ഇടുക്കി; നീണ്ട ഇടവേളയ്ക്കുശേഷം വിനോദസഞ്ചാരകേന്ദ്രമായ വാഗമണ്ണിൽ കാട്ടുപോത്തിറങ്ങി. ഇന്നലെ രാത്രി 8.30 തോടടുത്ത് ഈരാറ്റുപേട്ട -വാഗമൺ റോഡിൽ വഴിക്കടവ് ഫോറസ്റ്റ് ചെക്കിങ് സ്റ്റേഷനുസമീപമാണ് കാട്ടുപോത്തിനെ കണ്ടെത്തിയത്.

വഴിക്കടവ് സ്വദേശി നിതിൻ റോഡിൽക്കൂടി കാട്ടുപോത്ത് നടന്നുവരുന്ന ദൃശ്യം മൊബലിൽ പകർത്തുകയും വിവരം സുഹൃത്തുക്കളെയും വനംവകുപ്പധികൃതരെയും അറിയിക്കുകയുമായിരുന്നു. ഇതുവഴി വീട്ടിലേയ്ക്ക് വരും വഴിയാണ് കാറിന് മുന്നിൽ പൊടുന്നനെ കാട്ടുപോത്തിനെ കണ്ടതെന്നും കിട്ടിയ ചുരുങ്ങിയ സമയം കൊണ്ട് താൻ ദൃശ്യം മൊബൈലിൽ പകർത്തിയെന്നുമാണ് നിധിൻ അടുപ്പക്കാരോട് വ്യക്തമാക്കിയിട്ടുള്ളത്.

8 വർഷത്തിനുമുമ്പ് ഒരിക്കൽ ഈ മേഖലയിൽ കാട്ടുപോത്തിന്റെ സാന്നിദ്ധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഇതിനുശേഷം ഇന്നലെയാണ് ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിരിക്കുന്നതെന്നും വനംവകുപ്പധികൃതർ അറിയിച്ചു. വിവരമറിഞ്ഞയുടൻ സ്ഥലത്തെത്തിയ വനപാലക സംഘം പോത്തിനെ വഴിക്കടവ് കൂപ്പ് ഭാഗത്തേയ്ക്ക് ഓടിച്ചുവിടുകയായിരുന്നു. ഇതിന് താഴ്ഭാഗം റിസർവ്വ് വനഭൂമിയാണ്.

ഇവിടെ നിന്നാകാം പോത്ത് ഇവിടേയ്ക്കെത്തിയതെന്നാണ് അധികൃതരുടെ അനുമാനം. അപ്രതീക്ഷിതമായി കാട്ടുപോത്ത് മുന്നിൽപ്പെടാനിടയുണ്ടെന്നും അതിനാൽ വാഹനയാത്രക്കാർ കരുതലോടെ കടന്നുപോകണമെന്നുമാണ് നാട്ടുകാർ നൽകുന്ന മുന്നറിയിപ്പ്.കാട്ടുപോത്തിനെ കണ്ടെത്തിയതായുള്ള വിവരം പ്രചരിച്ചതോടെ മേഖലിയിൽ വാഹനയാത്രക്കാർ ഭീതിയിലാണ്.