കോട്ടയം: വീണ്ടും പാമ്പിൻ വഷത്തെ വാവ്ാ സുരേഷ് അതിജീവിക്കുമെന്നാണ് പുറത്തു വരുന്ന ശുഭസൂചനകൾ. വാവയുടെ കാലുകൾ ചലിച്ചു തുടങ്ങിയെന്ന് മന്ത്രി വാസവൻ മറുനാടനോട് പറഞ്ഞു. താൻ പേരു വിളിച്ചപ്പോൾ വാവ പ്രതികരിക്കുകയും ചെയ്‌തെന്ന് മന്ത്രി പറയുന്നു. ഇത് മലയാളിയുടെ പ്രാർത്ഥനകൾ ഫലം കാണുന്നതിന്റെ സൂചനയാണ്.

വാവ സുരേഷിന്റെ ആരോഗ്യ നില മെച്ചപ്പെട്ടു. മെഡിക്കൽ ബോർഡും പുരോഗതിയുണ്ടെന്നാണ് വിലയിരുത്തുന്നത്. ഇന്നലെ ചലനമറ്റ നിലയിലായിരുന്നു. ഇന്ന് അവയവങ്ങൾ എല്ലാം പ്രവർത്തിക്കുന്നു. ഹൃദയവും സാധാരണ നിലയിലാകും. തലച്ചോറിലുള്ള രക്തപ്രവാഹം പഴയതു പോലെ ആകുമെന്നാണ് പ്രതീക്ഷ. ഈ സാഹചര്യത്തിലാണ് വാവയെ വെന്റിലേറ്ററിൽ ചികിൽസിക്കുന്ന-മന്ത്രി മറുനാടനോട് പറഞ്ഞു. പ്രത്യേക ടീമിന്റെ നിരീക്ഷണത്തിലാണ് വാവ സുരേഷ്.

വാവ സുരേഷ് അപകടനില തരണം ചെയ്തെന്നും ആരോ?ഗ്യനില പ്രതീക്ഷ നൽകുന്നുണ്ടെന്നും മന്ത്രി വി എൻ വാസവനും പറയുന്നു. ജീവൻ രക്ഷിക്കാൻ എല്ലാ ശ്രമങ്ങളും നടക്കുകയാണ്. വാവ സുരേഷിന് ഇതുവരെ സംഭവിച്ചതിൽ വച്ച് ഏറ്റവും അപകടകരമായ കടിയാണ് ഏറ്റിരിക്കുന്നത്. ഇന്ന് ആധുനിക വൈദ്യശാസ്ത്രത്തിന് ലഭ്യമാക്കാൻ കഴിയുന്ന എല്ലാവിധ ചികിത്സകളും കോട്ടയം മെഡിക്കൽ കോളേജിൽ വാവസുരേഷിന് നൽകുന്നുണ്ടെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു.

മൂർഖന്റെ കടിയേറ്റാൽ വിഷം ഏൽക്കുന്നത് ഞരമ്പുകളെയും നാഡീവ്യൂഹത്തെയുമാണ്. കടിയേറ്റെന്ന് സംശയം ഉണ്ടായാൽപോലും ഉടൻ വൈദ്യസഹായം തേടിയില്ലെങ്കിൽ മരണകാരണമാകും. വിഷം ഞരമ്പുകളെയും നാഡീവ്യൂഹത്തെയും ബാധിച്ചാൽ ശ്വാസതടസ്സം, ഹൃദയത്തിന്റെ പ്രവർത്തനം നിലയ്ക്കൽ തുടങ്ങി ഗുരുതരമായ പ്രശ്നങ്ങളാണുണ്ടാകുക.വിഷം ശരീരത്തിലേറ്റാൽ ആദ്യം പ്രവർത്തിക്കുക കൺപോളകളിലാണ്. ഇതിനാലാണ് മുൻകാലത്ത് പാമ്പു കടിയേറ്റാൽ രോഗി ഉറങ്ങാൻ പാടില്ല എന്ന് പറഞ്ഞിരുന്നത്. വാവയ്ക്ക് മാരക കടിയാണ് ഏറ്റതെന്നതാണ് വസ്തുത. ഇതിനെയാണ് വാവ അതിജീവിക്കുന്നത്.

പാമ്പുകൾ സാധാരണയായി കൈയിലും കാലിലുമാണ് കടിക്കാറുള്ളത്. പക്ഷേ കഴിഞ്ഞ ദിവസം കോട്ടയത്ത് വച്ച് വാവാ സുരേഷിന്റെ തുടയിലാണ് പാമ്പ് കടിച്ചത്. കടിയേറ്റത് തുടയിലായതിനാൽ വിഷം അധിവേഗം തലച്ചോറിലെത്താനുള്ള സാധ്യതയും കൂടുതലാണ്. അതോടൊപ്പം തന്നെ ഉഗ്ര വിഷമുള്ള പാമ്പ് ഒരു വ്യക്തിയെ കടിച്ചാൽ അയാൾ കഴിയുന്നതിലും വേഗം ചികിൽസ തേടേണ്ടതും ആവശ്യമാണ്. എന്നാൽ കടിയേറ്റ ശേഷവും ആ പാമ്പിനെ പിടികൂടാനായി അവിടെ കൂടുതൽ സമയം ചെലവഴിച്ചത് അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയെ മോശമായി ബാധിച്ചതായും വിദഗ്ദ ഡോക്ടർമാർ അഭിപ്രായപ്പെട്ടു.

വാവ സുരേഷിനെ കടിച്ചത് ഒരാഴ്ചയോളമായി പ്രദേശത്തെ വിറപ്പിച്ച മൂർഖനാണ്. യൂത്ത് കോൺഗ്രസ് കുറിച്ചി മണ്ഡലം പ്രസിഡന്റ് കരിനാട്ടുകവല പാട്ടാശേരിയിൽ വാണിയപ്പുരയ്ക്കൽ വി.ജെ. നിജുമോന്റെ വീട്ടുവളപ്പിൽ കൂട്ടിയിട്ട കരിങ്കല്ലുകൾക്കിടയിലാണ് പാമ്പിനെ കണ്ടത്. വാവ സുരേഷ് എത്താൻ വൈകുമെന്ന് അറിഞ്ഞതോടെ വീട്ടുകാർ വല കൊണ്ട് പാമ്പിനെ പിടിക്കാൻ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. തുടർന്ന് കരിങ്കല്ലു കൂട്ടം വല കൊണ്ട് മൂടിയിട്ടു. സുരേഷ് ഇന്നലെ എത്തിയെങ്കിലും അപകടത്തിൽ പരുക്കേറ്റതിനെത്തുടർന്ന് നടുവേദന ഉള്ളതിനാൽ കല്ലും മറ്റും നാട്ടുകാരാണ് മാറ്റിയത്. അവസാനത്തെ കല്ല് ഇളക്കിയതോടെ പാമ്പിനെ കണ്ടു. ഉടനെ സുരേഷ് പാമ്പിനെ പിടികൂടി. പാമ്പ് നാലു തവണ ചാക്കിൽ നിന്നു പുറത്തു ചാടി. അഞ്ചാം തവണ സുരേഷ് കാല് ചാക്കിനടുത്തേക്കു നീക്കിവച്ച് പാമ്പിനെ കയറ്റാൻ ശ്രമിച്ചപ്പോഴാണ് കടിയേറ്റത്.

സുരേഷിന്റെ കയ്യിൽ നിന്നു പിടിവിട്ടതോടെ പാമ്പ് വീണ്ടും ഇളക്കിയിട്ട കരിങ്കല്ലിന്റെ ഇടയിൽ ഒളിച്ചു. സുരേഷ് വീണ്ടുമെത്തി കരിങ്കല്ല് നീക്കി പാമ്പിനെ പിടിച്ചു കാർഡ്‌ബോർഡ് ബോക്‌സിലാക്കി സ്വന്തം കാറിൽ കൊണ്ടു വച്ചു. പിന്നെ സ്വയം പ്രഥമശുശ്രൂഷ ചെയ്തു. കാലിൽ കടിയേറ്റ ഭാഗം വെള്ളം കൊണ്ടു കഴുകി. രക്തം ഞെക്കികകളഞ്ഞു. തുണി കൊണ്ട് മുറിവായ കെട്ടി. സുരേഷിന്റെ കാറിൽത്തന്നെയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഡ്രൈവർക്ക് ആശുപത്രിയിലേക്കുള്ള വഴി പരിചയമില്ലാത്തതിനാൽ ഇടയ്ക്ക് നിജുവിന്റെ കാറിലേക്കു സുരേഷിനെ കയറ്റി. യാത്രയ്ക്കിടെ സുരേഷ് സംസാരിച്ചിരുന്നതായി നിജു പറഞ്ഞു. എന്നാൽ, ചിങ്ങവനത്ത് എത്തിയപ്പോൾ തല കറങ്ങുന്നതായി പറഞ്ഞു. നാട്ടകം സിമന്റ് കവലയെത്തിയോടെ ഛർദിച്ച് അവശ നിലയിലായി.

സുരേഷിനെ പാമ്പു കടിക്കുന്നതു കണ്ടു നിന്ന നാട്ടുകാരനായ ആൾ സംഭവസ്ഥലത്ത് തലകറങ്ങി വീണു. വീഴ്ചയിൽ തലയ്ക്ക് പരുക്കേറ്റയാളെ കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ വാവ സുരേഷിന്റെ ചികിത്സ സംബന്ധിച്ച് ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ട് വിവരങ്ങൾ ആരാഞ്ഞു.