തിരുവനന്തപുരം: കീർത്തി സുരേഷും ടോവിനോയും നായിക നായകന്മാരാകുന്ന ചിത്രം വാശി തുടങ്ങി. ചിത്രത്തിന്റെ പ്രഖ്യാപനം നടന്നിട്ട് കുറച്ച് നാളുകളായെങ്കിലും അനിശ്ചിതത്വങ്ങൾ നീങ്ങി സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയാണ്.പൂജ ചടങ്ങുകളോടെ ചിത്രത്തിന് തുടക്കമായതായി ടൊവിനൊ തോമസ് തന്നെയാണ് അറിയിച്ചത്.

രേവതി കലാമന്ദിർ നിർമ്മിക്കുന്ന ചിത്രം നടൻ എന്ന നിലയിലും ശ്രദ്ധേയനായ വിഷ്ണു ജി രാഘവാണ് സംവിധാനം ചെയ്യുന്നത്.അച്ഛൻ നിർമ്മിക്കുന്ന സിനിമയിൽ മകൾ കീർത്തി സുരേഷ് ആദ്യമായി നായികയാകുകയാണ് വാശിയിലൂടെ.

ചിത്രത്തിന്റെ എഡിറ്റിങ് മഹേഷ് നാരായണൻ ആണ്. വിനായക് ശശികുമാർ ചിത്രത്തിന്റെ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നു. കൈലാസ് മേനോൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. മേനക സുരേഷ്, രേവതി സുരേഷ് എന്നിവർ സഹനിർമ്മാണവും നിർവഹിക്കുന്നു.

പുത്തൻ പ്രതീക്ഷകളോടെ ചിത്രം തുടങ്ങിയിരിക്കുകയാണ് എന്നാണ് ടൊവിനൊ തോമസ് അറിയിച്ചിരിക്കുന്നത്. അനു മോഹനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. റോബി വർഗ്ഗീസ് രാജാണ് ഛായാഗ്രാഹണം നിർവഹിക്കുന്നത്. വാശി എന്ന ചിത്രത്തിന്റെ പ്രമേയം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.