കൊച്ചി: മീ ടു ആരോപണത്തിൽ മാപ്പ് പറഞ്ഞാൽ എല്ലാം തീരുമോ? മലയാളി റാപ്പർ ഹിരൺ ദാസ് മുരളിക്കെതിരെ( വേടൻ) ഉയർന്ന മീ ടു ആരോപണമാണ് സോഷ്യൽ മീഡിയയിലെ സജീവ ചർച്ചാവിഷയം. സംവിധായകൻ മുഹ്സിൻ പരാരിയുടെ 'ഫ്രം എ നേറ്റീവ് ഡോട്ടർ' എന്ന സംഗീത ആൽബത്തിൽ പ്രവർത്തിക്കവേയാണ് വേടനെതിരെ ലൈംഗിക ആരോപണം ഉയർന്നത്. സംഗീത ആൽബത്തിന്റെ നിർമ്മാണം മുഹ്‌സിൻ പരാരി നിർത്തി വയ്ക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ വേടൻ മാപ്പ് പറഞ്ഞുകൊണ്ടുള്ളൊരു പോസ്റ്റ് ഇൻസ്റ്റഗ്രാമിൽ ഇട്ടു. നടി പാർവതി തിരുവോത്ത് ഉൾപ്പടെ നിരവധി പേർ ഈ പോസ്റ്റ് ലൈക്ക് ചെയ്തിട്ടുണ്ട്. ഇതോടെ പാർവതിക്കെതിരെ വിമർശനവുമായി നിരവധി പേരെത്തി.

'ആരോപണത്തിൽ വേടൻ സാർ മാപ്പ് പറഞ്ഞു. വിശാല മനസ്‌കയായ ആശാത്തി പാർവതി തിരുവോത്ത് മാപ്പ് പറഞ്ഞ വേടൻ ഗോപാലകൃഷ്ണനോട് ലൈക്കടിച്ച് ക്ഷമിച്ചിരിക്കുന്നു. അച്ചോടാ!വൈരമുത്തുവിന് ഒ എൻ വി പുരസ്‌കാരം ലഭിക്കാതിരിക്കാൻ പോസ്റ്റോട് പോസ്റ്റ് ഇട്ട മിഷ്ടർ പാർവതി തിരുവോത്ത് താങ്കളെ ഞങ്ങൾക്ക് മനസിലാകുന്നില്ലെന്നാണ്' ഒരാൾ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.

തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെ മുൻപ് 17 സ്ത്രീകൾ ലൈംഗിക ആരോപണം ഉന്നയിച്ചിരുന്നു. ഇതിനുപിന്നാലെ വൈരമുത്തുവിന് ഒ എൻ വി കുറിപ്പിന്റെ പേരിലുള്ള അവാർഡ് നൽകിയതിനെതിരെ പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ ഉൾപ്പടെയുള്ളവർ രംഗത്തെത്തിയിരുന്നു.

നടി രേവതി സമ്പത്തും പാർവതിക്കെതിരെ പോസ്റ്റിട്ടു പാർവതിയുടെ പ്രവൃത്തി തീർത്തും നിരാശ ജനകമാണ്. വേടൻ ഒരു ക്രിമിനലാണ്, അത് നിങ്ങൾ മറന്നു പോകുന്നു. ഇതാണോ നടിയുടെ രാഷ്ട്രീയമെന്ന് രേവതി സമ്പത്ത് ചോദിക്കുന്നു. പാർവതി ചെയ്ത ലൈക്ക് കേവലമൊരു ചോയിസ് എന്നതിനപ്പുറം ഒരു സോഷ്യൽ ഇഷ്യൂ ആണ് അതിനപ്പുറം ഒരു ക്രൈം ഗ്ലോറിഫിക്കേഷനാണ് എന്നും രേവതി സമ്പത്ത് പറഞ്ഞു. ഫേസ്‌ബുക്കിലൂടെയാണ് രേവതിയുടെ പ്രതികരണം.

രേവതി സമ്പത്തിന്റെ വാക്കുകൾ:

വളരെ നിരാശപ്പെടുത്തുന്ന ഒരു പ്രവർത്തിയാണ് ഹിരൺദാസ് മുരളി /വേടന്റെ പ്രഹസന മാപ്പ് പറച്ചിൽ പോസ്റ്റിൽ കണ്ട പാർവതിയുടെ ലൈക്ക്. പാർവതി മാത്രം അല്ല ആരൊക്കെ അതിനെ ആഘോഷിക്കുന്നു, അവരൊക്കെയും ഇതാണോ പാർവതി നിങ്ങളുടെ രാഷ്ട്രീയം? ഇത് ക്രൂരതയാണ്. നീതിയുടെ മുഖത്ത് നോക്കി തുപ്പുന്നതിന് തുല്യമാണ്. ഹിരൺദാസ് മുരളി /വേടൻ ഒരു ക്രിമിനൽ ആണ്. എന്ത്‌കൊണ്ട് ഇവരൊക്കെ അത് മറന്നുപോകുന്നു.

അതോ, ചിലയിടങ്ങളിൽ മാത്രമേ ഇതൊക്കെ ബാധകം ആകുന്നുള്ളുവോ?സമത്വത്തിന് വേണ്ടി ശബ്ദം ഉയർത്തുന്ന പാർവതി ഈ വിഷയത്തിൽ കാണിച്ച അസമത്വം പരിശോധിക്കണം.സെക്ഷ്വൽ അബ്യൂസ്സ് കാറ്റഗറിസ് ചെയ്യാൻ ശ്രമിക്കരുത്. പീഡനം പീഡനം തന്നെ ആണ്. ഒരു മനുഷ്യൻ എന്ന നിലയിൽ വേടന്റെ മാപ്പ് പ്രഹസനത്തെ തോളിൽ കയറ്റി വെക്കുന്നതിൽ നിന്നും മാറി നിൽക്കേണ്ട ഉത്തരവാദിത്വം നമുക്കെല്ലാവർക്കുമുണ്ട്. ഈ ലൈക്ക് കേവലമൊരു ചോയിസ് എന്നതിനപ്പുറം ഒരു സോഷ്യൽ ഇഷ്യൂ ആണ് അതിനപ്പുറം ഒരു ക്രൈം ഗ്ലോറിഫിക്കേഷനാണ്. നിങ്ങളുടെ ലൈക്കിൽ നീതിയുടെ തിരിച്ചുള്ള അൺലൈക്കുകൾ മാത്രമേ കാണാനാകുള്ളൂ. ഇത് തെറ്റ്.

തന്റെ പെരുമാറ്റത്തിൽ നിന്ന് സ്ത്രീകളോട് സംഭവിച്ച പിഴവുകളിൽ ഖേദിക്കുന്നു എന്നായിരുന്നു വേടന്റെ മാപ്പപേക്ഷ പോസ്റ്റ്. എല്ലാ വിമർശനങ്ങളും ഉൾക്കൊള്ളുകയും അതിന് ആത്മാർത്ഥമായി മാപ്പ് ചോദിക്കുകയും ചെയ്യുന്നു എന്നാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ വേടൻ പറഞ്ഞത്

പ്രശസ്ത ഗായികയായ ചിന്മയിയും ''എൻജോയ് എൻജാമി'യിലൂടെ സുപരിചിതനായ അറിവുമാണ് മ്യൂസിക് ആൽബത്തിലെ മറ്റ് പ്രധാന ഗായകർ. മുഹ്സിൻ പരാരിയുടെ നേറ്റീവ് ബാപ്പ (2013), ഫ്യൂണറൽ ഓഫ് എ നേറ്റീവ് സൺ (2016) എന്നീ മൂസിക് വീഡിയോ സീരീസിലെ മൂന്നാമത്തെ മ്യൂസിക് വീഡിയോയാണ് ''ഫ്രം എ നേറ്റീവ് ഡോട്ടർ''.