ന്യൂഡൽഹി: വാക്സിൻ നയത്തിൽ മാറ്റം വരുത്തി കേന്ദ്രസർക്കാർ. ഇനിമുതൽ 18 മുതൽ 44 വയസുവരെയുള്ളവർക്ക് വാക്സിനേഷൻ കേന്ദ്രത്തിലെത്തി നേരിട്ട് രജിസ്റ്റർ ചെയ്യാം. സർക്കാർ വാക്സിൻ കേന്ദ്രങ്ങളിൽ മാത്രമേ ഇതിന് സൗകര്യമുണ്ടാകൂ. വാക്സിൻ പാഴാക്കുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നടപടി.

ഇതുവരെ ഓൺലൈൻ വഴി ബുക്ക് ചെയ്തവർക്ക് മാത്രമാണ് വാക്സിൻ ലഭിച്ചിരുന്നത്. ബുക്ക് ചെയ്യുമ്പോൾ അനുവദിക്കുന്ന ദിവസം വാക്സിനേഷൻ കേന്ദ്രത്തിൽ എത്തിയാണ് വാക്സിൻ സ്വീകരിച്ചത്. പുതുക്കിയ നിർദേശമനുസരിച്ച് രജിസ്റ്റർ ചെയ്ത് വരാതിരിക്കുന്നവരുടെ വാക്സിൻ നേരിട്ടെത്തുന്നവർക്ക് ലഭിക്കുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇന്റർനെറ്റ് സൗകര്യങ്ങൾ ലഭ്യമാകാത്തവരെ കൂടി കണക്കിലെടുത്താണ് നടപടി.

പതിനെട്ടിനും നാൽപ്പത്തിയഞ്ചിനും മധ്യേ പ്രായമുള്ളവരുടെ വാക്‌സിനേഷൻ വൈകുന്നുവെന്ന ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാരിന്റെ പുതിയ വാക്‌സിൻ നയം. സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിലവിലുള്ളതുപോലെ ഓൺലൈൻ രജിസ്ട്രേഷൻ വഴി മാത്രമായിരിക്കും നിലവിൽ വാക്സിൻ വിതരണം.

അതാത് സസ്ഥാനങ്ങളിലെ സാഹചര്യം അനുസരിച്ച് സംസ്ഥാന സർക്കാരുകൾ തീരുമാനിക്കുന്നത് അനുസരിച്ചാവും നേരിട്ടെത്തി രജിസ്റ്റർ ചെയ്യുന്നതിനുള്ള അനുമതിയെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു.

അതേസമയം, ഇന്ത്യയിൽ സ്പുടനിക് വാക്‌സിൻ ഉത്പാദിപ്പിക്കാൻ അനുമതിയായി. ആർഡിഐഎഫും പനാസിയ ബയോടെക്കും ചേർന്നാണ് ഉൽപ്പാദനം. പ്രതിവർഷം നൂറ് മില്യൺ ഡോസ് വാക്‌സിൻ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം.