തിരുവനന്തപുരം: സർക്കാർ പുറത്തുവിട്ട സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആറിന് എതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഡിപിആർ രഹസ്യ രേഖയെന്ന് പറഞ്ഞ് സർക്കാർ കബളിപ്പിച്ചു. പദ്ധതിയുടെ നിർമ്മാണത്തിന് ആവശ്യമായ എത്ര ടൺ കല്ലും മണ്ണും പ്രകൃതി വിഭവങ്ങളും വേണമെന്ന് ഡിപിആറിലുണ്ടോ? തട്ടിക്കൂട്ടിയ ഡിപിആർ ആണിത്-സതീശൻ പറഞ്ഞു.

ശാസ്ത്രീയ പഠനത്തിന് അടിസ്ഥാനമാക്കിയല്ല ഡിപിആർ തയ്യാറാക്കിയിട്ടുള്ളത്. അവകാശ ലംഘന നോട്ടീസ് വന്നപ്പോഴാണ് സർക്കാർ ഡിപിആർ പുറത്തുവിട്ടത്. കൃത്യമായ സർവെപോലും നടത്തിയിട്ടില്ല. പാരിസ്ഥിതിക, സാമൂഹിക ആഘാത പഠനം നടത്താതെ എങ്ങനെ ഡിപിആർ ഉണ്ടാക്കും? ജപ്പാനിൽ നിന്ന് ലോൺ വാങ്ങാനുള്ള തന്ത്രം മാത്രമാണ് ഇപ്പോഴത്തെ ഡിപിആർ എന്നും വി ഡി സതീശൻ പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് ഡിപിആറിൽ മറുപടിയില്ലെന്നും സതീശൻ പറഞ്ഞു.

സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആർ സർക്കാർ നിയമസഭയുടെ വെബ്‌സൈറ്റിലാണ് പ്രസിദ്ധീകരിച്ചത്. പരിസ്ഥിതി ആഘാത പഠന റിപ്പോർട്ടും ഡിപിആറിൽ ഉണ്ട്. തിരുവനന്തപുരത്തെ സെന്റർ ഫോർ എൻവയോൺമെന്റ് ആൻഡ് ഡെവലെപ്മെന്റ് ആണ് ഈ പരിസ്ഥിതി ആഘാത പഠനം നടത്തിയത്. സ്റ്റേഷനുകളുടെ രൂപരേഖയും ഡി.പി.ആറിലുണ്ട്.

ട്രാഫിക് സർവേ, ജിയോ ടെക്നിക്കൽ ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട്, ടോപ്പോഗ്രാഫിക് സർവേ എന്നിവയും ഡി.പി.ആറിന്റെ ഭാഗമാണ്. പൊളിച്ചു മാറ്റേണ്ട മുഴുവൻ കെട്ടിടങ്ങളുടെയും പട്ടിക ഡിപിആറിലുണ്ട്. സ്റ്റാൻഡേർഡ് ഗേഡ് സംവിധാനം രാജ്യാന്തര മാനദണ്ഡപ്രകാരം എന്ന് രേഖയിൽ വിശദീകരിക്കുന്നു.

ഡിപിആർ പുറത്തുവിടാത്തതിന് എതിരെ മുഖ്യമന്ത്രിക്ക് എതിരെ അവകാശ ലംഘന പരാതി ഉണ്ടായിരുന്നു. അൻവർ സാദത്താണ് പരാതി നൽകിയിരുന്നത്. ഇത് കണക്കിലെടുത്താണ് ഡിപിആർ ഇപ്പോൾ പുറത്തുവിട്ടത്.

ആറ് വാള്യങ്ങളിലായി 3776 പേജുള്ള ഡിപിആറിൽ പദ്ധതിക്കായി പൊളിക്കേണ്ട കെട്ടിടങ്ങളുടെ എണ്ണവും നഷ്ടമാകുന്ന സസ്യജാലത്തിന്റെ വിശദമായ വിവരങ്ങളുമുണ്ട്. പൊളിക്കേണ്ട ആരാധനാലയങ്ങളുടെ ചിത്രമടക്കം ഡിപിആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിയമസഭയുടെ വെബ്‌സൈറ്റിൽ ഡിപിആർ അപ്ലോഡ് ചെയ്തിട്ടുണ്ട്. ഓരോ മേഖലയായി തരംതിരിച്ചുകൊണ്ടാണ് ഡിപിആർ തയ്യാറാക്കിയിരിക്കുന്നത്. 2025ൽ നിർമ്മാണം പൂർത്തിയാകും.