മലപ്പുറം: മുഴുവൻ ആദിവാസി ഊരുകളിലും നേരിട്ടെത്ത് ആരോഗ്യവകുപ്പ് കോവിഡ് വാക്സിനേഷൻ നൽകുമ്പോൾ ആദിവാസികളിൽ ഏറ്റവും പിന്നാക്കക്കാരായ ചോലനായ്ക്കർക്കും മാത്രം അവഗണന. ആരോഗ്യമന്ത്രി വിണാ ജോർജിന്റെ അടിയന്തര ഇടപെടൽ നീതി നടപ്പാകാൻ അനിവാര്യമാകുകയാണ്.

മലപ്പുറം ജില്ലയിലെ നൂറിലധികം ആദിവാസി മേഖലകളിൽ ഒന്നു മുതൽ മൂന്നുതവണവരെ വാക്സിനേഷൻ ക്യാമ്പുകൾ ഇതിനോടകം കഴിഞ്ഞെങ്കിലും ചോലനായ്ക്ക വിഭാഗം ഭൂരിഭാഗവും താമസിക്കുന്ന മാഞ്ചീരി കോളനിയിൽ മാത്രം ഇതുവരെ ഒരൊറ്റ വാക്സിനേഷൻ ക്യാമ്പുപോലും നടന്നില്ല. അതാത് മേഖലയിലെ പി.എച്ച്.സി ഡോക്ടർമാരുടെ നേതൃത്വത്തിൽ സ്പെഷ്യൽ കാമ്പുകൾ സംഘടിപ്പിക്കുന്നതെന്നതിനാൽ തന്നെ മാഞ്ചീരി മേഖലയുടെ ചുമതലയുള്ള കരുളായി പി.എച്ച്.സിയിലെ ഡോക്ടറുടെ അലംഭാവം കാരണമാണ് ഇവിടെ മാത്രം ക്യാമ്പ് നടക്കാത്തതെന്നാണ് പരാതി.

നിലമ്പൂർ മേഖലയിൽ വസിക്കുന്ന ഗുഹാവാസികളും, പ്രക്തനാ ആദിവാസി വിഭാഗവുമായ ചോലനായ്ക്കരിലെ 80 ശതമാനത്തിലധികംപേരും താമസിക്കുന്നത് മാഞ്ചീരി മേഖലയിലാണ്. ചോലനാക്ക കോളനിയിലേക്കു പോകാനില്ലെന്നു കരുളായി പി.എച്ച്.സിയിലെ ഡോക്ടർ പറഞ്ഞതായാണ് വിവരം. ആരോഗ്യമന്ത്രി ഇടപെട്ടെങ്കിൽ മാത്രമേ ഈ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകൂവെന്നതാണ് വസ്തുത. അല്ലെങ്കിൽ ഈ കോളനിക്കാർക്ക് വാക്‌സിൻ കിട്ടാത്ത അവസ്ഥ വരും. അ്‌ല്ലെങ്കിൽ അവർ കാടിറങ്ങി നാട്ടിലെത്തി വാക്‌സിൻ എടുക്കേണ്ട അവസ്ഥയും.

മലപ്പുറം ജില്ലയിലെ നൂറിലധികം ആദിവാസി മേഖലകളിൽ ഇതിനോടകം അതാതത് പി.എച്ച്.സികൾക്കു കീഴിൽ ഒന്നുമുതൽ മൂന്നുവരെ വാക്സിനേഷൻ ക്യാമ്പുകൾ നടത്തിയെങ്കിലും മാഞ്ചീരിയിൽ മാത്രമാണു ഇതുവരെ ഒരൊറ്റ ക്യാമ്പുപോലും നടത്താത്തത്. ജീവിത രീതികൊണ്ടും, വിദ്യാഭ്യാസംകൊണ്ടുംഉൾപ്പെടെ കേരളത്തിലെ മറ്റുആദിവാസികളിൽനിന്നും ഏറ്റവും പിറകിലുള്ള ഇക്കൂട്ടരെ നേരത്തെ കേന്ദ്ര സർക്കാർ പ്രത്യേക പരിഗണന അർഹിക്കുന്ന ആദിവാസി വിഭാങ്ങളുടെ പട്ടികയിലും ഉൾപ്പെടുത്തിയിരുന്നു. നാമാവശേഷമായിക്കൊണ്ടിരിക്കുന്ന ഈ വിഭാഗത്തിൽ ഇതുവരെ ജീവനോടെയുള്ളതു വെറും നാനൂറിൽ താഴെപേർ മാത്രമാണ്.

പ്രത്യേക പരിഗണന നൽകേണ്ട വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുപോലും മറ്റുള്ളവർക്കു നൽകുന്ന പരിഗണനപോലും ഇക്കൂട്ടർക്കു നൽകുന്നില്ലെന്നാണ് പരാതി. ചോലനായ്ക്കരിൽ 90ശതമാനത്തോളംപേർ മാഞ്ചീരി മേഖലയിലാണു വസിക്കുന്നത്. ചിലർ ഉർക്കാടുകളൽ താമസമാക്കിയവരാണെങ്കിലും നിലവിൽ മാഞ്ചീരി കോളനിയിൽ താമസമാക്കിയവർക്കെങ്കിലും വാക്സിനേഷൻ ക്യാമ്പ് നൽകാത്തതിനെതിരെ പ്രതിഷേധങ്ങൾ ഉയർന്നിട്ടുണ്ട്.

ഇവരുടെ ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തേണ്ട കരുളായി പി.എച്ച്.സിയിൽ രണ്ടുഡോക്ടർമാരും, ഹെൽത്ത്ഇൻസ്പെക്ടറും, വാഹനവും ഉൾപ്പെടെ എല്ലാവിധ സൗകര്യമുണ്ടായിട്ടും ഈമേഖലയെ മാത്രം അവഗണിക്കുകയാണെന്നാണ് പരാതി. നാമാവശേഷമായിക്കൊണ്ടിരിക്കുന്ന ഈ വിഭാഗങ്ങളിൽ ഒരാൾക്കു കോവിഡ് ബാധിച്ചാൽ വേഗത്തിൽ പടരാനും ഇവ കണ്ടുപിടിക്കാനും ഏറെ പ്രയാസമാണെന്നിരിക്കെയാണു ആരോഗ്യവകുപ്പ് ഇത്തരത്തിൽ അനാസ്ഥ കാണിക്കുന്നത്. പുറംലോകവുമായി ബന്ധമില്ലാത്ത ഇക്കൂട്ടർ സ്വയം ആശുപത്രിൽവരുന്ന പതിവുമില്ല. ആരോഗ്യവകുപ്പിന്റെ അനാസ്ഥ ഇനിയും തുടർന്നാൽ ഒരു വിഭാഗത്തിന്റെ ഇല്ലായ്മക്കുതന്നെ ഇതുകാരണമാകുമെന്നും പരാതികളുണ്ട്.

നേരത്തെ ഈവിഭാഗത്തിലെ ഒരു വ്യക്തിക്കു കോവിഡ് സ്ഥിരീകരിച്ചതും, ഇയാൾ പിന്നീട് മരണത്തിന് കീഴടങ്ങിയതും ദിവസങ്ങൾക്കു മുമ്പ് മംഗളം പുറത്തുകൊണ്ടുവന്നിരുന്നു. ഈവിഭാഗത്തിൽനിന്നും വിദ്യാഭ്യാസ ആവശ്യാർഥം പുറംലോകത്തുവന്ന യുവാവും മറ്റു ചിലരും ഉൾപ്പെടെ ആറുപേർമാത്രമാണു ഇവിടെ നിന്നും നിലവിൽ കോവിഡ് വാക്സിൻ പുറത്തുവന്നു എടുത്തിട്ടുള്ളു.