത്.