തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് മൂന്നാം തരംഗം അതിതീവ്രമെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. മുന്നറിയിപ്പുകൾ അവഗണിച്ചാൽ സ്ഥിതി വഷളാവുമെന്നും മന്ത്രി വ്യക്തമാക്കി. കോവിഡ് പ്രതിരോധത്തിന് രാഷ്ട്രീയ കക്ഷി ഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും വീണാ ജോർജ് വാർത്താസമ്മേളനത്തിൽ അഭ്യർത്ഥിച്ചു.

കഴിഞ്ഞ രണ്ടു തരംഗം ഉണ്ടായപ്പോഴും പീക്ക് താമസിപ്പിക്കുന്ന രീതിയാണ് അവലംബിച്ചത്. നിലവിൽ ഡെൽറ്റ വകഭേദം പടർന്നതുവഴി ഉണ്ടായ രണ്ടാം കോവിഡ് തരംഗം പൂർണമായി അവസാനിക്കുന്നതിന് മുൻപാണ് മൂന്നാം തരംഗം ഉണ്ടായത്. ഇപ്പോൾ സംസ്ഥാനത്ത് ഡെൽറ്റയും ഒമൈക്രോണും പടരുന്നതായി വീണാ ജോർജ് പറഞ്ഞു.

ഡെൽറ്റയെ അപേക്ഷിച്ച് ഒമൈക്രോണിന് വ്യാപനശേഷി കൂടുതലാണ്. എന്നാൽ തീവ്രത കുറവാണ്. അതിനാൽ ഒമൈക്രോണിനെ അവഗണിക്കാം എന്ന് കരുതരുത്. ഓമിക്രോൺ വന്നുപോകട്ടെ എന്ന് ചിന്തിക്കുന്നതും തെറ്റാണ്. ഓമിക്രോൺ നാചുറൽ വാക്സിനേഷനാണ് എന്ന തരത്തിലെല്ലാം വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഇത്തരം പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണ്. തെറ്റായ പ്രചാരണം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും വീണാ ജോർജ് മുന്നറിയിപ്പ് നൽകി.

കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങൾ ഒമൈക്രോണിലും കണ്ടുവരുന്നുണ്ട്. പനി, ചുമ തുടങ്ങിയ രോഗലക്ഷണങ്ങളാണ് പൊതുവായി കണ്ടുവരുന്നത്. മറ്റു രോഗലക്ഷണങ്ങൾ കാണിക്കുന്നതിനിടെ, മണവും രുചിയും കിട്ടുന്നുണ്ട് എന്ന് കരുതി കോവിഡില്ല എന്ന് ഉറപ്പാക്കരുത്. ഓമിക്രോൺ ബാധിച്ചവരിൽ പലർക്കും മണവും രുചിയും നഷ്ടപ്പെടുന്നില്ല. കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിക്കാൻ എല്ലാവരും തയ്യാറാവണം. എൻ 95 മാസ്‌ക്, അല്ലെങ്കിൽ ഡബിൾ മാസ്‌ക് നിർബന്ധമായി ധരിക്കണമെന്നും വീണാ ജോർജ് പറഞ്ഞു.

ഡെൽറ്റയെ അപേക്ഷിച്ച് അഞ്ചിരട്ടി വ്യാപനശേഷിയാണ് ഒമൈക്രോണിന്. കഴിഞ്ഞവർഷം ഏപ്രിൽ- മെയ് മാസങ്ങളിലാണ് സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം തീവ്രമായത്. അന്ന് ആർ ഫാക്ടർ മൂന്നിൽ താഴെയായിരുന്നു. ഇപ്പോൾ മൂന്നിന് മുകളിലാണ്. അതിനാൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും വീണാ ജോർജ് പറഞ്ഞു.