ന്യൂഡൽഹി: വാക്‌സിനേഷൻ ശക്തമാക്കി കോവിഡിനെ പിടിച്ചു കെട്ടാനാണ് കേന്ദ്ര സർക്കാർ തീരുമാനം. ഇതിന് വേണ്ടിയാണ് മെയ് ഒന്ന് മുതൽ കോവിഡ് വാക്സിൻ വിതരണത്തിന്റെ മൂന്നാംഘട്ടത്തിൽ ദേശീയ വാക്സിനേഷൻ നയത്തിൽ സുപ്രധാന മാറ്റങ്ങൾ വരുത്തിയതും. വാക്‌സിനിലൂടെ മാത്രമേ കോവിഡ് വ്യാപനത്തെ ചെറുക്കാൻ കഴിയൂവെന്നാണ് വിലയിരുത്തൽ.

സംസ്ഥാനങ്ങൾക്കും പൊതുവിപണികൾക്കും വാക്സിൻ ലഭ്യമാക്കുന്നതിലൂടെ വാക്സിനേഷൻ വേഗത്തിലാക്കാമെന്നാണ് കേന്ദ്ര സർക്കാർ കണക്കാക്കുന്നത്. 18 വയസിന് മുകളിൽ എല്ലാവർക്കും അനുവദിക്കുന്നതിലൂടെ വാക്സിൻ ഉത്പാദനം ഉയർത്തേണ്ടി വരും. നിലവിലുള്ള ഉത്പാദനം രാജ്യത്തെ ജനംസഖ്യാനുസൃതമായി പര്യാപ്തമല്ല. കൂടുതൽ വാക്‌സിനുകൾക്കും കേന്ദ്രം ഉടൻ അംഗീകരാം നൽകും. ഇതിലൂടെ വാക്‌സിൻ ക്ഷാമം പരിഹരിക്കാമെന്നാണ് പ്രതീക്ഷ.

കേന്ദ്ര സർക്കാരിനെ ഏവരും വാക്‌സിനേഷനിൽ കുറ്റപ്പെടുത്തുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാരുകൾ നിർമ്മാതാക്കളിൽ നിന്ന് വാക്സിൻ നേരിട്ട് വാങ്ങാമെന്നതാണ് പ്രധാന മാറ്റം കൊണ്ടു വരുന്നത്. വാക്സിൻ നിർമ്മാതാക്കൾ ഉത്പാദിപ്പിക്കുന്ന ഡോസുകളുടെ 50 ശതമാനം കേന്ദ്ര സർക്കാരിന് നൽകണം. അവശേഷിക്കുന്ന 50 ശതമാനത്തിൽ നിന്നാകും സംസ്ഥാന സർക്കാരുകൾക്കും സ്വാകാര്യ ആശുപത്രികൾക്കും മറ്റു സ്ഥാപനങ്ങൾക്കും വാങ്ങാനാകുക. ഇതിന് കൂടുതൽ വില നൽകേണ്ടി വരും. വിലയിൽ ഉടൻ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.

18 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ നൽകാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയതോടെ മെയ് ഒന്നുമുതൽ വാക്സിന് വിതരണത്തിൽ സംസ്ഥാന സർക്കാരുകളും ചില മാനദണ്ഡങ്ങൾ ഏർപ്പെടുത്തേണ്ടി വരും. കോവിഡ് വ്യാപനം തീവ്രമായി തുടരുന്ന സാഹചര്യത്തിൽ ആവശ്യക്കാരുടെ എണ്ണവും വർധിക്കുന്ന സാഹചര്യമുണ്ടാകും. മുൻകൂട്ടി നിശ്ചയിച്ച തുകയ്ക്കാകും സംസ്ഥാന സർക്കാരുകൾ വാക്സിൻ നിർമ്മാതാക്കളിൽ നിന്ന് വാങ്ങാനാകുക. വാക്സിൻ സൗജന്യമായി നൽകണോ ജനങ്ങളിൽ നിന്ന് പണം ഈടാക്കണോ എന്നത് ഇതോടെ സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്തമായി മാറും.

എന്നാൽ മിക്ക സംസ്ഥാനങ്ങളും സൗജന്യമായി നൽകാൻ ബാധ്യസ്ഥരാകും. എല്ലാവർക്കും സൗജന്യമായി വാക്സിൻ വിതരണം ചെയ്യുമെന്ന് കേരള സർക്കാർ നേരത്തെ അറിയിച്ചിരുന്നു. കേരളത്തിൽ ഇനി അധികാരത്തിൽ എത്തുന്നവർക്കും ഈ നയം തുടരേണ്ടി വരും. മറ്റു സംസ്ഥാനങ്ങളും മെയ് ഒന്നിന് മുമ്പായി ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തേക്കും. എല്ലാവരും സൗജന്യമായി തന്നെ വാക്‌സിൻ നൽകുമെന്നാണ് വിലയിരുത്തൽ. ഇതോടെ കോവിഡ് വാക്‌സിന്റെ കാര്യത്തിൽ കേന്ദ്ര സർക്കാരിനെ സംസ്ഥാനങ്ങൾക്ക് കുറ്റം പറയാൻ കഴിയാതെ വരും.

ആരോഗ്യ പവർത്തകർ,കോവിഡ് മുന്നണി പോരാളികൾ, 45 വയസ്സിനു മുകളിലുള്ളവർ എന്നിവർക്കായി കേന്ദ്ര സർക്കാർ ഇപ്പോൾ നൽകി വരുന്ന സൗജന്യ വാക്സിനേഷൻ ഇനിയും തുടരുമെന്ന് അറിയിച്ചിട്ടുണ്ട്. ഇവർക്ക് നൽകുന്നതിനുള്ള വാക്സിൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് കൈമാറും. നിർമ്മാതാക്കൾ ഉത്പാദിപ്പിക്കുന്ന വാക്സിൻ ഡോസുകളുടെ 50 ശതമാനം കേന്ദ്ര സർക്കാരിനാണ് നൽകുക. കേന്ദ്ര സർക്കാർ ഇത് സംസ്ഥാനങ്ങളിലെ കോവിഡ് കേസുകൾക്ക് അനുസൃതമായി വിതരണം ചെയ്യുമെന്നാണ് അറിയിച്ചിട്ടുണ്ട്.

അതേ സമയം വാക്സിൻ പാഴാക്കുന്ന സംസ്ഥാനങ്ങൾക്ക് ക്വാട്ടയിൽ കുറവ് വരുത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. വാക്സിൻ പാഴാക്കുന്നതിൽ ഏറ്റവും കുറവ് കേരളമാണെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നത്.