ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ വാക്‌സിൻ വിതരണത്തിൽ റെക്കോർഡിട്ട് ഇന്ത്യ. രണ്ട് കോടി വാക്‌സിൻ വിതരണമാണ് ഇന്ന് ലക്ഷ്യമിട്ടിരുന്നത്. ഈ ലക്ഷ്യം വൈകുന്നേരം അഞ്ച് മണിക്കുള്ളിൽ തന്നെ രാജ്യം മറികടന്നു.രാജ്യത്ത് ഓരോ മിനിറ്റിലും 42,000 ഡോസ് വാക്സിനാണ് നൽകുന്നതെന്ന് ആരോഗ്യപവർത്തകർ പറയുന്നു. ഇതാദ്യമായാണ് രാജ്യത്ത് ഒരു ദിവസം ഇത്രയധികം വാക്സിൻ വിതരണം ചെയ്യുന്നത്.

ഇതോടെ രാജ്യത്തെ കോവിഡ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 78 കോടി കടന്നു. ആദ്യഡോസ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 59.17 കോടിയാണ്. രണ്ട് ഡോസ് വാക്സിനും എടുത്തവർ 19.51 കോടിയാണ്. ഉച്ചയ്ക്ക് ഒന്നരയോടെ രാജ്യത്ത് കോവിഡ് വാക്സിൻ ഇന്ന് എടുത്തവരുടെ എണ്ണം ഒരു കോടി കടന്നിരുന്നു.

മോദിയുടെ ജന്മദിനമായ സെപറ്റംബർ 17ന് രാജ്യത്തൊട്ടാകെ രണ്ടു കോടിപേർക്ക് കോവിഡ് വാക്സീൻ നൽകാൻ വിപുലമായ പരിപാടികൾ കേന്ദ്രസർക്കാർ തയ്യാറാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ഒരു മിനിറ്റിൽ 42,000 ഡോസ് വാക്സിൻ വിതരണം ചെയ്തതായി ആർഎസ് ശർമ ട്വിറ്ററിൽ കുറിച്ചു.

മോദിയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് മൂന്നാഴ്ച നീളുന്ന വാക്സിൻ പ്രചാരണമാണ് ബിജെപി ഏറ്റെടുത്തിരിക്കുന്നത്. ഇതിനായി ആരോഗ്യപ്രവർത്തകരെ സഹായിക്കാനും വാക്സീൻ എടുക്കാത്തവരെ വാർഡുതലത്തിൽ വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തിക്കാനും 10 ലക്ഷം ആരോഗ്യസന്നദ്ധപ്രവർത്തകരെയാണു ദേശീയതലത്തിൽ ബിജെപി രംഗത്തിറക്കിയിട്ടുള്ളത്.

ഡോക്ടേഴ്സ്ഡേ ദിവസം 87 ലക്ഷം പേർക്കും പിന്നീട് ഒരുകോടി പേർക്കുമാണ് ഇതിനുമുൻപ് ഒറ്റദിവസം കൂടുതൽ വാക്സീൻ നൽകിയത്. മോദിയുടെ ജന്മദിനത്തിൽ വാക്സിനിൽ പുതിയ നേ്ട്ടം കൈവരിക്കാനാണ് സർക്കാരിന്റെ തീരുമാനം.