ന്യൂഡൽഹി: പെട്രോളിനും ഡീസലിനും കേന്ദ്ര സർക്കാർ എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ വാറ്റിൽ ഇളവുകൾ പ്രഖ്യാപിച്ച് സംസ്ഥാനങ്ങളും. അരുണാചൽ പ്രദേശും മധ്യപ്രദേശുമാണ് ഏറ്റവും ഒടുവിലായി വാറ്റിൽ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.

അരുണാചലിൽ പെട്രോളിന്റെ വാറ്റ് 20 ശതമാനത്തിൽ നിന്ന് 14.5 ശതമാനമായും ഡീസലിന്റെ വാറ്റ് 12.5 ശതമാനത്തിൽ നിന്ന് ഏഴ് ശതമാനമായുമാണ് കുറച്ചത്. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ നൽകുന്ന നികുതി ഇളവുകളോടെ പെട്രോളിന് ലിറ്ററിന് 10.20 രൂപയുടേയും ഡീസലിന് 15.22 രൂപയുടേയും കുറവ് ഉപഭോക്താക്കൾക്ക് ലഭിക്കുമെന്ന് അരുണാചൽ മുഖ്യമന്ത്രി പേമഖണ്ഡു പറഞ്ഞു.

നിരക്കിളവ് സംസ്ഥാനത്ത് ഇന്ന് അർദ്ധരാത്രി മുതൽ പെട്രോളിന് ലിറ്ററിന് 91.87 രൂപയും ഡീസലിന് 79.83 രൂപയും ആയിരിക്കുമെന്നും അരുണാചൽ മുഖ്യമന്ത്രി വ്യക്തമാക്കി.

മധ്യപ്രദേശിൽ പെട്രോളിനും ഡീസലിനും ഏർപ്പെടുത്തിയിരുന്ന വാറ്റിന്റെ നാല് ശതമാനം കുറയുമെന്നാണ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാൻ അറിയിച്ചിരിക്കുന്നത്. എക്സൈസ് തീരുവയിൽ കേന്ദ്രം ഇളവ് പ്രഖ്യാപിച്ചതിന് ശേഷം വാറ്റ് കുറച്ചതിൽ ഭൂരിപക്ഷവും ബിജെപി-എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളാണ്.

വാറ്റ് കുറച്ച സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒഡീഷയിൽ മാത്രമാണ് എൻഡിഎ ഇതര ഭരണമുള്ളത്. പെട്രോളിനും ഡീസലിനും മൂന്ന് രൂപ വീതമാണ് ഒഡീഷ സർക്കാർ കുറച്ചിട്ടുള്ളത്.