സി.പി.ഐ (എം) ബഹുജന സംഘടനകളുടെയും സർവ്വീസ് സംഘടനകളുടെയും നേതൃത്വത്തിൽ, സർക്കാറിന്റെ റിലീഫ് ഫണ്ടിലേക്കു സംഭാവന കൊടുപ്പിക്കാനുള്ള നിർബ്ബന്ധിത നീക്കം തുടങ്ങികഴിഞ്ഞിരിക്കുകയാണ്. മുഴുവൻ ജനങ്ങൾക്കും കുറഞ്ഞ ചെലവിൽ വാക്‌സിൻ എത്തിക്കുന്നതിനുവേണ്ടിയുള്ള ഉത്തരവാദിത്വം കേന്ദ്ര നരേന്ദ്ര മോദി ഗവൺമെന്റ് ഒഴിവാക്കിയതിനോടുള്ള പ്രതികരണം എന്ന നിലയിലാണ് പിണറായി സർക്കാർ ഈ പരിപാടി പ്രഖ്യാപിച്ചത്.

വർഗ്ഗ-ബഹുജനസമരങ്ങളിൽ അധിഷ്ഠിതമായ പോരാട്ടരാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങൾക്ക് രാഷ്ട്രീയവിദ്യാഭ്യാസം നൽകുക എന്നതാണ് ഒരു ഇടതുപക്ഷ പാർട്ടിയുടെയും ഇടതുപക്ഷഗ വൺമെന്റിന്റെയും ഉത്തരവാദിത്വമെന്ന് ഈ ഗവൺമെന്റിനെ ഓർമ്മിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അതിൽ നിന്ന് വ്യത്യസ്തമായി കേന്ദ്രഗവൺമെന്റ് ഒരു ജനവിരുദ്ധ നയം ആവിഷ്‌കരിച്ചാൽ ഉടനെതന്നെ അതിൽ നിന്ന് 'നമുക്കും എങ്ങനെ ചില്ലറ ഉണ്ടാക്കാം' എന്ന തരത്തിൽ അന്വേഷണം നടത്തുന്നത് ഒരു വലതുപക്ഷ ഗവൺമെന്റിന്റെ സ്വഭാവവിശേഷമാണ്. എന്നു മാത്രമല്ല മുമ്പ് കേരളം അഭിമുഖീകരിച്ച പ്രളയത്തിന്റെ സാഹചര്യത്തിൽ ഇത്തരത്തിൽ പിരിച്ച പണം വകമാറ്റി ചിലവഴിച്ചതും സ്വജനപക്ഷപാതത്തിനു വേണ്ടി ഉപയോഗിച്ചതും കേരളത്തിലെ ജനങ്ങൾക്ക് അറിയാവുന്നതുമാണ്. ഇതിനുപരിയായി കുറെക്കാലമായി സർക്കാർ പരസ്യങ്ങൾക്ക് വേണ്ടി നിർലോഭം പണം ചെലവഴിച്ചപ്പോൾ ഒരു സാമ്പത്തിക ബുദ്ധിമുട്ടും ആരും കണ്ടില്ല. കോവിഡിന്റെ രണ്ടാം വരവിനെ നേരിടുന്നതിനുള്ള ആസൂത്രണമില്ലായ്മ കൂടിയാണിത് വ്യക്തമാക്കുന്നത്.

ജനങ്ങളിൽ ഒരു പ്രത്യേകതരം ഉപരിപ്ലവമായ മനുഷ്യസ്‌നേഹത്തിനെ സൃഷ്ടിച്ചുകൊണ്ട് തികച്ചും അരാഷ്ട്രീയമായ രീതിയിൽ പ്രകൃതിദുരന്തങ്ങളെയും മനുഷ്യനിർമ്മിത ദുരന്തങ്ങളെയും തങ്ങളുടെ കീശ വീർപ്പിക്കുന്നതിനുവേണ്ടി ഗവൺമെന്റുകൾ ഉപയോഗിക്കുക എന്ന നിർദ്ദേശം ലോകബാങ്ക് ഉൾപ്പെടെയുള്ള സാമ്പത്തിക ഏജൻസികൾ മുന്നോട്ടുവയ്ക്കുകയും ഇന്ന് നിരവധി ഗവൺമെന്റുകൾ പ്രയോഗത്തിൽ കൊണ്ടുവന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു മുതലാളിത്ത പ്രവണതയാണ്. ഭരണകൂടത്തിന്റെ സാമ്പത്തികഭാരം മുഴുവൻ തൊഴിലാളികളുടെയും സാധാരണക്കാരുടെയും തലയിൽ കെട്ടിവെയ്ക്കുന്ന നയത്തിന്റ ഭാഗമാണിത്.

മാനദണ്ഡങ്ങൾ അനുസരിച്ചുള്ള കേന്ദ്രസഹായം ലഭിക്കുന്നില്ലെങ്കിൽ ജനങ്ങളെ ഒന്നടങ്കം സമരത്തിന്റെ പാതയിൽ അണിനിരത്തുക എന്നതാണ് ഇടതുപക്ഷ ഉത്തരവാദിത്വം. അതിന് ഓരോ ദുരന്തത്തിനും സമരം വേണ്ടിവരും എന്നല്ല അർഥം. മറിച്ച് ഒരു പ്രാവശ്യമെങ്കിലും ഇന്നത്തെ സംസ്ഥാന ഗവൺമെന്റ് ശരിയായ ഒരു ഇടതുപക്ഷ നയം സ്വീകരിച്ചിരുന്നു എങ്കിൽ അത്തരം ഒരു കീഴ് വഴക്കം സൃഷ്ടിക്കാമായിരുന്നു. എന്നാൽ ഇന്ന് കേന്ദ്രം ഭരിക്കുന്ന ബിജെപി ഗവൺമെന്റിനോടുള്ള തങ്ങളുടെ കീഴടങ്ങൽനയം കൊണ്ട് 'അവർ എന്ത് ചെയ്താലും നമ്മൾ ജനങ്ങളിൽനിന്ന് പിരിക്കും, അതിൽനിന്ന് നമ്മളും പുട്ട് അടിക്കും, എന്നതാണ് നമ്മുടെ നയം' എന്ന രീതിയിലുള്ള ഒരു സൂചന ഇതിനകം തന്നെ ഗവൺമെന്റിന്റെ പ്രവർത്തിവഴി മന്ത്രിസഭയും സിപിഎം നേതൃത്വവും നൽകിയിരിക്കുന്നു. ബിജെപി കേന്ദ്രനേതൃത്വത്തിന് ഇത്തരം ജനവിരുദ്ധരാഷ്ട്രീയവുമായി മുന്നോട്ടുപോകുന്നതിനുള്ള ഊർജ്ജം ഉണ്ടാകുന്നത് ഇത്തരം കീഴടങ്ങൽ രാഷ്ട്രീയത്തിൽ നിന്നാണ്. ഇത് ഇടതുപക്ഷ നയങ്ങളോടുള്ള വഞ്ചനയാണ്.

ഈ സാഹചര്യത്തിൽ എല്ലാ തരത്തിലുമുള്ള നിർബന്ധിതപണപ്പിരിവ് ഒഴിവാക്കണമെന്നും, സന്തോഷത്തോടുകൂടി ആളുകൾ തരുന്നത് മാത്രമേ സംഭാവനയായി സ്വീകരിക്കാൻ പാടുള്ളൂ എന്നും, ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ഗവർമെന്റ് നിർബന്ധപൂർവ്വം എന്ന് പറഞ്ഞില്ലങ്കിലും വർഗ-ബഹുജന സംഘടനകൾ ടാർജറ്റിട്ട് പിരിവ് നിർബന്ധപൂർവ്വമാക്കാറാണ് പതിവ്. രാഷ്ടിയ നേതൃത്വത്തിന് മുന്നിൽ നല്ല കുട്ടിയായി നിന്ന് സ്ഥാനമാനങ്ങൾ നേടാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണിത്. പാർട്ടിയെയും മുന്നണിസംഘടനകളെയും ടാർഗറ്റ് കൊടുത്തുകൊണ്ട് നിർബന്ധിത പണപ്പിരിവിനായി ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കണമെന്ന് ഞങ്ങൾ കേരള ഗവൺമെന്റിനോടും സിപിഎം നേതൃത്വത്തോടും ഈ സാഹചര്യത്തിൽ അഭ്യർത്ഥിക്കുന്നു.