ലണ്ടൻ: കേരളത്തിൽ സ്‌കൂളുകൾ തുറക്കാൻ ഒരുങ്ങവേ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞത് മതപരമായ കാരണങ്ങളാൽ വാക്‌സിൻ എടുക്കാൻ കൂട്ടാക്കാത്ത അദ്ധ്യാപകർ ഉണ്ടെന്നാണ്. എന്നാൽ, ബ്രിട്ടനിൽ ഈ ശിവൻകുട്ടി മോഡൽ നടപ്പില്ല. അവിടെ വാക്‌സിൻ ഇല്ലെങ്കിൽ ജോലിയില്ലെന്ന നയത്തിലേക്ക് കാര്യങ്ങൾ കടന്നു കഴിഞ്ഞു. വാക്സിൻ എടുക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ കെയറർമാർ അടക്കമുള്ളവർ പുറത്തു പോകുകയാണ്.

ബിർമ്മിങ്ഹാമിൽ ബോൾഡ്മിയർ കൗണ്ട് കെയർഹോം നടത്തുന്ന തെരേസ ഇൻഗ്രാം ഇന്നലെ പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു നോ വാക്സിനേഷൻ നോ ജോബ് നിയമത്തിനെതിരെ പ്രതികരിച്ചത്. നിയമം പിൻവലിക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു. അതിനുപിന്നാലെ, വാക്സിൻ എടുക്കാത്തതിന്റെ പേരിൽ ജോലി നഷ്ടപ്പെട്ട രണ്ട് കെയറർമാരും ഇപ്പോൾ വികാരനിർഭരമായ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.

ക്രിസ്ത്മസ് ആകുന്നതോടെ നിരവധിപേരെ പട്ടിണിയിലേക്ക് തള്ളിവിടുകയാണ് സർക്കാർ ഈ നിയമം വഴി ചെയ്തതെന്നായിരുന്നു ഇന്നലെ തെരേസ ആരോപിച്ചത്. എന്നാൽ 23 കാരിയായ നിയാ ബ്രാഡ്ലി വിലപിക്കുന്നത് തനിക്കേറ്റവും ഇഷ്ടപ്പെട്ട ജോലി ഉപേക്ഷിക്കേണ്ടി വന്നതിനെ കുറിച്ചാണ്. പകരം താനിപ്പോൾ ചില്ലറവില്പന മേഖലയിലേക്ക് പോകേണ്ടിവരുന്നു എന്നുകൂടി അവർ പറയുന്നു. തനിക്കേറ്റവും ഇഷ്ടപ്പെട്ട തൊഴിൽ രംഗം വിടേണ്ടി വന്നത് ഹൃദയഭേദകമായ ഒരു അനുഭവമാണെന്നാണ് അവർ പറയുന്നത്. ഇപ്പോൾ ജീവിത ചെലവുകൾ കണ്ടെത്താൻ ഒട്ടും ഇഷ്ടമില്ലാത്ത ചില്ലറ വില്പന മേഖലയിൽ പാർട്ട് ടൈം ജോലി ചെയ്യുകയാണെന്നും അവർ വെളിപ്പെടുത്തി.

ഒരു കെയറർ ആകാനുള്ള വിദ്യാഭ്യാസവും നപുണ്യവും നേടാൻ വർഷങ്ങൾ പാഴാക്കിയതായി തോന്നുന്നു എന്നും അവർ പറഞ്ഞു. അതേ ഹോമിൽ നിന്നു തന്നെ പുറത്താക്കപ്പെട്ട 28 കാരിയായ ഷെവോൺ പെർക്കിൻസ് പറഞ്ഞത് വാക്സിൻ എടുക്കുന്നതിനു മുൻപായി ഭയാശങ്കകൾ മാറ്റാൻ തന്റെ ജി പിയെ കാണാൻ ശ്രമിച്ചെന്നും എന്നാൽ അതിനുള്ള അവസരം ലഭിച്ചില്ലെന്നുമായിരുന്നു. മഹാമാരിയുടെ മൂർദ്ധന്യകാലത്തുപോലും ജോലിചെയ്ത താൻ ഇപ്പോൾ തികച്ചും ദുഃഖിതയാണെന്നായിരുന്നു 47 കാരിയായ ജസ്റ്റിന യൂഗോയുടെ പ്രതികരണം. ഒരു കെയർഹോമിൽ പാർട്ട് ടൈം ക്ലീനർ ആയി ജോലിചെയ്തിരുന്ന ഏഴു മക്കളുടെ അമ്മ ഇപ്പോൾ തൊഴിൽ ഇല്ലാതെ ഇരിക്കുകയാണ്.

ഇന്നലെ 57,000 കെയർഹോം ജീവനക്കാർക്കാണ് വാക്സിൻ എടുക്കാത്തതിന്റെ പേരിൽ ജോലി നഷ്ടമായത്. ഈ നിയമം തത്ക്കാലത്തേക്ക് മരവിപ്പിക്കണമെന്ന കെയർഹോം ഉടമകളുടെ ആവശ്യം നിരാകരിച്ചുകൊണ്ടായിരുന്നു സർക്കാർ അത് നടപ്പിലാക്കിയത്. നിലവിൽ ജീവനക്കാരുടെ അതിരൂക്ഷമായ ക്ഷാമം നേരിടുന്ന ഒരു മേഖലയിൽ ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് തികഞ്ഞ വിഢിത്തമാണെന്നായിരുന്നു മറ്റൊരു ഹോമിലെ ജീവനക്കാരിയായ ബാഡ്ലി പറഞ്ഞത്. എല്ലാ അന്തേവാസികളും വാക്സിൻ എടുത്തവരാണ്. മാത്രമല്ല, ജീവനക്കാർ നിത്യേന കോവിഡ് പരിശോധനക്ക് വിധേയരാകുന്നുമുണ്ട്. മാത്രമല്ല പി പി ഇ ധരിച്ചാണ് തൊഴിലെടുക്കുന്നതും.

എല്ലാ കോവിഡ് നിയന്ത്രണങ്ങളും പാലിച്ചാണ് ഈ മേഖലയിലെ ജീവനക്കാർ ജോലിചെയ്യുന്നത്. അതുകൊണ്ടു തന്നെ ഈ പുതിയ നിയമം അർത്ഥ ശൂന്യമാണെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു. മാത്രമല്ല, അന്തേവാസികളെ സന്ദർശിക്കാൻ എത്തുന്ന ബന്ധുക്കൾക്ക് വാക്സിൻ നിർബന്ധമല്ല. പ്രത്യേകിച്ച് യാതൊരു സുരക്ഷാ നടപടികളും ഇല്ലാതെയാണ് ഇവരിൽ പലരും സന്ദർശനത്തിനെത്താർ. അത്തരം സാഹചര്യത്തിൽ അവർക്ക്മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താതെ പി പി ഇ ഉൾപ്പടെയുള്ള സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിക്കുന്ന ജീവനക്കാരെ എന്തിന് ശിക്ഷിക്കണം എന്നാണ് ഇവർ ചോദിക്കുന്നത്.

അതേസമയം, പല കെയർഹോമുകളിലും ജീവനക്കാരുടെ ക്ഷാമം അതിരൂക്ഷമായി കൊണ്ടിരിക്കുന്നു എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നു. നിലവിലുള്ള ജീവനക്കാർക്ക് അധികസമയം ജോലിചെയ്യേണ്ടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത് അവരുടെ ശാരീരികാരോഗ്യത്തേയും മാനസികാരോഗ്യത്തേയും പ്രതികൂലമായി ബാധിക്കുന്നു എന്ന് ഹോം ഉടമകൾ ചൂണ്ടിക്കാട്ടുന്നു. ഇത് ഹോമുകൾ നൽകുന്ന സേവനത്തിന്റെ ഗുണമേന്മയേയും വിപരീതമായി ബാധിക്കുമെന്ന് അവർ പറയുന്നു.