ന്യൂഡൽഹി: രാജ്യത്തെ 42 കേന്ദ്ര സർവകലാശാലകളിലായി 6,210 അദ്ധ്യാപക തസ്തികകൾ ഒഴിഞ്ഞ്കിടക്കുന്നതായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേഷ് പൊഖ്‌റിയാൽ. ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ 196 എണ്ണവും മൂന്ന് സംസ്‌കൃത സർവകലാശാലകളിലായുള്ള 21 ഒഴിവുകളും ഇതിൽപ്പെടുമെന്ന് അദ്ദേഹം ലോക്‌സഭയിൽ അറിയിച്ചു. അദ്ധ്യാപക തസ്തികകൾക്ക് പുറമേ രാജ്യത്തെ വിവിധ സർവകലാശാലകളിലും കോളേജുകളിലുമായി 12,437-ൽപ്പരം അനധ്യാപക ഒഴിവുകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ തസ്തികകളിലെ നിയമനത്തിനായുള്ള നടപടികൾ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷൻ നടത്തി വരുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം രാജ്യത്തെ വിവിധ സർവകലാശാലകളിൽ 6,688 അദ്ധ്യാപക ഒഴിവുകളും 12,323-ഓളം അനധ്യാപക ഒഴിവുകളുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.