ആലപ്പുഴ: കായലിന്റെയും കടലിന്റെയും കൗതുക കാഴ്ചകളൊരുക്കി ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തിനെയും കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തിനെയും ബന്ധിപ്പിച്ച് കായംകുളം കായലിനു കുറുകെ നിർമ്മിക്കുന്ന വലിയഴീക്കൽ പാലത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നു. പാലം സെപ്റ്റംബറിൽ ഗതാഗതത്തിനായി തുറന്നു കൊടുക്കും.

അവസാനഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി ഇരു വശങ്ങളിലേയും അപ്രോച്ച് റോഡുകളുടെ പ്രവർത്തനം പുരോഗമിക്കുകയാണ്. പെയിന്റിങ് അടക്കമുള്ള മിനുക്കുപണികളാണ് ഇനി തീരാനുള്ളത്. കാലാവസ്ഥ അനുകൂലമായാൽ ഈ പ്രവൃത്തികൾ വേഗത്തിലാക്കി പാലം ഗതാഗതത്തിനു തുറന്നു കൊടുക്കുമെന്ന് കഴിഞ്ഞദിവസം പാലത്തിന്റെ പുരോഗതി വിലയിരുത്തുന്നതിനായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ എംഎ‍ൽഎ.മാരായ രമേശ് ചെന്നിത്തല, യു.പ്രതിഭ എന്നിവർ പങ്കെടുത്ത യോഗത്തിൽ പാലത്തിന്റെ നിർമ്മാണം ഏറ്റെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി അറിയിച്ചിരുന്നു.

146 കോടി രൂപ വകയിരുത്തിയാണ് പാലത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നത്. കായംകുളം കായലിനു കുറുകെ 976 മീറ്റർ നീളത്തിൽ 29 സ്പാനുകളോടെ നിർമ്മിക്കുന്ന പാലത്തിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് പാലത്തിന്റെ മധ്യഭാഗത്ത് 110 മീറ്റർ നീളത്തിലുള്ള മൂന്ന് ബോ സ്ട്രിങ് ആർച്ചുകൾ. ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും നീളം കൂടിയ ബോ സ്ട്രിങ് ആർച്ചാണിത്. ഇംഗ്ലണ്ടിൽ നിന്നും എത്തിച്ച മാക്ക് അലോയ് ബാർ ഉപയോഗിച്ചാണ് പാലത്തിന്റെയും ആർച്ചിന്റെയും ഭാരം നിയന്ത്രിക്കുന്നത്. വലിയ മത്സ്യബന്ധന യാനങ്ങൾക്കും പാലത്തിനടിയിലൂടെ സുഖമായി കടന്നു പോകാൻ കഴിയും.

2016 മാർച്ചിൽ നിർമ്മാണം ആരംഭിച്ച പാലം തുറന്നു കൊടുക്കുമ്പോൾ വലിയ ടൂറിസം സാധ്യതകൾക്കാണ് വഴിയൊരുങ്ങുന്നത്. അഴീക്കൽ- വലിയഴീക്കൽ മത്സ്യബന്ധന തുറമുഖങ്ങളെ ബന്ധിപ്പിച്ച് കടലിനും കായംകുളം കായലിനും സമാന്തരമായുള്ള പാലം വിനോദ സഞ്ചാരികളെ ആകർഷിക്കും വിധത്തിൽ മനോഹരമായാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. പാലം പൂർത്തിയാകുന്നതോടെ വലിയഴീക്കൽ, അഴീക്കൽ ഗ്രാമങ്ങൾ വിനോദസഞ്ചാര മേഖലയിൽ ഇടംപിടിക്കും. പാലത്തിന്റെ മദ്ധ്യഭാഗത്ത് നിന്ന് നോക്കിയാൽ കടലിലെയും കായലിലേയും കൗതുക കാഴ്ചകൾ കാണാൻ സാധിക്കും. വലിയഴീക്കലിൽ നിന്ന് അഴീക്കൽ എത്തുന്നതിന് 28 കിലോമീറ്ററോളം ദൂരം ലാഭിക്കാനും സാധിക്കും. ദേശീയപാതയിൽ ഗതാഗത തടസമുണ്ടായാൽ തൃക്കുന്നപ്പുഴ- വലിയഴീക്കൽ തീരദേശ റോഡിലൂടെ ഇരു ജില്ലകളിലേക്കും പ്രവേശിക്കാനും പാലം തുറക്കുന്നതോടെ സാധിക്കും.