ന്യൂഡൽഹി: ബിജെപി എംപിയായ വരുൺ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചു. കടുത്ത രോഗലക്ഷണങ്ങളുണ്ടെന്നും അദ്ദേഹം രോഗവിവരം പങ്കുവെച്ച് ട്വിറ്ററിൽ കുറിച്ചു. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നതിൽ വരുൺ ഗാന്ധി ആശങ്ക രേഖപ്പെടുത്തി.

കോവിഡ് പശ്ചാത്തലത്തിൽ സ്ഥാനാർത്ഥികളുടെയും രാഷ്ട്രീയ പ്രവർത്തകരുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനായി മുൻ കരുതൽ വാക്‌സിൻ ഡോസുകൾ നൽകണമെന്ന് വരുൺ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞദിവസമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് സുരക്ഷിതമായി നടത്തുന്നതിന് കോവിഡ് നിർദേശങ്ങളും കമ്മീഷൻ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് വരുൺ ഗാന്ധിയുടെ എംപി വിവിധ ആവശ്യങ്ങളുന്നയിച്ച് രംഗത്തെിയത്.

'മൂന്നാംതരംഗത്തിന്റെയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെയും നടുവിലാണ് നമ്മളിപ്പോൾ. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്കും രാഷ്ട്രീയ പ്രവർത്തകർക്കും മുൻകരുതൽ ഡോസ് നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണം' -വരുൺ ഗാന്ധി കുറിച്ചു.