കോഴിക്കോട്: തിരക്കഥാകൃത്ത് റമീസ് മുഹമ്മദ് കണ്ടെത്തിയ വാരിയൻ കുന്നന്റെ ചിത്രം വ്യാജമാണെന്ന വ്യക്തമാക്കുന്ന നിരവധി തെളിവുകൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. റമീസിന് തന്നെ പലചോദ്യങ്ങൾക്കും ഉത്തരം നൽകാൻ ഇതുവരെ സാധിച്ചിട്ടില്ല. ഇപ്പോഴിതാ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാർഥ ചിത്രമെന്ന് അവകാശപ്പെട്ടു കൊണ്ടു ഒരു മാധ്യമ പ്രവർത്തകൻ രംഗത്തുവന്നിരിക്കുന്നു.

മാധ്യമപ്രവർത്തകൻ മുബാറക്ക് റാവുത്തറാണ് വാരിയംകുന്നത്ത് അഹമ്മദ് ഹാജിയുടെ യഥാർഥ ചിത്രമെന്ന വിധത്തിൽ ഒരു പത്രക്കട്ടിങ് പുറത്തുവിട്ടത്. ലണ്ടൻ ആസ്ഥാനമായ ഡെയ്ലി ന്യൂസ് 1921 സെപ്റ്റംബർ 29ന് പ്രസിദ്ധീകരിച്ച പത്രക്കട്ടിങ്ങിലുള്ള ചിത്രത്തിലുള്ളയാളാണ് യഥാർത്ഥ വാരിയൻ കുന്നൻ എന്ന് റാവുത്തർ പറഞ്ഞു. ബ്രട്ടീഷുകാർക്ക് ഏറ്റവുമധികം പ്രശ്നം സൃഷ്ടിച്ചിരുന്ന മാപ്പിള റിബൽ പ്രത്യേക തരം തൊപ്പിയണിഞ്ഞ നിലയിൽ എന്നാണ് പുതുതായി കണ്ടെത്തിയ ചിത്രത്തിന് താഴെ എഴുതിയിരിക്കുന്നത്.

'വാരിയൻ കുന്നന്റെ ചിത്രം ആണെന്ന് ഉറപ്പിക്കാൻ റമീസ് പറഞ്ഞ ന്യായീകരണങ്ങൾ വെച്ച് വാരിയൻ കുന്നന്റെ യഥാർത്ഥ ചിത്രം ഇതാകാനാണ് 100 ശതമാനം സാധ്യത. ഇന്ന് ജീവിച്ചിരിക്കുന്ന വാരിയൻ കുന്നത്ത് ഹാജറയുടെ മുഖവുമായി നേരത്തെ റമീസ് ഇറക്കിയ ചിത്രത്തിനേക്കാൾ സാമ്യത ഇതിനാണ്,' മുബാറക്ക് റാവുത്തർ പറഞ്ഞു.

അതേസമയം, കഴിഞ്ഞ ഒക്ടോബർ 29നാണ് വാരിയംകുന്നത്തിന്റെ യഥാർത്ഥ ചിത്രം ആലേഖനം ചെയ്തു എന്ന് അവകാശപ്പെട്ട് 'സുൽത്താൻ വാരിയംകുന്നൻ' എന്ന പുസ്തകം പ്രകാശനം ചെയ്തത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുട ജീവിതം ആസ്പദമാക്കി റമീസ് മുഹമ്മദ് രചിച്ച പുസ്തകത്തിന് വൻ പ്രചാരമായിരുന്നു ലഭിച്ചിരുന്നത്.

പത്ത് വർഷത്തോളം നീണ്ട ഗവേഷണങ്ങളിലൂടെ റിസർച്ച് ടീം കണ്ടെടുത്ത വിവരങ്ങളും രേഖകളും അടങ്ങുന്നതാണ് പുസ്തകമെന്ന് റമീസ് മുഹമ്മദ് അവകാശപ്പെട്ടിരുന്നു 1921ൽ നടന്ന യുദ്ധത്തിന്റെയടക്കമുള്ള അപൂർവമായ ഫോട്ടോകളും വാരിയംകുന്നത്തിന്റെ യഥാർത്ഥ ചിത്രവും ഫ്രഞ്ച് ആർക്കൈവ്‌സുകളിൽ നിന്നും കണ്ടെത്തിയതാണെന്നും റമീസ് അവകാശപ്പെട്ടിരുന്നു. എന്നാൽ, ഈ അവകാശവാദങ്ങൾ ശരിവെക്കുന്ന വിവരങ്ങൾ നൽകാൻ റമീസിന് സാധിച്ചിരുന്നില്ല.